കായംകുളം മസ്ജിദുൽ റഹ്മാനിലെ നോമ്പുതുറ ഒന്നുവേറെ തന്നെ
text_fieldsകായംകുളം: കായംകുളത്തെ പ്രഥമ സംഘടിത ഇഫ്താർ മൂന്ന് പതിറ്റാണ്ടിന്‍റെ നിറവിൽ. ദേശീയ പാതയോരത്ത് എം.എസ്.എം കോളജിനോട് ചേർന്ന് നിൽക്കുന്ന മസ്ജിദുൽ റഹ്മാനിലെ നോമ്പുതുറയാണ് വിഭവ വൈവിധ്യങ്ങളാലും കാരുണ്യ പ്രവർത്തനങ്ങളാലും ശ്രദ്ധേയമാകുന്നത്.
യാത്രക്കാർക്കും കച്ചവടക്കാർക്കുമാണ് ഇവിടുത്തെ നോമ്പുതുറ ഏറെ ആശ്വാസകരം. ബിരിയാണി, പൊറോട്ടയും ബീഫും, കപ്പയും മീൻ കറിയും, അരിപ്പത്തിരിയും മുട്ടക്കറിയും എന്നിങ്ങനെയാണ് ഓരോ ദിനവും നോമ്പുകാർക്കായി ഒരുക്കുന്നത്.
നോമ്പ് തുറക്കുന്ന സമയത്ത് ചായ, ഈത്തപ്പഴം, കിണ്ണത്തപ്പം, സമൂസ, തണ്ണിമത്തൻ തുടങ്ങിയ പഴവർഗങ്ങളുമായി രുചിയുടെ വൈഭവം ആസ്വദിക്കാം. കഴിഞ്ഞ കോവിഡ് കാലത്തെ റമദാനുകളിലും നോമ്പുകാർക്കായി ഇവിടുത്തെ ഭക്ഷണ കലവറ സജ്ജമായിരുന്നുവെന്നതും മസ്ജിദ് റഹ്മാന്‍റെ പ്രത്യേകതയാണ്. നൂറോളം പേരാണ് ദിവസവും നോമ്പുതുറക്ക് എത്തുന്നത്. ഇതോടൊപ്പം ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങളിലും പള്ളി സജീവമാണ്. 250ലധികം നിർധന കുടുംബങ്ങളിൽ നോമ്പുതുറ വിഭവങ്ങളുമായി ഭക്ഷണക്കിറ്റുകൾ എത്തിച്ച് നൽകി. സാന്ത്വന പരിചരണം അടക്കമുള്ള പ്രവർത്തനങ്ങളിലും അണിയറ പ്രവർത്തകർ സജീവമാണ്.
1992ലാണ് സംഘടിത ഇഫ്താറിന് പള്ളിയിൽ തുടക്കമാകുന്നത്. മസ്ജിദ് പ്രസിഡന്‍റ് ഷംസദ്ദീൻ ചീരാമത്ത്, സെക്രട്ടറി നാസർ പടനിലം, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ഷാജഹാൻ വടക്കേ തലക്കൽ, കൺവീനർമാരായ അനസ് പുതുവന, മുബീർ എസ്. ഓടനാട്, മുഹമ്മദ് കുഞ്ഞ് ചേരാവള്ളി എന്നിവർ നേതൃത്വം നൽകുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.