കായംകുളം നഗരസഭ ഓഫിസ് പൂട്ടി യു.ഡി.എഫ്
text_fieldsകായംകുളം: ഭരണസ്തംഭനം ആരോപിച്ച് നഗരസഭ ഓഫിസ് പൂട്ടിയ യു.ഡി.എഫ് സമരം സംഘർഷത്തിൽ കലാശിച്ചു. ഉന്തിലും തള്ളിലും ചെയർപേഴ്സനും പ്രതിപക്ഷ വനിത കൗൺസിലർക്കും പരിക്ക്. ചെയർപേഴ്സൻ പി. ശശികല, വനിത കൗൺസിലർ അംബിക എന്നിവർക്കാണ് പരിക്കേറ്റത്.
യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അസി. എൻജിനീയർ അവധിയിൽ പോയത് വാർഡുകളിലെ മരാമത്ത് പണികളെയടക്കം ബാധിച്ചതാണ് യു.ഡി.എഫ് പ്രതിഷേധത്തിന് പ്രധാന കാരണമായത്. ഒരുമാസമായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം കാണാൻ ഭരണനേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.
ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ നഗരസഭ ഓഫിസ് പൂട്ടി പ്രതിപക്ഷം സമരം തുടങ്ങിയതോടെ ജീവനക്കാർക്ക് ഉള്ളിൽ കടക്കാനായില്ല. നഗരസഭയിൽ എത്തിയ ചെയർപേഴ്സൻ പി. ശശികലയെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനിടെ പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് നഗരസഭക്ക് പുറത്തെ സി.ഡി.എസ് ഓഫിസിൽ നടന്ന യോഗത്തിലേക്ക് പ്രതിപക്ഷം സമരവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.
മുദ്രവാക്യം വിളികൾക്കും ബഹളങ്ങൾക്കുമിടയിൽ ചെയർപേഴ്സനെ കസേരക്ക് അടിച്ചതായി ആരോപണം ഉയർന്നു. ചെയർപേഴ്സന്റെ രക്തസമ്മർദ നില കൂടിയതോടെ കാര്യങ്ങൾ കൈവിട്ടു. വളരെ പ്രയാസപ്പെട്ടാണ് സമരക്കാർക്കിടയിൽനിന്ന് ഇവർ രക്ഷപ്പെട്ടത്. ഇതിനിടെ യു.ഡി.എഫ് കൗൺസിലർ അംബികയെ തള്ളി താഴെയിട്ടതായും ആരോപണമുയർന്നു.
ഇവരുകെ കാലിന് മുറിവുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കിയ ഡി.സി.സി സെക്രട്ടറി കൂടിയായ കെ. പുഷ്പദാസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. മൂവരെയും കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ജീവനക്കാർക്ക് നഗരസഭയിൽ പ്രവേശിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.