കെ.സിയുടെ കായംകുളത്തെ സ്വീകരണം റദ്ദാക്കി
text_fieldsകായംകുളം: വിജയം ആഘോഷിക്കാൻ കൂടിയ യോഗവും തമ്മിലടിയിൽ കലാശിച്ചതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എം.പിയുടെ കായംകുളത്തെ സ്വീകരണം റദ്ദാക്കിയതിന്റെ നാണക്കേടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ കുറെ നാളുകളായി കോൺഗ്രസിനുള്ളിൽ പുകയുന്ന ചേരിതിരിവ് യു.ഡി.എഫ് നേതൃയോഗത്തിലെ അടിയിൽ കലാശിച്ചതോടെ വിഷയം പരസ്യ വിഴുപ്പലക്കലിലേക്ക് കടക്കുകയാണ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ ചുമതലയേൽക്കുന്ന യോഗങ്ങളിലെ സ്ഥിരം തർക്കങ്ങൾക്ക് ലോക്സഭ സ്ഥാനാർഥി പ്രഖ്യാപനത്തോടെയാണ് താൽകാലിക വിരാമമായത്. തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയതോടെ വിഷയങ്ങൾ ചിലയിടങ്ങളിൽ വീണ്ടും പുകഞ്ഞ് തുടങ്ങി. യോഗങ്ങളിൽ നേതാക്കളുടെ പേരുകൾ വിട്ടുപോകുന്നത് വരെ സംഘർഷത്തിന് കാരണമായി മാറി.
സ്വീകരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റും തമ്മിൽ നടന്ന തെറിവിളി കേട്ട് നാട്ടുകാർക്ക് കാത് പൊത്തേണ്ടി വന്നു. ചേരാവള്ളിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്ത യോഗത്തിന് ശേഷമുണ്ടായ സംഘർഷം പടരാതിരിക്കാൻ നേതൃത്വത്തിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. സ്വാഗത പ്രസംഗത്തിൽ യു.ഡി.എഫ് കൺവീനർ ഡി.സി.സി സെക്രട്ടറിയുടെ പേര് ഒഴിവാക്കിയതാണ് കാരണം. യോഗശേഷം കൺവീനറുടെ കാതിൽ സെക്രട്ടറി എന്തോ പറഞ്ഞു. ഉടൻതന്നെ കൺവീനറുടെ ചെരുപ്പ് സെക്രട്ടറിയുടെ പുറത്ത് പതിയുന്നതാണ് കണ്ടത്. വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ യുദ്ധകാല ഇടപെടലുകൾ നടത്തിയാണ് താൽകാലിക പരിഹാരം കണ്ടത്. പലയിടത്തും നേതാക്കളുടെ ഇടപെടലുകൾ പരിധിവിട്ടതോടെ പലരോടും താക്കീതിന്റെ സ്വരത്തിൽ കെ.സിക്ക് സംസാരിക്കേണ്ടി വന്നതായും അറിയുന്നു.
പരസ്പരം പോരടിക്കുന്ന നേതാക്കളെ വച്ച് മണ്ഡലത്തിൽ പ്രവർത്തനം നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് ഇവിടെ തെരഞ്ഞെടുപ്പ് ചുമതല നൽകേണ്ടി വന്നത്. ഇദ്ദേഹത്തിനും നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കണക്ക് അവതരിപ്പിക്കാൻ നഗരത്തിന് വടക്കുവശമുള്ള കൺവൻഷൻ സെന്ററിൽ കൂടിയ യു.ഡി.എഫ് യോഗത്തിൽ കായംകുളത്തെ നേതാക്കളുടെ കരുത്ത് ചന്ദ്രശേഖരനും ബോധ്യമായി. കമ്മിറ്റിയിൽ ഇല്ലാത്തവർ പുറത്തുപോകണമെന്ന് പറഞ്ഞ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ലിസ്റ്റ് ബ്ലോക്ക് സെക്രട്ടറി ബലമായി പിടിച്ചുവാങ്ങിയപ്പോൾ മിണ്ടാതെ നിൽക്കാനെ കഴിഞ്ഞുള്ളു. നാണക്കേട് ഓർത്ത് പരാതിപോലും പറയാൻ മുതിർന്ന നേതാവ് തയാറായില്ല. നേതാക്കളുടെ തമ്മിലടി അതിജയിച്ച് മണ്ഡലത്തിൽ നേടിയ തിളക്കമാർന്ന മുന്നേറ്റത്തിന്റെ നിറം കെടുത്തുന്ന നടപടികൾ വ്യാപക വിമർശനങ്ങൾക്ക് കാരണമാകുകയാണ്. കർശന നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഡി.സി.സി സെക്രട്ടറിയുടെ സസ്പെൻഷൻ എന്നാണ് സൂചന.
തമ്മിലടിക്കുന്നവരുടെ സ്വീകരണം വേണ്ടെന്ന കെ.സി. വേണുഗോപാൽ എം.പിയുടെ നടപടിയും കായംകുളത്തെ നേതാക്കളോടുള്ള അസംതൃപ്തിയുടെ പ്രതിഫലനമാണത്രെ. വെള്ളിയാഴ്ചയാണ് സ്വീകരണം തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.