കായംകുളത്ത് വീണ്ടും സമരമുഖം തുറക്കുന്നു
text_fieldsകായംകുളം: മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ അനുകൂലമാക്കി ഉയരപ്പാത ആവശ്യം നേടിയെടുക്കാൻ നഗരത്തിൽ വീണ്ടും സമര മുഖം തുറക്കുന്നു. ഷഹീദാർ മസ്ജിദ് മുതൽ ചിറക്കടവം വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്നാണ് ആവശ്യം. നിലവിലെ രൂപരേഖയിലെ വികസനം നഗരത്തെ ഗതാഗതകുരുക്കുകളിലൂടെ ശ്വാസംമുട്ടിക്കുന്നതാണെന്നാണ് ആക്ഷേപം. ഏറെ വാഹന തിരക്കുള്ള നഗരത്തിന്റെ പ്രാധാന്യം വിലയിരുത്താതെയാണ് രൂപരേഖ തയ്യാറാക്കിയതെന്ന പരാതി ശക്തമായിരുന്നു. ഇതിലൂടെ നഗരത്തിന്റെ പടിഞ്ഞാറെ കരയിലുള്ള 15 ഓളം വാർഡുകാരും ദേവികുളങ്ങര, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ നഗരത്തിലേക്കുള്ള സുഗമമായ യാത്ര തടയപ്പെടും.
കൂടാതെ ബസുകളും ലോറികളും ഓട്ടോറിക്ഷകളുമായി നഗരം ചുറ്റിതിരിയുന്ന അനവധിയായ വാഹനങ്ങൾ നഗരത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിയും വരും. ഈ സാഹചര്യങ്ങളാണ് ഷഹീദാർ മസ്ജിദ് ഭാഗം മുതൽ ചിറക്കടവം വരെ തൂണുകളിലെ ഉയരപ്പാത എന്ന ആവശ്യം ഉയരാൻ കാരണം.തീരത്തോട് ചേർന്നുള്ള നഗരമെന്ന നിലയിലുള്ള പാരിസ്ഥിതിക ഘടനക്കും ഉയരപ്പാതയാണ് ശാസ്ത്രീയ പരിഹാരം.
ഇതിനായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നിർത്തിവെച്ച സമരമാണ് പുനരാരംഭിക്കുന്നത്. കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്രസർക്കാർ വിഷയം പഠിക്കുന്നതിന് ഉന്നതല സമിതിയെ നിയോഗിച്ച സാഹചര്യത്തിൽ അതോറിറ്റി സമയ പരിധി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് സമരസമിതി പറയുന്നു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ 10 ന് എൽ.ഐ.സിയിലേക്ക് ജനകീയ മാർച്ചും ധർണയും നടത്താനാണ് തീരുമാനം. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ധർണ്ണ ഉദ്ഘാടനം ചെയ്യും. തുടർന്ന് അടുത്ത മാസം ഒന്നിന് മനുഷ്യ മതിൽ സൃഷ്ടിക്കും. ഇതിന്റെ പ്രചാരണാർത്ഥം 25 മുതൽ പ്രാദേശികയോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ദിനേശ് ചന്ദന, കൗൺസിലർ എ.പി. ഷാജഹാൻ, ബി. ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, വി.എം. അമ്പിളി മോൻ, സിയാദ് മണ്ണാമുറി, മുബീർ എസ്. ഓടനാട്, ഹരിഹരൻ, ചന്ദ്രമോഹൻ, അനസ് ഇല്ലിക്കുളം, അഷറഫ് മാളിയേക്കൽ, നഹാസ്, റിയാസ് പുലരി, അനസ് റഹിം, സമീർ, കുഞ്ഞുമോൻ, അനിൽ, സജു മറിയം, നാസർ പടനിലത്ത്, താനത്ത് ജബ്ബാർ, അഷ്റഫ് പായിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.