വിനോദകേന്ദ്രത്തിൽ ദുർഗന്ധം വമിക്കും കാഴ്ചകൾ
text_fieldsകായംകുളം: വിനോദസഞ്ചാര കേന്ദ്രം മാലിന്യം തള്ളൽ കേന്ദ്രമായി. നഗരത്തിന് പടിഞ്ഞാറു വശത്തെ തീരദേശ വിനോദസഞ്ചാര കേന്ദ്രത്തിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. കരിപ്പുഴതോട്ടിലേക്ക് വലിച്ചെറിയുന്നവയാണ് കായംകുളം കായലിലൂടെ ഒഴുകിയെത്തി ജലോത്സവ പവിലിയനിലും പരിസരത്തുമായി അടിയുന്നത്. വേലിയേറ്റ-വേലിയിറക്ക സമയങ്ങളിലാണ് ഇവ കരയിലേക്ക് തള്ളുന്നത്.
നിലവിൽ ജലോത്സവ പവിലിയനും മത്സ്യകന്യക ശിൽപത്തിെൻറ പരിസരവും മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുകയാണ്. കൊതുക്, ഈച്ച തുടങ്ങിയവ പെരുകാനും ഇവ കാരണമാകുന്നു. രാത്രി ഹോട്ടൽ-അറവ് മാലിന്യം തള്ളുന്നതും പതിവാണ്.
ഇവ ചീഞ്ഞളിഞ്ഞുള്ള ദുർഗന്ധം കാരണം പ്രദേശത്ത് നിൽക്കാൻ കഴിയില്ല. വള്ളംകളിക്കായി കായൽ നവീകരിച്ചപ്പോൾ പുറന്തള്ളിയ മണ്ണിട്ട് നികത്തിയാണ് കായലോരത്ത് വിനോദസഞ്ചാര കേന്ദ്രം സ്ഥാപിച്ചത്. തീരദേശ പരിപാലന നിയമ പരിധിയിൽ വരുന്നതിനാൽ നിയമാനുസൃതമാക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഇതുകാരണം കോടികൾ മുടക്കിയ വിനോദസഞ്ചാര വികസന പദ്ധതി പ്രയോജനരഹിതമായി സാമൂഹികവിരുദ്ധരുടെ താവളമാകുകയാണ്. മയക്കുമരുന്നു ലോബിയുടെ തട്ടകമായും ഇവിടം മാറി. വൈദ്യുതീകരണ സംവിധാനങ്ങൾ പൂർണമായി നശിപ്പിക്കപ്പെട്ടു. ശക്തമായ നടപടികളിലൂടെ വിനോദസഞ്ചാര കേന്ദ്രം ജനങ്ങൾക്ക് ഉപകാരപ്പെടുന്നതരത്തിൽ പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.