വ്യാജ സർട്ടിഫിക്കറ്റ് ഉറവിടം വെളിപ്പെടുത്തി ‘കായംകുളത്തിന്റെ വിപ്ലവം’
text_fieldsകായംകുളം: നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിനൽകിയത് സി.പി.എം നേതാവിന്റെ മകനായ എസ്.എഫ്.ഐ നേതാവാണെന്ന ആരോപണം ശക്തമായതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലേക്ക്. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം വ്യക്തമാക്കുംവിധം ‘കായംകുളത്തിന്റെ വിപ്ലവം’ ഫേസ്ബുക്ക് പേജിൽ കുറിപ്പ് വന്നതോടെ അന്വേഷണ ദിശയും വഴിതിരിയുകയാണ്. പാർട്ടിക്കുള്ളിലെ വിഭാഗീയതയിൽ ഇരുപക്ഷമായി തിരിഞ്ഞവർ മറഞ്ഞിരുന്ന് നടത്തുന്ന സമൂഹമാധ്യമ ഏറ്റുമുട്ടലിലൂടെ സി.പി.എം കടുത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിവരങ്ങൾ ഒന്നൊന്നായി പുറത്തേക്കുവരുന്നത് നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന വെളിപ്പെടുത്തൽ നടത്തിയ ‘ചെമ്പട’ പേജ് ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന് നേരെയാണ് ഒളിയമ്പ് എറിഞ്ഞതെങ്കിൽ ‘വിപ്ലവം’ പേജ് പഴയകാര്യങ്ങൾ ഓർമപ്പെടുത്തി ഏരിയ നേതൃത്വത്തിലുള്ളവരുടെ അനുയായികളെയാണ് ലക്ഷ്യംവെക്കുന്നത്.
അബ്കാരി ബന്ധമുണ്ടായിരുന്ന കണ്ടല്ലൂരിലെ സി.പി.എം നേതാവിന്റെ മകനാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബിയുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചതെന്ന് ഫേസ്ബുക്ക് പേജുകളിലെ ആരോപണങ്ങൾ വ്യക്തമാക്കുന്നു. നിരവധിപേർക്ക് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയിരുന്നുവെന്നാണ് ‘വിപ്ലവം’ പേജിലെ പോസ്റ്റുകളിലൂടെ ചിലർ ഉയർത്തുന്ന ആരോപണം.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയായിരിക്കെ കീഴ്വഴക്കം ലംഘിച്ചാണ് ഇയാൾ കായംകുളത്ത് ഏരിയ പ്രസിഡന്റായതത്രെ. തിരുവനന്തപുരത്തെ പഠനകാലയളവിൽ പി.എസ്.സി തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം എന്നിവരായിരുന്നു സഹപ്രവർത്തകർ എന്നത് കൂട്ടിവായിക്കുമ്പോഴാണ് മാഫിയ ശൃംഖലയുടെ ദുരൂഹത വർധിക്കുന്നത്. ഇതേ കാലയളവിലാണ് നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ലക്ഷങ്ങളാണ് ഇതിനായി മാഫിയ സംഘം ഈടാക്കിയിരുന്നത്. നിഖിൽ തോമസിന്റെ അക്കൗണ്ടിൽനിന്ന് രണ്ടുലക്ഷം രൂപ ആരോപണവിധേയൻ കൈപ്പറ്റിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പരീക്ഷ ഫീസ് അടപ്പിച്ച് പരീക്ഷയും എഴുതിച്ച് വിദ്യാർഥികളെ വിശ്വസിപ്പിച്ച ശേഷമാണ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നതെന്നാണ് പറയുന്നത്. കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റിലൂടെ പ്രവേശനം നേടിയവരെ സംബന്ധിച്ച് സമഗ്ര അന്വേഷണം ഉണ്ടായാൽ മാഫിയയുടെ ഉറവിടം വ്യക്തമാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നത്.
എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായിരുന്ന കാലയളവിൽ ആരോപണവിധേയന്റെ പല ചെയ്തികളും സംഘടനക്ക് വലിയ ബാധ്യത സൃഷ്ടിച്ചിരുന്നതായും അറിയുന്നു. അന്നുയർന്ന അശ്ലീല ആരോപണം പ്രശ്നമാകുമെന്ന് കണ്ടതോടെയാണ് എസ്.എഫ്.ഐ വിട്ടതത്രെ. നിരവധി പെൺകുട്ടികൾ അന്ന് ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയ വിവരങ്ങളും ഇപ്പോൾ ചർച്ചയാകുന്നു. അതേസമയം, പുതിയ വെളിപ്പെടുത്തലുകളിലൂടെ ‘കുപ്പിയിലായിരുന്ന ഭൂതത്തെ തുറന്നുവിട്ടതിനെ’ ചൊല്ലി കടുത്ത ആഭ്യന്തര തർക്കമാണ് സി.പി.എമ്മിലെന്ന ചർച്ചയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.