ദേശീയപാത വികസനം രണ്ടായി കായംകുളം ടൗൺ
text_fieldsകായംകുളം: ദേശീയപാത വികസനത്തിൽ ടൗണിനെ കിഴക്കും പടിഞ്ഞാറുമായി രണ്ടായി മുറിക്കുന്ന സ്ഥിതിയിലെത്തിയിട്ടും ഭരണസംവിധാനങ്ങളും നഗരവാസികളും മൗനത്തിൽ. ടൗണിന്റെ പുരോഗതി ലക്ഷ്യമാക്കി അടിപ്പാതകൾ ചോദിച്ചുവാങ്ങുന്നതിൽ ഭരണസംവിധാനങ്ങൾ ഗുരുതര വീഴ്ചയാണ് വരുത്തിയത്. അലൈമെന്റ് പൂർത്തിയാക്കി നിർമാണത്തിലേക്ക് കടന്ന ഘട്ടത്തിലാണ് നഗരസഭയടക്കം ആവശ്യവുമായി രംഗത്തിറങ്ങിയത്. സർവകക്ഷി യോഗം വിളിച്ചുചേർത്ത് ജനകീയ സമ്മർദം ശക്തമാക്കിയാലേ വിഷയത്തിന് പരിഹാരമാകൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വർഷങ്ങൾക്ക് മുമ്പ് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഭാഗം ഉയരംകൂട്ടി നവീകരിച്ചതോടെ കായംകുളം ടൗൺ രണ്ട് മേഖലകളായി വെട്ടിമുറിക്കപ്പെട്ടിരുന്നു. പടിഞ്ഞാറൻ മേഖലയുടെ വികസനമാണ് ഇതിലൂടെ അട്ടിമറിക്കപ്പെട്ടത്. മൾട്ടിപ്ലക്സ് സിനിമ തിയറ്റർ, വള്ളംകളി നടക്കുന്ന ബോട്ടുജെട്ടി, ടൗൺഹാൾ, മുനിസിപ്പൽ ലൈബ്രറി, ആരാധനാലയങ്ങൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം ദേശീയപാതക്ക് പടിഞ്ഞാറുള്ളത്. അടിപ്പാത വന്നെങ്കിൽ മാത്രമേ ജനങ്ങൾക്ക് സുഗമമായി ഇവിടേക്ക് എത്താൻ കഴിയൂ. ഇതിന് സംവിധാനം ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയാണ് അധികൃതരിൽനിന്ന് ഉണ്ടായത്. നഗരമധ്യത്തിൽ വന്മതിലായി രൂപപ്പെട്ടതിന്റെ പ്രതിസന്ധി മുന്നിൽ നിൽക്കെയാണ് പരിഹാരം കാണുന്നതിൽ അലംഭാവമുണ്ടായത്.
തിരക്കേറിയ കാർത്തികപ്പള്ളി-കായംകുളം റോഡിൽ കോളജ് ജങ്ഷനിലും അടിപ്പാത അനിവാര്യമാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗം ഇല്ലാതാകുന്ന തരത്തിലാണ് നിലവിലെ രൂപകൽപന. ഇതിനെതിരെ തീരദേശവാസികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കൃഷ്ണപുരം ഭാഗത്തെ അടിപ്പാതക്ക് വീതിയില്ലാത്തതും പ്രശ്നമാണ്. വലിയ വാഹനങ്ങൾ ഓച്ചിറ എത്തി മാത്രമേ കായംകുളം ഭാഗത്തേക്ക് തിരിയാൻ കഴിയൂവെന്നാണ് പറയുന്നത്. ഈ റീച്ചിൽ അനുവദിച്ച ഫണ്ടിന്റെ ഗണ്യഭാഗവും കൊല്ലം ജില്ലയിലെ ദേശീയപാത വികസനത്തിനാണ് ചെലവഴിക്കുന്നത്.
കായംകുളം ഭാഗത്തെ വിഷയങ്ങൾ യഥാസമയം ചൂണ്ടിക്കാണിക്കുന്നതിൽ ജനപ്രതിനിധികൾക്ക് വീഴ്ച സംഭവിക്കുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ യോജിച്ച പ്രക്ഷോഭം ഉണ്ടായാലേ തിരുത്തൽ സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.