കായംകുളത്തെ ഉയരപ്പാത; ജനപ്രതിനിധികളുടെ നിസ്സംഗതക്കെതിരെ ഭരണകക്ഷിയിൽ വിമർശനം
text_fieldsകായംകുളം: ദേശീയ പാതയിൽ നഗരത്തിൽ തൂണുകളിൽ തീർത്ത ഉയരപ്പാത വേണമെന്ന വിഷയത്തിൽ ജനപ്രതിനിധികളുടെ നിസംഗതക്കെതിരെ ഭരണകക്ഷിയിൽ വിമർശനം ഉയരുന്നു. സി.പി.ഐ ജില്ല കൗൺസിൽ അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ അഡ്വ. എ. അജികുമാർ ഫേയ്സ്ബുക്ക് കുറിപ്പിൽ പരസ്യപ്രതിഷേധം പങ്കുവെച്ചു.
നഗരത്തിലെ തൂണുകളിലെ ഉയരപ്പാത എന്ന പൊതു ആവശ്യത്തോട് ജനപ്രതിനിധികളും ചേർന്ന് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എ.എം. ആരിഫ് എം.പി യുടെ സമീപനത്തോടുള്ള പ്രതിഷേധമാണ് ഇതിലൂടെ പുറത്ത് വന്നെതെന്നാണ് പറയുന്നത്. ഇതിനിടെ എ.എം. ആരിഫ് എം.പിയുടെ നിർദേശപ്രകാരം വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ അട്ടിമറിച്ചതിന് പിന്നിലെ ദുരൂഹതയും ചർച്ചയാകുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി ഉന്നയിച്ച വിഷയം മിനിറ്റ്സിൽ നിന്നും ഒഴിവാക്കിയതിൽ ബാഹ്യ സമ്മർദങ്ങളുണ്ടെന്നാണ് ആക്ഷേപം.
കായംകുളത്ത് ഉയരപ്പാത വരുന്നതിൽ തുടക്കം മുതൽ നിഷേധ നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ജില്ലയിലെ മറ്റ് എല്ലാ മണ്ഡലങ്ങളെയും പരിഗണിച്ചപ്പോൾ പാരിസ്ഥിതിക പ്രാധാന്യമുള്ള കായംകുളത്തെ ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ഹൈവേ സമരസമിതി, കായംകുളം ന്യൂസ്, ഹൈവേ വികസനം, ന്യൂസ് അറ്റ് കായംകുളം തുടങ്ങിയ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ വലിയ പ്രതിഷധ പ്രകടനങ്ങളാണ് നടക്കുന്നത്. ഇവയിലും ഭരണ പക്ഷത്തുള്ള നിരവധി പ്രാദേശിക നേതാക്കൾ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശങ്ങൾക്ക് വിരുദ്ധമായ സമീപനം അംഗീകരിക്കാനാവില്ലെന്നായിരുന്നു സമര സമിതി തീരുമാനം. ഇതിനായി ഹൈകോടതിയിൽ നിയമ പോരാട്ടവും തുടങ്ങിയിരുന്നു. ഷഹീദാർ മസ്ജിദ് ജങ്ഷൻ മുതൽ ചിറക്കടവം വരെ തൂണുകളിലെ ഉയരപ്പാത സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതിനിടെയാണ് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിൽ സർവകക്ഷി യോഗം വിളിച്ചത്. ഇതിലെ നിർദേശങ്ങളും തീരുമാനങ്ങളും ഒറ്റക്കെട്ടായി അംഗീകരിക്കപ്പെട്ടതിന് ശേഷമുള്ള നീക്കങ്ങൾ കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.