സഞ്ചാരികളെ മാടിവിളിച്ച് കൃഷ്ണപുരം കൊട്ടാരം; കേരളീയ വാസ്തുശിൽപകലയുടെ തനിമയാണ് കൊട്ടാരത്തെ വേറിട്ടുനിർത്തുന്നത്
text_fieldsകായംകുളം: ദേശീയപാതയോരത്തിന് വിളിപ്പാടകലെ കേരളീയ വാസ്തുശിൽപകലയുടെ മികച്ച മാതൃകയായ കൃഷ്ണപുരം കൊട്ടാരം സഞ്ചാരികളെ മാടിവിളിക്കുന്നു. കോവിഡ് മഹാമാരിയാൽ അടച്ചിട്ട കൊട്ടാരം െസപ്റ്റംബർ 14 നാണ് വീണ്ടും തുറന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 500ന് മുകളിൽ സന്ദർശകർ എത്തുന്നുണ്ട്. തിങ്കളാഴ്ച അവധിയാണ്. കൊട്ടാരവും പരിസരവും വിവാഹ ആൽബങ്ങൾക്ക് പകർത്താൻ ഇപ്പോൾ 1550 രൂപ ഇൗടാക്കുന്നുണ്ട്. ഒരുമാസത്തിൽ ഇങ്ങനെ അര ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. കായംകുളത്തിനും ഒാച്ചിറക്കുമിടയിൽ കൃഷ്ണപുരത്തുനിന്ന് 500 മീറ്റർ അകത്തോട്ട് മാറിയാണ് കൊട്ടാരം.
കേരളീയ വാസ്തുശിൽപകലയുടെ തനിമ പ്രകടമാക്കുന്ന നിർമാണവൈഭവമാണ് കൊട്ടാരത്തെ വേറിട്ടുനിർത്തുന്നത്. തൃകോണാകൃതിയിെല മുഖപ്പുകളോടു കൂടിയ മേൽക്കൂരയും കനത്ത വാതിൽപ്പടികളും ഇടുങ്ങിയ ഇടനാഴികളും നിറഞ്ഞ 16 കെട്ടാണ് കൊട്ടാരം. 22 മുറി, പൂമുഖം, കോണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി, അടുക്കള എന്നിവ താഴത്തെ നിലയിലും മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികൾ എന്നിവ മുകളിലത്തെ നിലയിലുമാണുള്ളത്. തേക്കിലും ആഞ്ഞിലിയിലും കടഞ്ഞെടുത്ത കൊത്തുപണികൾ കലാമേന്മ വിളിച്ചോതുന്നു. പടിഞ്ഞാറുവശത്തെ ശുദ്ധജലം നിറഞ്ഞ നീരാഴിക്കെട്ട് കൊട്ടാരത്തെയും പരിസരത്തെയും സദാ കുളിർമയുള്ളതാക്കുന്നു. 18ാം നൂറ്റാണ്ടിൽ തിരുവിതാകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡ വർമയാണ് കൊട്ടാരം പുനർനിർമിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ ഒറ്റപ്പാനൽ ചുവർചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന 'ഗജേന്ദ്രമോക്ഷം' കൊട്ടാരത്തിലെ മനോഹര കാഴ്ചകളിലൊന്ന്. പുരാണപ്രസിദ്ധമായ ഗജേന്ദ്രമോക്ഷം കഥയെ ആസ്പദമാക്കിയ ചിത്രത്തിന് 154 ചതുരശ്രയടി വലുപ്പമുണ്ട്. കാവികലർന്ന ചുവപ്പിൽ വരച്ച ഗരുഡൻ, ഹരിതനീലവർണത്തിലെ മഹാവിഷ്ണു, ഗജേന്ദ്രൻ, കറുത്ത വരകളാൽ മുതല, ഋഷീശ്വരന്മാർ, ആനകൾ, കിന്നരപ്പക്ഷികൾ, താമരപ്പൊയ്ക, ശ്രീകൃഷ്ണരൂപം, കൃഷ്ണനും ഗോപികയും ഗോപസ്ത്രീകൾ എന്നിവയുമുണ്ട്. മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമാണ് ചിത്രത്തിനുള്ളത്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിെൻറ നീര് എന്നിവയുടെ കൂട്ടാണ് ചിത്രരചനക്ക് ഉപയോഗിച്ചത്.
1960ൽ പുരാവസ്തുവകുപ്പ് ഏറ്റെടുത്തതോടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വസ്തുക്കളും പ്രദർശനത്തിനുണ്ട്. കായംകുളം വാൾ, വിവിധ യുദ്ധോപകരണങ്ങൾ, കൈയാമങ്ങൾ, കണ്ണാടിയും പ്രഭയും, സംസ്കൃതത്തിൽ രചിച്ച ബൈബിൾ, നാഗരൂപങ്ങൾ, തൂക്കക്കട്ടികളും അളവുപാത്രങ്ങളും തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഹരപ്പ-മോഹൻെജാദാരോ ഉൽഖനനാവശിഷ്ടങ്ങൾ, മഹാശിലായുഗ സംസ്കാര അവശിഷ്ടങ്ങൾ തുടങ്ങി അപൂർവമായ കാഴ്ചവസ്തുക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.