കായംകുളം കായലോര ടൂറിസം വികസന പദ്ധതി; അഴിമതിയുടെ സ്മാരകം
text_fieldsകായംകുളം: കൊട്ടിഗ്ഘോഷിച്ച കായംകുളം കായലോര ടൂറിസം വികസന പദ്ധതി അഴിമതിയുടെ നിത്യസ്മാരകമായി. കോടികൾ ചെലവഴിച്ച പദ്ധതി അഴിമതി മറയാക്കിയ തട്ടിപ്പായിരുന്നുവെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ആറുവർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംരംഭം ഇതുവരെയും പ്രാവർത്തികമാക്കാൻ കഴിയാത്തതാണ് സംശയങ്ങൾക്ക് കാരണം. ഇടതു സർക്കാറിന്റെ എക്കാലത്തെയും നാണക്കേടാകുന്ന പദ്ധതിയായും ഇത് മാറുകയാണ്.
നിയമലംഘന പദ്ധതിക്ക് ആറ് കോടിയോളം ചെലവഴിച്ചത് എന്തിനായിരുന്നെന്ന ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല. സി.കെ. സദാശിവൻ എം.എൽ.എയായിക്കെ നടപ്പാക്കിയ വികസനമാണ് ‘അഴിമതി സ്മാരകമായത്’.
കായൽ നികത്തിയ സ്ഥലത്തിന് രേഖകളില്ലാത്തതാണ് വികസനം പാഴാക്കിയത്. നിയമപരമല്ലാത്തതിനാൽ കെട്ടിട നമ്പർ നൽകാൻ വിസമ്മതിക്കുന്ന നഗരസഭയിൽ ഇതുസംബന്ധിച്ച ഫയലുകളും ഇല്ല. പാർക്ക് സ്ഥാപിച്ച സ്ഥലം രേഖകളിൽ കായലാണ്. കായലോരത്ത് ചെറിയ നിർമാണം നടന്നാൽപോലും ഇടപെടുന്നവർ ഔദ്യോഗികമായ വൻകൈയേറ്റം കണ്ടില്ലെന്ന് നടിച്ചതാണ് പ്രശ്നമായത്. ഇതോടൊപ്പം തീരദേശ നിയമത്തിന്റെ കുരുക്കുകളും ബാധിച്ചു.
കായൽ വികസനത്തിന്റെ മറവിൽ അനുമതി വാങ്ങാതെ രണ്ട് ഏക്കറോളം സ്ഥലമാണ് നികത്തിയത്. നിയമം പാലിക്കണമെന്ന് നിർദേശിക്കാൻ റവന്യൂ വകുപ്പും തയാറായില്ല. ഹൗസ് ബോട്ട് ടെർമിനൽ, ജലോത്സവത്തിനായി സ്ഥിരം ഗാലറി, വി.ഐ.പി പവിലിയൻ, വാട്ടർ പവിലിയന് മേൽക്കൂര, തീരസംരക്ഷണ ഭിത്തി, ഭക്ഷണശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ, ബോട്ട് വാക് വ്യൂ, പാർക്ക്, നീന്തൽക്കുളം, മത്സ്യകന്യക ശിൽപം എന്നിവയായിരുന്നു പദ്ധതികൾ. ഇതിൽ പാർക്കും ശിൽപവുമാണ് യാഥാർഥ്യമാക്കിയത്. ബാക്കി പദ്ധതികൾ അങ്ങനെ കിടക്കുമ്പോഴാണ് ചെലവഴിച്ച കോടികളിൽ സംശയം ഉയരുന്നത്. എങ്ങനെ കൂട്ടിയിട്ടും ആറ് കോടിയിൽ എത്തുന്നില്ല. കെട്ടിട നമ്പറുകൾ ഇല്ലാത്തത് വൈദ്യുതിയടക്കം ലഭിക്കാൻ തടസ്സമായി. ഇതാണ് ഔദ്യോഗിക പ്രവർത്തനങ്ങൾക്കും നഗരസഭ ഏറ്റെടുക്കുന്നതിനും തടസ്സമായത്. ഹൗസ് ബോട്ടുകൾക്ക് കടന്നുവരാവുന്ന തരത്തിലുള്ള ആഴം കൂട്ടലാണ് നടപ്പാക്കിയത്.
എന്നാൽ, ഒരു ബോട്ടുപോലും ഇതുവഴി എത്തിയില്ല. കോടികളുടെ വിഹിതം പല പോക്കറ്റുകളിലേക്കും ഒഴുകിയതാണ് പരിശോധനകൾക്കും ചോദ്യം ചെയ്യലിനുമൊക്കെ തടസ്സമായതെന്നും പറയുന്നു. വികസന വീഴ്ചകളെ ചോദ്യം ചെയ്യാൻ ആരും രംഗത്തില്ലാത്തതാണ് അഴിമതിക്കാർക്ക് സൗകര്യമായത്.
നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞ് എം.എൽ.എ
കായംകുളം: കായലോര വിനോദസഞ്ചാര വികസന പദ്ധതി പ്രാവർത്തികമാക്കാൻ സാധ്യമായ ഇടപെടലുകൾ നടത്തിവരുന്നതായാണ് യു. പ്രതിഭ എം.എൽ.എ പറയുന്നത്. നിയമക്കുരുക്കുകൾ അഴിച്ചെടുക്കുക പ്രയാസമേറിയ കടമ്പയാണ്. ഇത് മറികടക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. ഔദ്യോഗികമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. തനിക്ക് മുമ്പുള്ള എം.എൽ.എയാണ് പദ്ധതി രൂപപ്പെടുത്തിയത്. അന്ന് ഫയലുകൾ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. നിയമപരമായ നടപടികൾ ഉദ്യോഗസ്ഥരാണ് ചൂണ്ടിക്കാട്ടേണ്ടത്. അന്നത്തെ റവന്യൂ വിഭാഗം ഇക്കാര്യത്തിൽ ഗുരുതര അലംഭാവംകാട്ടി. പദ്ധതി നടത്തിപ്പ് ചുമതലയുണ്ടായിരുന്ന നിർവഹണ വിഭാഗത്തിനും വീഴ്ച സംഭവിച്ചതായാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ഇതിനെ മറികടക്കാൻ ഇടപെടലുകൾ നടത്തിയെങ്കിലും വിജയിച്ചില്ല. തീരപരിപാലന നിയമം അടക്കം തടസ്സമായി. കെട്ടിട നമ്പർ നൽകാൻ നഗരസഭക്കും സാങ്കേതികമായ പ്രയാസങ്ങളുണ്ട്. വിഷയത്തിൽ പരിഹാരം തേടി നിരവധി തവണ മന്ത്രിമാരുടെ ഓഫിസുകൾ കയറിയിറങ്ങിയിരുന്നു. കലക്ടർ, ഡി.ടി.പി.സി തുടങ്ങിയ ഇടങ്ങളിലും കത്ത് നൽകി. പദ്ധതി രൂപപ്പെടുത്തിയ സമയത്തുണ്ടായ പ്രശ്നങ്ങൾക്ക് എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വിഷയത്തിൽ കാര്യം അറിയാതെയുള്ള പ്രതികരണമാണ് ഉത്തരവാദിത്തപ്പെട്ടവർപോലും പലപ്പോഴും നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.