ലക്ഷം ലിറ്റർ പാൽ; 50 പശുക്കൾ, ഓണാട്ടുകരയിൽ ഷിഹാബുദ്ദീന്റെ ധവള വിപ്ലവം
text_fieldsകായംകുളം: പ്രവാസത്തിൽ നിന്നും പശുവളർത്തലിലേക്ക് തിരിഞ്ഞ ഷിഹാബുദ്ദീൻ ഓണാട്ടുകരയിൽ പാലുൽപ്പാദനത്തിൽ ‘ധവള വിപ്ലവം’ സൃഷ്ടിക്കുന്നു. താമരക്കുളം കണ്ണനാകുഴി മുട്ടത്തേത്ത് ഷൈല മൻസിൽ എം.എസ്. ഷിഹാബുദ്ദീനാണ് (54) പൊതുപ്രവർത്തനങ്ങൾക്ക് ഒപ്പം ക്ഷീര കർഷക രംഗത്തും മാതൃകയാകുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ലിറ്റർ പാൽ അളന്നതിലൂടെ ജില്ലയിലെ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുടുംബം. തിങ്കളാഴ്ച ജന്മനാട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങുന്നതും ഇരട്ടിമധുരമായി.
ഇത്രയും ലിറ്റർ പാൽ പ്രാദേശിക വിപണിയിലും വിൽപ്പന നടത്തിയിട്ടുണ്ട്. വീട്ടുവളപ്പിലെ ഫാമിൽ അമ്പതോളം പശുക്കളെയാണ് പരിപാലിക്കുന്നത്. 2015 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്. അന്ന് രണ്ട് പശുക്കളാണ് ഉണ്ടായിരുന്നത്. പിതാവായ പരേതനായ ഷരീഫുദ്ദീൻ കുഞ്ഞായിരുന്നു ഇതിനെ പരിപാലിച്ചിരുന്നത്. നാട്ടിലെത്തിയതോടെ ഷിഹാബ് ചുമതല ഏറ്റെടുത്തു. 2017 ൽ ക്ഷീര വികസന വകുപ്പിൽ നിന്നും 10 പശുക്കളെ സ്വന്തമാക്കി ഫാമായി വികസിപ്പിക്കുകയായിരുന്നു. ഒരോ വർഷവും എണ്ണം വർധിപ്പിച്ചാണ് വിവിധ ഇനങ്ങളിലുള്ള ഇത്രയും പശുക്കളിൽ എത്തിച്ചത്.
കൂടാതെ പത്തോളം കിടാരികളുമുണ്ട്. എട്ട് ലിറ്റർ മുതൽ 25 ലിറ്റർ വരെ പാൽ നൽകുന്ന പശുക്കളിൽ നിന്നായി പ്രതിദിനം രാവിലെ 350 ലിറ്ററും വൈകുന്നേരം 250 ലിറ്ററുമാണ് ഉൽപ്പാദനം. ഇതിൽ നൂറ് ലിറ്ററോളം പ്രദേശികമായും ബാക്കി കണ്ണനാകുഴി ക്ഷീര സംഘത്തിലുമായി നൽകും. വീടിനോട് ചേർന്ന അമ്പത് സെന്റോളം സ്ഥലത്ത് ആധുനിക രീതിയിലാണ് ഫാം സജ്ജീകരിച്ചിരിക്കുന്നത്. കാലികൾക്ക് വെള്ളം കുടിക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനങ്ങളും കാറ്റുകൊള്ളാൻ ഫാനുകളും ഒരുക്കിയിട്ടുണ്ട്. ചാണകം ഉണക്കി സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. മൂന്ന് ഏക്കറിലെ സ്ഥലത്തെ നെൽകൃഷിയിൽ നിന്നുള്ള വൈക്കോലും ഒന്നര ഏക്കറിലെ പുൽകൃഷിയും പശുക്കൾക്ക് തീറ്റ യഥേഷ്ടം ലഭിക്കാൻ സഹായിക്കുന്നു. ഭാര്യ ജെസിമോളും മക്കളായ ബബീൽ, ഹൈഫ എന്നിവരും പരിപാലനവുമായി ഫാമിലുണ്ടാകും. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് സഹായികളായി ജോലി ചെയ്യുന്നത്. ഇലിപ്പക്കുളം കൊച്ചുവിളയിൽ കൃഷ്ണൻ മേൽനോട്ടക്കാരനായും മിക്കപ്പോഴുമുണ്ടാകും. കണ്ണനാകുഴി ക്ഷീര സംഘം, കണ്ണനാകുഴി ജമാഅത്ത് കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് പദവികൾ വഹിക്കുന്ന ഷിഹാബ് ഇതര പൊതുപ്രവർത്തന മേഖലകളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.