കരുത്ത് ചോരാതെ ഇടതുപക്ഷം; തിരികെ പിടിക്കാൻ ഐക്യമുന്നണി
text_fieldsകായംകുളം: ഓണാട്ടുകരയുടെ ഹരിതാഭമണ്ണായ കായംകുളം ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുണ്ടെങ്കിലും ഇടതിനോടായിരുന്നു കൂടുതൽ ആഭിമുഖ്യം. 2006 മുതൽ തുടർച്ചയായി ഇടതുമുന്നണിയോടാണ് ആഭിമുഖ്യം പുലർത്തുന്നത്. സംസ്ഥാനം നിലവിൽവന്ന ശേഷമുള്ള 1957ലെ തെരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിലെ കെ.ഒ. ഐഷാബായിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇ.എം.എസ് മന്ത്രിസഭയിലെ ഡപ്യൂട്ടി സ്പീക്കറായും ഇവർ ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. 1960ൽ കോൺഗ്രസിലെ എം.കെ. ഹേമചന്ദ്രനെയും െഎഷാബായി പരാജയപ്പെടുത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായതോടെ 1965ൽ സി.പി.എമ്മിലെ പി.കെ. സുകുമാരനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കോൺഗ്രസിലെ തച്ചടി പ്രഭാകരന് മുന്നിൽ കഷ്ടിച്ച് വിജയിച്ച സുകുമാരന് ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ നിയമസഭ പിരിച്ചുവിട്ടതിനാൽ എം.എൽ.എയാകാൻ കഴിഞ്ഞില്ല.
1967ൽ പി.എസ്.പിയിലെ പി.കെ. കുഞ്ഞിന് മുന്നിലും തച്ചടി പ്രഭാകരന് അടിപതറി. 1970ൽ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ളയിലൂടെയാണ് കോൺഗ്രസ് മണ്ഡലത്തിൽ കന്നിവിജയം നേടുന്നത്. 1977ലും ഇദ്ദേഹം മണ്ഡലം നിലനിർത്തി. ആദ്യം സി.പി.എമ്മിലെ പി.ആർ. വാസുവിനെയും 1977ൽ ജനത പാർട്ടിയിലെ പി.എ. ഹാരീസിനെയുമാണ് പരാജയപ്പെടുത്തിയത്. 1980ൽ കോൺഗ്രസ്–യു ബാനറിൽ മൽസരിച്ച തച്ചടി പ്രഭാകരനിലൂടെ ഇടതുപക്ഷം വീണ്ടും മണ്ഡലം തിരികെ പിടിച്ചു. മൂന്നാം വിജയം പ്രതീക്ഷിച്ച തുണ്ടത്തിയെയാണ് പരാജയപ്പെടുത്തിയത്.
82ൽ കോൺഗ്രസുകാരനായി മൽസരിച്ച തച്ചടി കോൺഗ്രസ്–എസിലെ എം.കെ. രാഘവനെ തോൽപ്പിച്ചു. 87–ൽ സി.പി.എമ്മിലെ എം.ആർ. ഗോപാലകൃഷ്ണനിലൂടെ മണ്ഡലം വീണ്ടും ഇടത്തോട്ട് ചാഞ്ഞു. കോൺഗ്രസിലെ അഡ്വ. കെ. ഗോപിനാഥനെയാണ് പരാജയപ്പെടുത്തിയത്. 91ൽ എം.ആർ. ഗോപാലകൃഷ്ണനെ നിസാരവോട്ടിന് പരാജയപ്പെടുത്തി തച്ചടിയിലൂടെ വീണ്ടും കോൺഗ്രസ് നേടി. 96ൽ സി.പി.എമ്മിലെ ജി. സുധാകരൻ തച്ചടിയെ പരാജയപ്പെടുത്തി. 2001ൽ സുധാകരനെ കോൺഗ്രസിലെ എം.എം. ഹസൻ തോൽപ്പിച്ചു. തുടർന്ന് 2006ലും 2011 ലും സി.പി.എമ്മിലെ സി.കെ. സദാശിവനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006ൽ കോൺഗ്രസിലെ സി.ആർ. ജയപ്രകാശിനെയും 11ൽ എം. മുരളിയെയാണ് നേരിട്ടത്. 2016ൽ സി.പി.എമ്മിലെ യു. പ്രതിഭയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിനായി കോൺഗ്രസിലെ എം. ലിജുവാണ് മൽസരിച്ചത്.
1957ലും 60ലും കായംകുളം കൂടാതെ കൃഷ്ണപുരം മണ്ഡലം കൂടിയുണ്ടായിരുന്നു. ഇതിൽ ആദ്യം സി.പി.എമ്മിലെ ജി. കാർത്തികേയനും രണ്ടാംതവണ പി.എസ്.പിയിലെ പി.കെ. കുഞ്ഞുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീട് കൃഷ്ണപുരം കായംകുളത്തേക്ക് ചേർത്തു. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുനിലയിലും ഇടതുപക്ഷം വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കം അവർക്ക് നിലനിർത്താനായി.
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് മുൻതൂക്കം നാലായിരമായി കുറഞ്ഞിരുന്നു. ഇതിൽ നിന്നും പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് എൽ.ഡി.എഫിന് കരുത്തായത്. എന്നാൽ യു.ഡി.എഫിലാകെട്ട സ്ഥാനാർഥി നിർണയത്തിലെ അപാകതകളും തമ്മിലടിയും വിമതസാന്നിധ്യവുമാണ് തദ്ദേശത്തിൽ കനത്ത തിരിച്ചടിക്ക് കാരണമായത്. മൂവായിരത്തോളം വോട്ടാണ് യു.ഡി.എഫിലെ വിമതർ മാത്രം നേടിയത്. എൻ.ഡി.എ നടത്തിയ മുേന്നറ്റവും യു.ഡി.എഫിനെ ബാധിച്ചിട്ടുണ്ട്. പത്തിയൂർ, ചെട്ടികുളങ്ങര, കൃഷ്ണപുരം പഞ്ചായത്തുകളിൽ എൻ.ഡി.എയുടെ ശക്തി യു.ഡി.എഫിനൊപ്പം എത്തിയതായാണ് വോട്ട് നില വ്യക്തമാക്കുന്നത്. ചെട്ടികുളങ്ങരയിൽ യു.ഡി.എഫിനേക്കാൾ മുന്നിലെത്താനും പത്തിയൂരിൽ ഒപ്പത്തിന് ഒപ്പം എത്താനും കഴിഞ്ഞു. ഇതിനെ മറികടക്കണമെങ്കിൽ യു.ഡി.എഫിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
സ്ഥിതിവിവരം
കായംകുളം നഗരസഭയും ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്ണപുരം, ഭരണിക്കവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. കണ്ടല്ലൂർ, കൃഷ്ണപുരം പഞ്ചായത്തുകൾ ഒഴികെയുള്ള മുഴവൻ തദ്ദേശസ്ഥാപനങ്ങളും ഇടതാണ് ഭരിക്കുന്നത്. മണ്ഡലത്തിൽ ഉൾക്കൊള്ളുന്ന ഭരണിക്കാവ്, കൃഷ്ണപുരം, പത്തിയൂർ ജില്ല ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തുകളും ഇടതാണ് നേടിയത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ്-67463
യു.ഡി.എഫ്-55964
എൻ.ഡി.എ-32748 2019 ലോക്സഭ
•അഡ്വ. എ.എം. ആരിഫ്
(സി.പി.എം)-445981
•അഡ്വ. ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്)-435496
•ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി)-187729
ഭൂരിപക്ഷം-10474 2016 നിയമസഭ
•യു. പ്രതിഭാഹരി
(സി.പി.എം)-72956
•എം.ലിജു
(കോൺഗ്രസ്)-61099
•ഷാജി എം. പണിക്കർ
(ബി.ഡി.ജെ.എസ്)-20,000
ഭൂരിപക്ഷം-11857
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.