കായംകുളം സെൻട്രൽ സ്വകാര്യബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിയിലേക്കോ?
text_fieldsകായംകുളം: നഗരവാസികളുടെ ചിരകാല സ്വപ്നമായ സെൻട്രൽ സ്വകാര്യ ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിക്കുന്നതായി സംശയം. ലിങ്ക് റോഡിലെ നിർദിഷ്ട സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ വൈകിക്കുന്നതാണ് കാരണം. നഗര വികസനത്തിന്റെ ഭാവി സ്വപ്നം കാണുന്നതിനപ്പുറം സ്വന്തംഭാവി സുരക്ഷിതമാക്കുന്നതിനുള്ള ചിലരുടെ താൽപര്യങ്ങളാണ് സ്റ്റാൻഡ് പദ്ധതി അട്ടിമറിയിലേക്ക് എത്തിച്ചതെന്നാണ് ആക്ഷേപം. മൂന്ന് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ പദ്ധതിക്ക് ഇന്നും ഒച്ചിഴയുന്ന വേഗം പോലുമില്ലായെന്നതാണ് ശ്രദ്ധേയം.
നഗരസഭയും സ്ഥലം ഉടമയും തമ്മിലെ ധാരണാപ്രകാരമുള്ള 35 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികളില്ലാത്തത് സംശയങ്ങൾക്കിടയാക്കുകയാണ്. സ്റ്റാൻഡിനായി നഗരമധ്യത്തിൽ 1.80 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് തുടക്കത്തിൽ ലക്ഷ്യമിട്ടത്. ബജറ്റുകളിലും മാസ്റ്റർ പ്ലാനിലും ഇടംപിടിച്ച പദ്ധതി പിന്നീട് റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാൽ തകിടം മറിയുകയായിരുന്നു. ബജറ്റിലടക്കം ഉൾപ്പെട്ടതിന് ശേഷം ഇപ്പോഴത്തെ ഉടമ സ്ഥലം വിലക്ക് വാങ്ങിയതോടെയാണ് ഭരണ-പ്രതിപക്ഷ നിരയിലെ ചില നേതാക്കളുടെ നയംമാറ്റം പ്രകടമാകുന്നത്. 2005 ൽ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലം ഏറ്റെടുപ്പ് ബജറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരെ സി.പി.എം-സി.പി.ഐ നേതൃത്വത്തിൽ വൻ പ്രക്ഷോഭം അരേങ്ങറിയിരുന്നു. കോൺഗ്രസ്-ലീഗ് പാർട്ടികളിലെ ഭൂരിപക്ഷവും വ്യാപാരി സംഘടനയും സമരത്തെ പിന്തുണച്ചതോടെ സ്ഥലം വീണ്ടും ബജറ്റിൽ ഇടംപിടിച്ചു. വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോൾ നിർമാണത്തിന് ബജറ്റിൽ തുക വകകൊള്ളിച്ചിട്ടില്ലെന്ന വാദമാണ് ഉടമ ഉയർത്തിയത്. തുടർന്നുള്ള ബജറ്റുകളിൽ തുക വകകൊള്ളിച്ചെങ്കിലും വിനിയോഗിക്കാതെ വകമാറ്റി.
ഇതിനിടെ എട്ട് വർഷം മുമ്പ് ഇടത് മുന്നണി ഭരണം പിടിച്ചതോടെ ഉടമക്ക് അനുകൂലമായ നീക്കം തുടങ്ങി. സ്ഥലത്ത് നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിലൂടെ ബസ് കടന്നുപോകാൻ അനുവദിക്കാമെന്ന നിർദേശമാണ് ഉടമ ആദ്യം ഉയർത്തിയത്. ഇത് വിമർശത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെ കുറഞ്ഞ സ്ഥലം സ്റ്റാൻഡിനായി ഏറ്റെടുത്ത് പരിഹരിക്കാമെന്ന ധാരണയുണ്ടാക്കി. കരിപ്പുഴ തോടിനോട് ചേർന്ന 35 സെന്റ് സ്ഥലമാണ് വിട്ടുനൽകാൻ ധാരണയായത്. ഇതിന്റെ സമീപത്തെ മറ്റ് സ്ഥലം കൂടി ഏറ്റെടുത്ത് ഒരു ഏക്കറിൽ സ്റ്റാൻഡ് സ്ഥാപിക്കുമെന്നായിരുന്നു നഗരസഭ വാഗ്ദാനം. 2020 ആഗസ്റ്റിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തുന്നത് സംശയങ്ങൾക്കിടയാക്കുകയാണ്.
സ്ഥലം പതിച്ചുകിട്ടുന്നതിനുള്ള ഫയൽ നീക്കുന്നതിലും അലംഭാവം കാട്ടുകയായിരുന്നു. ഫയൽ വേഗത്തിലാക്കാനായി രാഷ്ട്രീയ സമ്മർദം ഉയരാതിരിക്കുന്നതും ചർച്ചയാകുന്നു. 2020 ൽ ധാരണയായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫയൽ 2023 നവംബറിലാണ് കലക്ടറേറ്റിൽ നിന്നും ലാൻഡ് റവന്യു കമ്മീഷണർ ഓഫീസിലേക്ക് പോയിരിക്കുന്നത്. ഇവിടെ നിന്നുള്ള നപടിക്രമങ്ങൾ വേഗത്തിലാക്കി പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം.
പരിമിതി നിറഞ്ഞ സ്റ്റാൻഡ് യാത്രക്കാർക്ക് ബാധ്യത
കായംകുളം: മധ്യതിരുവിതാംകൂറിലെ പ്രധാന വാണിജ്യ നഗരത്തിൽ 10 സെൻറിലാണ് സ്വകാര്യ ബസ് സ്റ്റാൻറ് പ്രവർത്തിക്കുന്നത്. വിവിധ ഭാഗങ്ങളിലേക്കായി 100ഓളം ബസുകൾ ഒരു ദിവസം 500ഒാളം സർവീസുകൾ നടത്തുന്നു. സ്റ്റാൻഡിൽ സൗകര്യമില്ലാത്തതിനാൽ ബസുകൾ മിക്കതും റോഡിലാണ്. റോഡുവക്കുകൾ വഴിവാണിഭക്കാർ കൂടി കൈയടക്കിയതിനാൽ യാത്രക്കാരുടെ അവസ്ഥ പരിതാപകരമാണ്.
സ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള 35 സെന്റ് സ്ഥലവും, അതിലേക്ക് എട്ട് മീറ്റർ വീതിയിൽ 30 സെന്റ സ്ഥലത്തിന്റെ വഴി അവകാശവും നഗരസഭക്ക് ലഭിച്ചിട്ട് നാല് വർഷം പിന്നിട്ടു. എന്നാൽ വസ്തു ഏറ്റെടുത്ത് സ്റ്റാൻഡ് നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാതെ അട്ടിമറിയുടെ രീതിയാണ് നഗരസഭ കാട്ടുന്നത്. സർവീസ് കഴിഞ്ഞ് വരുന്ന ബസുകൾക്ക് പാർക്ക് ചെയ്യാൻ നഗരത്തിലെങ്ങും സ്ഥലസൗകര്യമില്ല. ഈ വിഷയങ്ങൾക്ക് എന്ന് പരിഹാരമാകുമെന്നാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.