മേട്ടുതറയുടെ രാജി: അമ്പരപ്പ് വിട്ടുമാറാതെ പത്തിയൂർ സഖാക്കൾ
text_fieldsകായംകുളം: 'സംസ്ഥാന സെക്രട്ടറിയെ ഏകാധിപതിയെന്ന് വിളിച്ച് പാർട്ടി ഒാഫിസിൽനിന്ന് ഇറങ്ങിയ നേതാവ് കേന്ദ്ര ഭരണപാർട്ടിക്ക് ഒപ്പമുള്ള സമുദായ പാർട്ടിയുടെ ഒാഫിസിലേക്ക് കയറുന്നത് കണ്ട പത്തിയൂർ സഖാക്കളുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല.
പാരമ്പര്യമുള്ള വിപ്ലവ തറവാട്ടിലെ കുഞ്ഞ് ഇൗ മാതിരി ചെയ്ത്ത് ചെയ്യാൻ പാടുണ്ടായിരുന്നോവെന്ന 'ദാമോദരൻ സഖാവിെൻറ' ചോദ്യത്തിന് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് ചായക്കടയിലിരുന്നു ഉത്തരം മുട്ടാനെ കഴിഞ്ഞുള്ളു.
ഒാണാട്ടുകരയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത കുടുംബത്തിൽനിന്നുള്ള മതിലുചാട്ടത്തിൽ അത്രക്കുണ്ട് അമർഷം. കമ്യൂണിസ്റ്റ് പാർട്ടി വളർത്താൻ ഏറെ മർദനം സഹിച്ച കുടുംബത്തിൽനിന്നുള്ള ഇളമുറക്കാരനെ അത്രയേറെ പാർട്ടി സ്നേഹിച്ചിരുന്നു.
പ്രവാസം മതിയാക്കി 2000ത്തിൽ നാട്ടിലെത്തിയപ്പോഴാണ് പാർട്ടിയിൽ സജീവമാകുന്നത്. വിമാനമിറങ്ങിയ അന്നുതന്നെ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറായപ്പോൾ അതുവരെ പോസ്റ്റർ ഒട്ടിച്ച സഖാക്കൾക്ക് അമർഷം കടിച്ചമർത്താനെ കഴിഞ്ഞുള്ളു. തൊട്ടുടനെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് സ്ഥിരം സമിതി അധ്യക്ഷനും വൈകാതെ വൈസ് പ്രസിഡൻറുമായപ്പോഴും മുറുമുറുപ്പുകളെ വർഗശത്രുക്കളുടെ അസ്വസ്ഥതയെന്നാണ് മുതിർന്ന നേതാവ് വിശദീകരിച്ചത്.
2010ൽ ജില്ല പഞ്ചായത്തിലേക്കായിരുന്നു മത്സരം. വല്യേട്ടൻ പാർട്ടിയുടെ കൈവശത്തിലെ വിജയസാധ്യത കൂടുതലുള്ള ഡിവിഷൻ പിടിച്ചുവാങ്ങിയാണ് നൽകിയത്. മുതിർന്ന നേതാവിനെ വെട്ടി വൈസ്പ്രസിഡൻറുമാക്കി. കസേരയിലിരുന്നപ്പോൾ ഒൗദ്യോഗിക കാർ വേണമെന്ന തർക്കം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി.
ശീതസമരം ഭരണത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറിയപ്പോൾ പാറപോലുള്ള ഉറപ്പുമായി പാർട്ടി പിന്നിലുണ്ടായിരുന്നു. ഹരിതപ്പാർട്ടിയുടെ വൈസ് പ്രസിഡൻറിെൻറ കൂടി ആവശ്യം കൊഴുത്തതോടെ എല്ലാ ഉപാധ്യക്ഷന്മാർക്കും കാർ കിട്ടി. 2015ൽ പ്രസിഡൻറിനെ അവരുടെ പാർട്ടി നിയമസഭയിലേക്ക് സ്ഥാനാർഥിയാക്കിയപ്പോൾ വൈസ് പ്രസിഡൻറിനെയും സ്ഥാനാർഥിയാക്കണം എന്നതായിരുന്നു നേതാവിന്റെ ഡിമാൻഡ്.
പ്രതിപക്ഷ നേതാവിനെ നേരിടാൻ സംസ്ഥാന നേതൃത്വത്തിൽനിന്ന് ആളെ ഇറക്കിയത് അത്ര പിടിച്ചില്ല. 'ഞാനുള്ളപ്പോൾ വേറെയാര്' എന്നതായിരുന്നു ചോദ്യം.
ഇത്തവണ ജില്ലയിൽനിന്നു പോയ സ്ഥാനാർഥി ലിസ്റ്റിൽ മൂന്നാമത്തെയാളായി ഇടംപിടിച്ചു. ഒന്നാം പേരുകാരനായി ഒാണാട്ടുകരയിലെ സാംസ്കാരിക ചുമതലക്കാരനും രണ്ടാമനായി ജില്ലയിലെ ട്രഡ് യൂനിയൻ നേതാവുമാണ് ഇടംനേടിയത്. എന്നാൽ, മൂന്നുേപരെയും വെട്ടി യുവനേതാവിനെയാണ് സംസ്ഥാന നേതൃത്വം നിയോഗിച്ചത്. ഇതോടെ ചില നേതാക്കൾ നിരന്തരം വേട്ടയാടുകയെന്ന താത്വിക അവലോകനത്തിലേക്ക് മാറുകയായിരുന്നു.
രാജിക്ക് ശേഷം കണിച്ചുകുളങ്ങരക്ക് വണ്ടികയറി മൂന്നുദിവസം അവിടെ തങ്ങിയാണ് സമുദായ നേതാവിനോട് കാര്യങ്ങൾ വിശദീകരിച്ചതത്രെ. മടങ്ങുന്ന വഴിയാണ് വർഷങ്ങളിരുന്ന പാർട്ടിയാപ്പീസിന് മുന്നിലൂടെ പോയി സമുദായ പാർട്ടിയുടെ ഒാഫിസിലേക്ക് കയറുന്നത്. രാജി കിട്ടിയപ്പോൾ മാത്രം കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ പാർട്ടി നേതൃത്വം പുറത്താക്കൽ പ്രഖ്യാപനം നടത്തി മുഖം രക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.