കത്തിയ ഊര് പത്തിയൂരായ കഥ
text_fieldsകായംകുളം: ഐതിഹ്യവും ചരിത്രവും ചേർന്നുകിടക്കുന്ന 'പത്തിയൂരിനു'മുണ്ട് ഒരു കഥ പറയാൻ. ഖാണ്ഡവദഹന കാലത്ത് 'കത്തിയ ഉർ കത്തിയൂരും' പിന്നീടത് പത്തിയൂരുമായെന്നാണ് ഐതിഹ്യം. പത്തി അഥവാ സേനാഘടകം പാർത്തിരുന്നിടം പത്തിയൂരായി മാറിയതെന്നാണ് രാജഭരണകാലത്തിെൻറ ചരിത്രശേഷിപ്പുകളോട് ചേർത്തുപറയുന്നത്. സേനയെ പരിശീലിപ്പിക്കാൻ അമ്പലപ്പുഴയിൽനിന്ന് കൊണ്ടുവന്ന മാത്തൂർ പണിക്കർമാർക്ക് കരം ഒഴിവായി കിട്ടിയ സ്ഥലത്തിെൻറ സാമീപ്യമാണ് ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നത്.
ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയുടെ ഭാഗമായ പത്തിയൂരിന് കായംകുളം രാജ്യചരിത്രത്തിൽ നിർണായക ഇടമാണ്. ഇതിനാൽ പത്തിയൂരിലെ ഇതരസ്ഥല നാമങ്ങളും രാജഭരണകാലത്തോട് ചേർന്നുനിൽക്കുന്നവയാണ്. അക്കാലത്ത് കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലം കഴുവേറ്റുംകുഴിയും പിന്നീട് കരുവറ്റംകുഴിയുമായി മാറിയെന്നും പറയുന്നു. ഭടന്മാർ ആയുധാഭ്യാസം നടത്തിയിരുന്ന കളരികൾ നിലനിന്നതിെൻറ സ്മരണ ഉണർത്തുന്നതാണ് പ്രദേശത്തെ കളരിക്കൽ ക്ഷേത്രമെന്നും പറയുന്നു. കായംകുളം രാജാവിെൻറ ഒരു കൊട്ടാരം പത്തിയൂരിെൻറ ഭാഗമായ എരുവ കോയിക്കൽപടിയിലാണ് നിലനിന്നിരുന്നത്. കച്ചേരി പത്തിയൂരിലും പ്രവർത്തിച്ചിരുന്നു.
തിരുവിതാംകൂറിെൻറ ഉറക്കം കെടുത്തിയിരുന്ന കായംകുളം കൊച്ചുണ്ണിയുടെ ഒളിസേങ്കതങ്ങളായിരുന്ന കാട്ടുപ്രദേശങ്ങൾ പത്തിയൂരിലുണ്ടായിരുന്നു. പത്തിയൂര്‍ ഭഗവതിയുടെ ആറാട്ട് നടക്കുന്ന കുളത്തിെൻറ പേരിലുള്ള ആറാട്ടുകുളങ്ങരയും പ്രശസ്തമാണ്. ബുദ്ധമതവുമായി ചേർന്നുനിന്ന പ്രദേശമായിരുന്നെന്ന വാദത്തിന് അടിത്തറ പകരുന്ന തരത്തിലുള്ള സ്ഥലനാമങ്ങളും ഏറെയാണ്.പത്തിയൂർ പഞ്ചായത്തിലെ ചിത്തശ്ശേരിൽ ഭാഗമാണ് ഇതിന് തെളിവായി കാട്ടുന്നത്. ഒന്നിലധികം വീടുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. ചിത്തൻ, ശേരി എന്നീ രണ്ട് വാക്കുകളും ബുദ്ധമത ചരിത്രവുമായി ചേർന്നുനിൽക്കുന്നതാണത്രെ. ചിത്തൻ എന്നത് സിദ്ധാർഥനാണെന്നാണ് പറയുന്നത്. ശേരി എന്നത് ബൗദ്ധ കൂട്ടായ്മയും. ചിത്തശ്ശേരിക്ക് സമീപത്തെ പള്ളിപ്പുറത്തുശ്ശേരിയും പുതുശ്ശേരിയും ഇതിെൻറ അനുബന്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.