കാടുമൂടരുത് കായംകുളത്തിന്റെ സ്വപ്നങ്ങൾ
text_fieldsകായംകുളം കേന്ദ്രീകരിച്ച് താലൂക്ക് വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ട് പഴക്കം. മന്ത്രിസഭാ തീരുമാനവും വിവിധ ഘട്ടത്തിൽ പ്രഖ്യാപനങ്ങളും വിവിധ കമീഷൻ റിപ്പോർട്ടുകളും അനുകൂലമായി ഉണ്ടായെങ്കിലും സംഭവം നടപ്പായില്ല. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളാൽ തുടർച്ചയായി അട്ടിമറിയുകയാണ്.
കായംകുളം നഗരം പുതിയ ദേശീയപാത വരുന്നതോടെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടുമെന്ന സ്ഥിതിയിലാണ്. പരിഹാരമായി തൂണുകളിലെ ഉയരപ്പാത വേണമെന്ന ആവശ്യവുമായി ജനം സമരത്തിലാണ്. ഹൈവേ മറികടക്കാൻ പര്യാപ്തമായ നിലയിലുള്ള അടിപ്പാതകൾപോലും രൂപകൽപനയിൽ ഉൾപ്പെട്ടിട്ടില്ല.
നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തുകാരും ആറാട്ടുപുഴ തീരവാസികളും പ്രധാനമായും ആശ്രയിക്കുന്ന നഗരത്തിലേക്കുള്ള പ്രവേശന കവാടവും അടക്കുന്ന തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. തൂണുകളിലെ ഉയരപ്പാത അനുവദിച്ചില്ലെങ്കിൽ കോളജ് ജങ്ഷനിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്ന അടിപ്പാത സ്ഥാപിക്കുകയെന്നതാണ് പരിഹാരം. നഗരം ഗുരുതര മാലിന്യ പ്രശ്നം നേരിടുന്നു.
മുരുക്കുംമൂട്ടിലെ കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രം ഒരു വർഷം മുമ്പ് അടച്ചു. സമാന്തരമായി കൊണ്ടുവന്ന സംവിധാനം ഇഴയുന്നു. ബദൽ സംവിധാനമായ ഉറവിട മാലിന്യ സംസ്കരണ പദ്ധതി പരാജയവുമായി.
- നഗരസഭ-പഞ്ചായത്ത് റോഡുകൾ കുണ്ടും കുഴിയുമായി യാത്രാദുരിതം നേരിടുന്നു
- കായംകുളം നഗരസഭയിൽ 2451 ഭവനരഹിതരും 1321 ഭൂരഹിതരുമുണ്ട്
- ദേശീയപാതയോരത്തെ ആശുപത്രിയെന്ന പ്രാധാന്യമുള്ള താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങളില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുണ്ട്
- ഐക്യ ജങ്ഷനിലെ ഹോമിയോ ആശുപത്രിയും പരിമിതികളിൽ നട്ടം തിരിയുന്നു. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട്
- മണ്ഡലത്തിൽ സർക്കാർ കോളജ് ഇല്ല
- ചേരാവള്ളി വ്യവസായ എസ്റ്റേറ്റ് കോടതി നടപടികളിൽ സ്തംഭിച്ച അവസ്ഥയിൽ
- കൃഷിയിടങ്ങളുടെ വിസ്തൃതി കുറയുന്നതാണ് പ്രധാന പ്രതിസന്ധി.
- കാർഷിക ഗവേഷണ കേന്ദ്രത്തിന് ഓണാട്ടുകരയുടെ കാർഷിക പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കാൻ കഴിയുന്നില്ല
- പ്രകൃതി മനോഹാരിതയുടെ തുരുത്തായ ഓണാട്ടുകരയുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല.
കോടികൾ ചെലവഴിച്ച് നടപ്പാക്കിയ കായംകുളം കായലോര വിനോദ സഞ്ചാര വികസന പദ്ധതി തീരദേശ പരിപാലന നിയമം കാരണം വർഷങ്ങളായിട്ടും തുറന്നുകൊടുക്കാനായില്ല.
കൃഷ്ണപുരം അതിർത്തിചിറയെ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാനായി കോടികൾ ചെലവഴിച്ച പദ്ധതിയും പതിറ്റാണ്ടായിട്ടും പൂർത്തിയാക്കാനായില്ല.
കോടികൾ മുടക്കി ഓപൺ എയർ ഓഡിറ്റോറിയം, ഗ്രന്ഥശാല എന്നിവ സ്ഥാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങാനായില്ല. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, അഴീക്കൽ ബീച്ച് തുടങ്ങിയവയുമായി കോർത്തിണക്കി വിനോദ സഞ്ചാര മേഖല വികസിപ്പിക്കാനും കഴിയും.
‘മാവേലി നാടുവാണീടും കാലം’
മാവേലിക്കര
പ്രധാന ജനകീയ പ്രശ്നം കുടിവെള്ളമാണ്. കുടിവെള്ള പദ്ധതികൾ പുനരുജ്ജീവിപ്പിക്കണം. ചെറുകിട പദ്ധതികൾ നടപ്പാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കണം. ജല ജീവൻ മിഷൻ വഴി നടപ്പാക്കുന്ന കുറത്തികാട് കുടിവെള്ള പദ്ധതി അടിയന്തരമായി തുടങ്ങി പൂർത്തീകരിക്കണം. കല്ലട ഇറിഗേഷന്‍ പ്രോജക്ടും പമ്പ ഇറിഗേഷന്‍ പ്രോജക്ടും മണ്ഡലത്തില്‍ കൃത്യമായി വെള്ളം എത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാര്‍ഷിക മേഖലയിലെ വികസനം, പഞ്ചായത്തില്‍ ഒരു കളിസ്ഥലം, അച്ചന്‍കോവിലാറിന്റെ തീരസംരക്ഷണം, ഗ്രാമീണ റോഡുകളെ ബി.എം.ബി.സി നിലവാരത്തിലെത്തിക്കല്, ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ വികസനം തുടങ്ങിയ ആവശ്യങ്ങളും ജനം മുന്നോട്ടുവെക്കുന്നുണ്ട്.
- ചില പഞ്ചായത്തുകളിൽ ഭവനപദ്ധതി സഹായം യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
- 2011 തുടക്കത്തിൽ ജില്ല ആശുപത്രിയായി ഉയർത്തിയ മാവേലിക്കര ആശുപത്രിയിൽ താലൂക്കാശുപത്രി തലത്തിലെ ഡോക്ടർമാരുടെ തസ്തികയേ ഉള്ളൂ. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെയും ജനറൽ മെഡിസിനടക്കം ഡോക്ടർമാരുടെയും കുറവുണ്ട്. ജീവനക്കാരും കുറവ്. കാർഡിയോളജി വിഭാഗം തുടങ്ങണമെന്നമെന്നത് വർഷങ്ങളായുള്ള ആവശ്യം
- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ഭാഗികമാണെന്ന ആക്ഷേപമുണ്ട്.
- ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പി.എച്ച്.സി സൗകര്യങ്ങൾ മാത്രമാണുള്ളത്.
- നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം വൈകുന്നു.
- . ആയുർവേദ, ഹോമിയോ ആശുപത്രികളിൽ ഭൂരിഭാഗവും വാടകക്കെട്ടിടങ്ങളിൽ
- മണ്ഡലത്തിൽ സർക്കാർ കോളജ് ഇല്ല
- ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.
- ഹോട്ടലുകളിലെ മാലിന്യം നഗരസഭാ ശുചീകരണവിഭാഗം ശേഖരിക്കുന്നില്ല.
- മാവേലിക്കര താലൂക്കിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം.
- ഉൽപന്നത്തിന് വിലയും വിപണിയുമില്ലാത്തതിനാൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. ഉൽപാദനച്ചെലവ് വര്‍ധിച്ചതിനനുസരിച്ച് താങ്ങുവില വര്‍ധിപ്പിച്ചില്ല.
- താമരക്കുളം, നൂറനാട്, പറയംകുളം തുടങ്ങിയ പ്രദേശങ്ങളിലുള്ള മിനി വ്യവസായശാലകളിലെ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുന്നു.
- നൂറനാട് സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിച്ചിരുന്ന കെ.പി റോഡരികിലുള്ള കെട്ടിടവും വിശ്രമകേന്ദ്രവും നാശത്തിന്റെ വക്കിൽ
- ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് പിറകിൽ കല്ലട ഇറിഗേഷൻ പദ്ധതിക്കായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറിയ നിലയിൽ
- പ്രകൃതി ഭംഗിയും സാംസ്കാരിക പൈതൃകവുമുള്ള മണ്ണിൽ വിനോദസഞ്ചാര സാധ്യതകൾ ഏറെ
ചെറുതായി കാണരുത് ചെങ്ങന്നൂരിനെ
ഗ്രാമീണ റോഡുകളുടെ പുനർനിർമാണവും നവീകരണവുമാണ് മണ്ഡലത്തിലെ അടിയന്തരാവശ്യം. എം.എൽ.എ ഫണ്ടിനെ മാത്രം ആശ്രയിച്ചാൽ തീർപ്പാവുന്നതല്ല റോഡുമായി ബന്ധപ്പെട്ട പ്രശ്നം. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളാണ് ഏറ്റവും കൂടുതൽ തകർച്ചയിലുള്ളത്. സമഗ്ര പദ്ധതിയിലൂടെ പ്രത്യേക ഫണ്ട് വകയിരുത്തിയോ മറ്റോ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുകതന്നെ വേണം. മാവേലിക്കര - കോഴഞ്ചേരി എം.കെ. റോഡിനെയും, തിരുവല്ല -മാവേലിക്കര സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പുലിയൂർ വടക്കേനട -മാന്നാർ സ്റ്റോർമുക്ക് റോഡ് അറ്റകുറ്റപ്പണിക്ക് ഉത്തരവിറങ്ങിയെന്ന് അറിയുന്നു. പണി ഉടൻ ആരംഭിക്കണം.
- ഭവനരഹിതരും ഭൂരഹിതരും ധാരാളമുണ്ട്. ലൈഫ് മിഷനിൽ വീടിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവരും ഏറെ.
- ജില്ല ആശുപത്രിയിലും ആയുർവേദാശുപത്രിയിലും മാത്രമാണ് കിടത്തിച്ചികിത്സയുള്ളത്.
- സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും കുറവുണ്ട്.
- ആവശ്യത്തിന് വിദ്യാർഥികളില്ലാതെ പ്ലസ് ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്
- മണ്ഡലത്തിന് ഒരു സർക്കാർ കോളജ് പദ്ധതി നടപ്പായിട്ടില്ല
- നെല്ല് സംഭരിച്ച വകയിൽ ലഭിക്കാനുള്ള തുകക്ക് കർഷകർ ഏറെ കാത്തിരിക്കേണ്ടിവരുന്നു
- ഷീ ടാക്സി, ഷീ ലോഡ്ജ്, ഷീ സൂപ്പർ മാർക്കറ്റുകൾ ഇല്ല.
- .മാന്നാർ സ്റ്റോർമുക്ക്, പഞ്ചായത്ത് ബസ് സ്റ്റാൻഡിനുസമീപത്തെ വൃദ്ധ സദനം, സാംസ്കാരിക നിലയം എന്നീ കെട്ടിടങ്ങൾ ശോച്യാവസ്ഥയിലായി ഒഴിഞ്ഞുകിടക്കുന്നു.
- എട്ടുകോടിയുടെ മാന്നാർ പൈതൃക ഗ്രാമം പദ്ധതിയുടെ രൂപരേഖയായിട്ടുണ്ട്. വൈകരുത്
- പമ്പയുടെ തീരങ്ങളിൽ തിട്ടകളിലെ മണ്ണിടിച്ചിൽ തടയാനുള്ള എട്ടു കോടിയുടെ തീരസംരംക്ഷണ പദ്ധതിക്ക് അനുമതിക്കായി കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.