കായംകുളം താലൂക്ക് ആശുപത്രി: ചികിത്സ അനിവാര്യമായ ആതുരാലയം
text_fieldsകായംകുളം: ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ട കായംകുളം ടൗണിലെ ആതുരാലയത്തിന് ചികിത്സ അനിവാര്യമാകുകയാണ്. രാജഭരണകാലത്ത് തുടക്കം കുറിച്ച ആശുപത്രിയുടെ പുരോഗതിക്കായി ജനായത്ത സർക്കാറുകൾ ശരിയായ ഇടപെടൽ നടത്താതിരുന്നത് വികസന പുരോഗതിക്ക് തടസ്സമായി.
താലൂക്ക് പദവി നൽകിയെങ്കിലും ഇതനുസരിച്ച സൗകര്യം ഒരുക്കുന്നതിലും വികസിപ്പിക്കുന്നതിലും വീഴ്ച സംഭവിക്കുകയായിരുന്നു. ദേശീയപാതയുടെ ഓച്ചിറ മുതൽ ഹരിപ്പാടിെൻറ അതിർത്തിയായ രാമപുരംവരെയും കെ.പി റോഡിൽ കായംകുളം മുതൽ നൂറനാടുവരെയും തീരദേശത്തും അപകടങ്ങളിൽപെടുന്നവരുടെ ആദ്യചികിത്സ കേന്ദ്രമായിട്ടും ട്രോമകെയർ എന്ന പ്രാഥമിക ആവശ്യം വരെ വാഗ്ദാനം മാത്രം.
ഇതിനായി സി.ടി സ്കാൻ അടക്കം സൗകര്യങ്ങളുള്ള പദ്ധതിക്ക് ആറു വർഷം മുമ്പ് 2.5 കോടി അനുവദിച്ചിട്ടും നടപ്പാക്കാനായില്ല. നിയോജക മണ്ഡലത്തിലെ പ്രാധാന്യമുള്ള ഉയർന്ന ആശുപത്രിയുടെ വികസനം ഇപ്പോഴും വാഗ്ദാനങ്ങളിൽ ഒതുങ്ങിയത് ഈ പശ്ചാത്തലത്തിലാണ്.
അനുവദിച്ച ലക്ഷങ്ങൾ ചെലവഴിക്കാതെ പല വകുപ്പുകളിലായി കെട്ടിക്കിടക്കുന്നു. സൗകര്യം ഒരുക്കുമെന്ന വാഗ്ദാനങ്ങൾക്ക് ഒച്ചിഴയുന്ന വേഗമാണുള്ളത്. അത്യാധുനിക സൗകര്യത്തോടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കിഫ്ബിയില്‍നിന്നുള്ള പദ്ധതിയിലാണ് തുടർപ്രതീക്ഷ. ഇത് യാഥാർഥ്യമാകണമെങ്കിലും കാലംപിടിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വികസനത്തിനായി ആരോഗ്യവകുപ്പും നഗരസഭയും അനുവദിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ചകളാണ് നിലവിലെ ശോച്യാവസ്ഥക്ക് പ്രധാന കാരണം. ഗുണനിലവാരമില്ലാത്ത നിർമാണ രീതികളും പ്രശ്നമായി. ലാബിലേക്ക് മെഷീനുകൾ വാങ്ങാൻ കഴിഞ്ഞ മാർച്ചിൽ നഗരസഭ അനുവദിച്ച 32 ലക്ഷം വിനിയോഗിച്ചിട്ടില്ല.
അത്യാഹിത വിഭാഗത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സായാഹ്ന ഒ.പിയിലേക്ക് രണ്ട് ഡോക്ടർമാരെ നിയോഗിച്ചതും പ്രയോജനപ്പെടുന്നില്ല. വർഷംതോറും 12 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവഴിക്കുന്നത്. പവർ ലോൺട്രിക്കായി അനുവദിച്ച 30 ലക്ഷം ഉപയോഗപ്പെടുത്തുന്നതിലും ഗുരുതര വീഴ്ചയാണ് വരുത്തിയത്. ഇതിനായി വൈദ്യുതി സംവിധാനം കാര്യക്ഷമമാക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നഗരസഭ 50 ലക്ഷം രൂപ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ട് വർഷങ്ങളായിട്ടും പ്രയോജനമുണ്ടായിട്ടില്ല.
അത്യാഹിതം അത്യാഹിതത്തിൽ
ദേശീയപാതയും സംസ്ഥാന പാതകളും സംഗമിക്കുന്ന നഗരത്തിലെ പ്രധാന ആശുപത്രിയിലേക്കാണ് അപകടത്തിൽപെടുന്നവരെയും ഗുരുതര രോഗബാധിതരെയും ആദ്യം എത്തിക്കുന്നത്. എന്നാൽ, ഇവർക്ക് പരിചരണം നൽകുന്നതിനാവശ്യമായ മികച്ച അത്യാഹിത സംവിധാനം ഇല്ലായെന്നതാണ് ആശുപത്രി നേരിടുന്ന പ്രതിസന്ധി. ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെയുള്ളത്. ഇദ്ദേഹത്തിെൻറ കാബിന് മുന്നിൽ സാധാരണ രോഗത്തിന് ചികിത്സ തേടുന്നവരുടെ നീണ്ടനിരയാണ് ഏത് സമയവുമുള്ളത്. ഒരേ സമയം രണ്ട് അത്യാഹിതക്കാരുണ്ടായാൽ ഒരാൾക്ക് സേവനം നൽകാനാകുന്നില്ല. പരിഹാരത്തിനായി രണ്ട് ഡോക്ടർമാരെ നഗരസഭയുടെ ഉത്തരവാദിത്തത്തിൽ നിയമിച്ചെങ്കിലും ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാഥമിക ചികിത്സ നൽകി റഫർ െചയ്യൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ചികിത്സ നിർണയ സംവിധാനങ്ങളുടെ അഭാവമാണ് മുഖ്യപ്രശ്നം. സി.ടി സ്കാൻ ആവശ്യമെങ്കിൽ മെഡിക്കൽ കോളജിേലക്ക് വിടുകയേ മാർഗമുള്ളൂ. രാത്രിയിൽ എക്സ്റേ സൗകര്യം പ്രവർത്തിക്കുന്നില്ല. പോർട്ടബിൾ യൂനിറ്റ് ആശുപത്രിയിലുണ്ടെങ്കിലും ഇത് ഉപയോഗിച്ചിേട്ടയില്ല. ഇത്തരത്തിലുള്ള പല ഉപകരണങ്ങളും ഉപയോഗമില്ലാതെ നശിക്കുന്നതായാണ് ആക്ഷേപം. അത്യാഹിത വിഭാഗത്തിെൻറ നവീകരണമാണ് പ്രധാന ആവശ്യം. അപകടങ്ങളിൽ പരിക്കേറ്റവരുമായി ആദ്യം എത്തുന്ന ആശുപത്രിയിൽ ഇതിനാവശ്യമായ സൗകര്യം ഒരുക്കാത്തത് ചികിത്സ നിഷേധമാണ്.
ജീവനക്കാർക്ക്
ആശ്വാസമായി കോവിഡ് കാലം
നിലവിൽ 100 കിടക്ക വാർഡിന് ആനുപാതികമായ ജീവനക്കാരാണുള്ളത്. ജനറൽ വാർഡിൽ 125ഉം കുട്ടികളുടെ വാർഡിൽ 30ഉം കിടക്കകളുള്ള ആശുപത്രിയിൽ കോവിഡ് കാലത്തിന് മുമ്പ് 300ഒാളം കിടപ്പുരോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. 800 രോഗികളെ അനുവദിച്ചിട്ടുള്ള ഒ.പിയിൽ ദിനേന 1500നും രണ്ടായിരത്തിനുമിടയിൽ രോഗികളും ചികിത്സ തേടിയിരുന്നു.
അത്യാഹിതത്തിൽ 600 മുതൽ 800 രോഗികളാണ് ആശ്രയിച്ചിരുന്നത്. അനുവദിച്ചതിെൻറ പതിന്മടങ്ങ് രോഗികൾ എത്തിയിരുന്നത് പലപ്പോഴും സംഘർഷാവസ്ഥക്ക് കാരണമായി. രോഗികൾ കൂടുതലായത് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും തടസ്സമായി. നിലവിൽ കോവിഡ് ചികിത്സ ഇല്ലാത്തത് തിരക്ക് ഗണ്യമായി കുറക്കാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമില്ലാതെ ജനം ആശുപത്രിയിലേക്ക് വരാതായതും പ്രവർത്തനം സുഗമമാക്കുന്നു. ജീവനക്കാർക്ക് ആനുപാതികമായ രോഗികൾ എത്തുന്നുവെന്നതാണ് ഇപ്പോഴത്തെ ആശ്വസം.
നിലവിൽ 50 കിടപ്പുരോഗികളും 500 പ്രതിദിന ഒ.പിയുമാണുള്ളത്. 20 ഡോക്ടർമാരും നഴ്സിങ് സൂപ്രണ്ട് അടക്കം 32 നഴ്സുമാരും 14 അസിസ്റ്റൻറുമാരുമുണ്ട്. ഫാർമസി, ലാബ്, ഒാഫിസ് എന്നിവിടങ്ങളിലായി അറ്റൻഡർമാരടക്കം 32 പേരും ജോലി ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും താൽക്കാലികക്കാരാണ്. ആശുപത്രിയിൽ രോഗികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട തുക ശമ്പളം ഇനത്തിൽ മാത്രം ചെലവഴിക്കുകയാണ്. 250 കിടക്കകൾക്ക് ആനുപാതികമായ ജീവനക്കാരുടെ പാറ്റേൺ അനുവദിക്കണമെന്നാണ് ആവശ്യം.
ജില്ലയിലെ മികച്ച ഡയാലിസിസ് സെൻറർ
പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് ജില്ലയിലെ ഒന്നാമത്തെ ഡയാലിസിസ് സെൻററായി ഉയർത്താനായതാണ് നേട്ടം. 12 യൂനിറ്റുകളിലായി മൂന്ന് ഷിഫ്റ്റിൽ ആഴ്ചയിൽ 300ഒാളം പേർക്കാണ് ഡയാലിസിസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കിഫ്ബി വഴി അനുവദിച്ച 1.19 കോടി ചെലവിട്ട് എട്ട് മെഷീനും അനുബന്ധ സൗകര്യവും ഒപ്പം നാല് മെഷീൻ നഗരസഭയും സജ്ജമാക്കിയാണ് ഡയാലിസിസ് സംവിധാനം കാര്യക്ഷമമാക്കിയത്. നിലവിൽ 32 ജീവനക്കാരാണുള്ളത്. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ ആറ് ടെക്നീഷൻമാർ, ആറ് സ്റ്റാഫ് നഴ്സ്, ആറ് ശുചീകരണക്കാർ, രണ്ട് േഡറ്റ എൻട്രി ഒാപറേറ്റർമാർ എന്നിവരെ മാനേജിങ് കമ്മിറ്റി നിയമിച്ചു.
രണ്ട് വീതം ടെക്നീഷൻമാരെയും നഴ്സിനെയും എൻ.ആർ.എച്ച്.എമ്മും നൽകി. ജില്ലയിലെ ഒന്നാമത്തെ ഡയാലിസിസ് സെൻററായി ഉയർന്ന ഇവിടെ സ്ഥിരം ജീവനക്കാരെ അനുവദിക്കണമെന്ന് ആവശ്യമുണ്ട്.
വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് നെഫ്രോളജിസ്റ്റ് തസ്തിക അധികമായി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. ഫിസിഷ്യെൻറ മേൽനോട്ടത്തിലാണ് ഇപ്പോൾ യൂനിറ്റ്.
പ്രതീക്ഷ ഇനി കിഫ്ബിയിൽ
പരിമിതികളാൽ നട്ടം തിരിയുന്ന ആശുപത്രിയുടെ വികസനത്തിൽ കിഫ്ബിയിൽ പ്രതീക്ഷവെക്കുകയാണ് നാട്. യു. പ്രതിഭ എം.എൽ.എയുടെ ഇടപെടലിൽ 45.70 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
1,40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലയിലായുള്ള പുതിയ കെട്ടിടങ്ങളാണ് കിഫ്ബി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
150 കിടക്ക സൗകര്യം, 16 പേവാര്‍ഡുകള്‍, മേജര്‍ ഔട്ട് പേഷ്യൻറ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാര്‍ ഓപറേഷന് തിയറ്ററുകള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, പവര്‍ ലോണ്ട്രി, ഡയാലിസിസ് യൂനിറ്റ്, തീവ്രപരിചരണ വിഭാഗങ്ങള്‍, സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, വാട്ടര്‍ ട്രീറ്റ്മെൻറ് പ്ലാൻറ്, ചുറ്റുമതില്‍, സെക്യൂരിറ്റി കാബിന്, അഗ്നിരക്ഷാ ഉപകരണങ്ങള്‍, സി.സി ടി.വി യൂനിറ്റുകള്‍, ലിഫ്റ്റ് സൗകര്യം, ജനറേറ്ററുകള്‍, ലാൻഡ് സ്കേപ്പിങ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പുതിയ സംവിധാനത്തിൽ നിർദേശിച്ചിരിക്കുന്നത്.
കെട്ടിടങ്ങൾ പൊളിക്കുന്നതിനാൽ ബദൽ സൗകര്യമൊരുക്കാൻ 17 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.