ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവരൽ
text_fieldsകായംകുളം: കൃഷ്ണപുരം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം പിടിച്ചുപറിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകളടക്കുള്ള പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
മീറ്റർ പലിശ സംഘത്തലവനായ എരുവ പടിഞ്ഞാറ് കോട്ടയിൽ ഷിനു (ഫിറോസ് ഖാൻ- 32), കുപ്രസിദ്ധ ഗുണ്ട കൃഷ്ണപുരം പുള്ളിക്കണക്ക് കുന്നത്ത് വീട്ടിൽ തൊണ്ണാത്തി സജീർ (33), കീരിക്കാട് പുളിവേലിൽ കരാട്ടേ സമീർ ബാബു (35), എരുവ വാണിയന്റയ്യത്ത് മുഹമ്മദ് മുനീർ (22), കായംകുളം കാഴ്ച കുന്നേൽ കുട്ടപ്പായി (കൊച്ചുമോൻ 39) എന്നിവരെയാണ് മുക്കടയിലെ ഹോട്ടലിലും ഷിനുവിന്റെ വീട്ടിലും എത്തിച്ച് തെളിവെടുത്തത്.
മുക്കട കാട്ടൂസ് കിച്ചൺ ഉടമ റിഹാസിനെയാണ് തട്ടിക്കൊണ്ടുപോയത്. 24,000 രൂപ പിടിച്ചു പറിച്ചതായാണ് കേസ്. കഴിഞ്ഞ 24ന് പുലർച്ചയായിരുന്നു സംഭവം. മുക്കടയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ അതേദിവസം തന്നെ ഇവർ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലും യുവാവിനെ കഴുത്തിൽ കത്തിവെച്ച് തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തെയാണ് ഇടുക്കി ചിന്നക്കനാലിൽവെച്ച് പ്രതികൾ ആക്രമിച്ചിരുന്നു. ഇതിൽ കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് കേസുണ്ട്. ഇവിടെ നിന്നുമാണ് കായംകുളത്തെ കേസുകളിൽ കസ്റ്റഡിയിൽ വാങ്ങിയത്.
മുക്കടയിലെ ഹോട്ടൽ വ്യാപാരിയുടെ സ്ഥാപനത്തിനുനേരെ മുമ്പ് രണ്ട് പ്രാവശ്യം പ്രതികൾ ആക്രമണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രമുഖ മീറ്റർ പലിശക്കാരനായ ഷിനുവിനും സംഘത്തിനെതിരെയും നിരവധി വിവരങ്ങൾ ലഭിച്ചിട്ടുള്ളതായി ഡിവൈ.എസ്.പി ജി. അജയനാഥും സി.ഐ വൈ. മുഹമ്മദ് ഷാഫിയും പറഞ്ഞു. മീറ്റർ പലിശ സംഘവുമായി ചേർന്ന് വ്യാപാരം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ കാപ്പ ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.