കനത്ത മഴയിൽ കായംകുളം മുങ്ങി
text_fieldsകായംകുളം: കനത്ത മഴയിൽ കായംകുളം ടൗണിന്റെ പടിഞ്ഞാറൻ മേഖല മുങ്ങി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ തുടങ്ങിയ മഴ ഞായറാഴ്ച പുലർച്ചവരെ നീണ്ടതോടെ രൂക്ഷമായ വെള്ളപ്പൊക്കമാണ് പ്രദേശത്തുണ്ടായത്.
കായംകുളം കാർത്തികപ്പള്ളി റോഡിൽ ഒ.എൻ.കെ ജങ്ഷനും ഐക്യ ജങ്ഷനുമിടയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത് ഐക്യ ജങ്ഷനിലാണ്. പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളംകയറി. ഐക്യ ജങ്ഷൻ ചേലിക്കുളങ്ങര റോഡ് പ്രളയസമാന അവസ്ഥയിലായി മാറുകയായിരുന്നു. സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച വൈകീട്ടും വെള്ളം ഇറങ്ങിയിട്ടില്ല.
മുണ്ടകത്തിൽ -ചാലാപ്പള്ളി തോട് കവിഞ്ഞ് ഒഴുകിയതോടെ തോടിന്റെ സമീപ പ്രദേശങ്ങളും വീടുകളും വെള്ളക്കെട്ടിലായി. തോടിന് സമീപത്തായി സ്ഥിതിചെയ്യുന്ന തച്ചടിയിൽ പ്രഭാകരൻ സ്മാരക ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഐ.പി ബ്ലോക്കും ഒ.പി ബ്ലോക്കും വെള്ളത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി . ചികിത്സക്ക് എത്തിയവരും ഡോക്ടർമാരും ജീവനക്കാരുമെല്ലാം ദുരിതത്തിലായി.
അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നാശനഷ്ടങ്ങൾ ഏറെയാണ്. വീട്ടുപകരണങ്ങൾക്കും കൃഷികൾക്കും നാശം സംഭവിച്ചു. മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കുകയായിരുന്നു. മഴവെള്ളം ഒഴുകിപ്പോകുവാൻ വേണ്ടത്ര നീരൊഴുക്ക് സംവിധാനങ്ങൾ പ്രദേശങ്ങളിൽ ഇല്ലാത്തതും റോഡുകൾ ഉയരംകൂടി പുനർനിർമിച്ചതും ചാലാപ്പള്ളി തോടിന്റെ ആഴംകുറഞ്ഞതുമാണ് വെള്ളപ്പൊക്കം രൂക്ഷമാകുവാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.