ചികിത്സ നിഷേധിക്കപ്പെട്ട അർബുദ ബാധിതനായ കുട്ടി മരിച്ചു; എം.എൽ.എക്ക് പരാതി നൽകിയതിനാൽ നടപടിയെടുക്കാനാകില്ലെന്ന് നഗരസഭ
text_fieldsകായംകുളം: അർബുദ ബാധിതനായി മരണമടഞ്ഞ കുട്ടിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ച സംഭവത്തിലെ നഗരസഭ നിലപാട് വിവാദമാക്കുന്നു. യു. പ്രതിഭ എം.എൽ.എക്ക് പരാതി നൽകിയതിനാൽ ഇടപെടാൻ കഴിയില്ലെന്ന നഗരസഭ അധികൃതരുടെ സമീപനമാണ് ചർച്ചയാകുന്നത്. ചേരാവള്ളി കൊച്ചു വീട്ടിൽ തജീർ-സലീന ദമ്പതികളുടെ മകൻ അബു ഉമ്മറിനാണ് (11) ചേരാവള്ളി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ദുരനുഭവമുണ്ടായത്.
കഴിഞ്ഞ 30-ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അർബുദ ബാധിതനായി ചികിത്സയിലിരുന്ന അബുഉമ്മറിന് അസ്വസ്ഥതയുണ്ടായതോടെയാണ് അടിയന്തിര ചികിത്സക്കും രക്തപരിശോധനക്കുമായി സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ മറ്റ് തിരക്കുകൾ ചൂണ്ടികാട്ടി രക്ത പരിശോധന വൈകിക്കുകയായിരുന്നു.
കുട്ടിയുടെ അവസ്ഥ വഷളായതോടെ വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ച രക്ഷകർത്തക്കളോട് ലാബ് അസിസ്റ്റന്‍റ് മോശമായി പെരുമാറുകയായിരുന്നത്രെ. ഇതിനെ രക്ഷകർത്താക്കൾ ചോദ്യം ചെയ്യുന്നതിനിടെ എത്തിയ ഡോക്ടറുടെ ഭാഗത്ത് നിന്നും കാരുണ്യമുള്ള നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
കുട്ടിയുടെ സ്ഥിതി വഷളായതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുറച്ചുസമയത്തിനുള്ളിൽ കുട്ടി മരിച്ചു. ആശുപത്രിയിലെ ദുരനുഭവം അബുഉമ്മറിൽ മാനസിക സമ്മർദം വർധിക്കുന്നതിന് ഇടയാക്കിയതായി രക്ഷകർത്താക്കൾ ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. 10 മിനിറ്റ് ചെലവഴിക്കേണ്ട ആശുപത്രിയിൽ മൂന്ന് മണിക്കൂറോളമാണ് നഷ്ടമായതെന്നും പരാതിയിലുണ്ട്. ഇതോടെ മാനസികമായി തളർന്ന രക്ഷകർത്താക്കൾ ദുരനുഭവം ചൂണ്ടികാട്ടി രണ്ട് ദിവസം മുമ്പാണ് യു. പ്രതിഭ എം.എൽ.എക്ക് പരാതി നൽകിയത്. എന്നാൽ തങ്ങളുടെ അധീനതയിലുള്ള സ്ഥാപനത്തിന് എതിരെ എം.എൽ .എക്ക് പരാതി നൽകിയത് നഗരസഭ അധികൃതരെ ചൊടിപ്പിച്ചു. എം.എൽ.എക്ക് പരാതി നൽകിയതിനാൽ ഇനി ഇടപെടാൻ കഴിയില്ലെന്ന ചെയർപേഴ്സൺ പി. ശശികലയുടെ മറുപടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
വാർഡ് കൗൺസിലറുടെ നിർബന്ധപ്രകാരം കുട്ടിയുടെ വീട്ടിലെത്തിയ ചെയർപേഴ്സൺ അടക്കമുള്ളവർ രക്ഷകർത്താക്കളെ ആശ്വസിപ്പിക്കുന്നതിന് പകരം പരാതിയുടെ നടപടിക്രമത്തെ ചോദ്യം ചെയ്യാനാണ് ശ്രമിച്ചത്. ഇനി തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും മുകളിൽ അന്വേഷണം നടക്കെട്ടയെന്ന് പറഞ്ഞു കൈമലർത്തുകയായിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
സി.പി.എമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും എം.എൽ.എയുമായിട്ടുള്ള ശീതസമരവുമാണ് ചെയർപേഴ്സന്റെ നിലപാടിന് കാരണമെന്നാണ് ആക്ഷേപം. എന്നാൽ ഇനിയൊരാൾക്കും ഇത്തരമൊരു ഗതിയുണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടികളുണ്ടാകണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.