കായംകുളത്തെ ദേശീയപാത വികസനം സമരസമിതി സർവേ തുടങ്ങി
text_fieldsകായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കായംകുളം കോളജ് ജങ്ഷനിൽ കോട്ടകെട്ടി വേർതിരിക്കുന്നതിനെതിരെ സമരസമിതി നിയമപോരാട്ടത്തിനും തുടക്കംകുറിക്കുന്നു.
ഭാവിയിൽ നേരിടാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങൾ നീതിപീഠങ്ങളുടെ മുന്നിലെത്തിക്കാനാണ് ശ്രമം. ഇതിനായി വാഹന സർവേ തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്ന കോളജ് ജങ്ഷനിലൂടെ മാത്രം മണിക്കൂറിൽ 1800 ഓളം വാഹനങ്ങൾ കടന്നുപോകുന്നതായി സർവേയിൽ വ്യക്തമായി. ദേശീയപാത വികസിപ്പിക്കുമ്പോൾ, രണ്ട് ചെറിയ അടിപ്പാതകളിലൂടെ ഇത്രയും വാഹനങ്ങൾ കടന്നുപോകുന്നത് ഗുരുതര ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകും. കോട്ടകെട്ടി വേർതിരിക്കുന്നതോടെ അടക്കപ്പെടുന്ന കൊറ്റുകുളങ്ങര മുതൽ കോളജ് ജങ്ഷൻ വരെയുള്ള ഇടറോഡുകളിലൂടെയും നിരവധി വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് പൊതുതാൽപര്യ ഹരജി നൽകാൻ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സമരസമിതി സർവേ തുടങ്ങിയത്. മണിക്കൂറിൽ 1240 ഇരുചക്രവാഹനങ്ങൾ, 123 മുച്ചക്ര വാഹനങ്ങൾ, 342 ചെറിയ നാലുചക്ര വാഹനങ്ങൾ, 74 വലിയ ബസ്, ലോറി, ട്രക്ക് ഇനങ്ങളായ വാഹനങ്ങളും സിഗ്നൽ മുറിച്ച് ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നു. 6500 ഓളം കാൽനടക്കാരും മണിക്കൂറിൽ റോഡ് മുറിച്ചുകടക്കുന്നതായി സർവേയിൽ കണ്ടെത്തി. സമാനമായ സാഹചര്യമാണ് തൊട്ടടുത്ത കമലാലയം ജങ്ഷനിലും.
ദേശീയപാത വികസന രൂപരേഖയിൽ കോളജ്, കമലാലയം ജങ്ഷനുകളിൽ രണ്ട് ചെറിയ അടിപ്പാതകളാണ് നിലവിൽ നിർദേശിച്ചിട്ടുള്ളത്. എന്നാൽ, എം.എസ്.എം കോളജ് മുതൽ ചിറക്കടവം വരെ തൂണുകളിലെ ഉയരപ്പാത സ്ഥാപിച്ചാൽ ഇതിന് പരിഹാരമാകുമെന്ന ശാസ്ത്രീയ നിർദേശം അംഗീകരിക്കാൻ ദേശീയപാത അതോറിറ്റി വിമുഖത കാട്ടുകയാണ്.
ഇന്ത്യൻ റോഡ് കോൺഗ്രസ് നിബന്ധനയനുസരിച്ച് വാഹന പ്രവാഹ സാന്ദ്രത പരിശോധന നടത്തിയാണ് അടിപ്പാതകൾ അനുവദിക്കേണ്ടത്. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ കടന്നുപോകുന്ന വിവിധതരം വാഹനങ്ങൾ സംബന്ധിച്ച ഒരു പഠനവും ഇവിടെ നടത്തിയിട്ടില്ല.
ടൗണിലേക്കുള്ള പ്രധാന കവാടത്തിൽ അടിപ്പാതക്ക് പോലും നേരത്തേ നിർദേശമുണ്ടായില്ല. പ്രതിഷേധം ശക്തമായപ്പോഴാണ് ചെറിയ അടിപ്പാത രൂപരേഖയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, തൂണുകളിലെ ഉയരപ്പാത മാത്രമാണ് പരിഹാരമെന്നാണ് സമരസമിതി മുന്നോട്ടുവെക്കുന്ന പരിഹാരമാർഗം.
സമരസമിതി കൺവീനർ ദിനേശ് ചന്ദന, അജീർ യൂനസ്, സജീർ കുന്നുകണ്ടം, എ.എ. നിഹാസ്, നൗഫൽ താഹ, റിയാസ് പുലരിയിൽ, സിയാദ് മണ്ണാമുറി, അനസ് ഇല്ലിക്കുളം, പി.എ. കുഞ്ഞുമോൻ, സജീവ് എന്നിവർ സർവേക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.