മേട്ടുതറ നാരായണൻ ബദൽ അനുസ്മരണത്തിൽ ഇടത് നേതാക്കളുടെ പേരും; വിവാദം
text_fieldsകായംകുളം: സി.പി.ഐക്ക് ബദലായി ബി.ഡി.ജെ.എസ് നേതാവ് സംഘടിപ്പിക്കുന്ന മേട്ടുതറ നാരായണൻ അനുസ്മരണത്തിലെ സി.പി.എം-സി.പി.ഐ നേതാക്കളുടെ സാന്നിധ്യം ചർച്ചയാകുന്നു. സ്വാതന്ത്ര്യ സമര സേനാനിയും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന മേട്ടുതറ നാരായണൻ അനുസ്മരണമാണ് രണ്ടായി നടക്കുന്നത്.
19ന് മേട്ടുതറയിൽ നടക്കുന്ന അനുസ്മരണം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ സി.പി.ഐ നേതാവ് സി. ദിവാകരനും സി.പി.എം നേതാവ് ജി. സുധാകരനും മുഖ്യാതിഥികളാകുന്നതാണ് ചർച്ചയാകുന്നത്. ഇതേദിവസം സി.പി.ഐ കാക്കനാട് ജങ്ഷനിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ പന്ന്യൻ രവീന്ദ്രനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.
സംസ്ഥാന സെക്രട്ടറിയെ ഏകാധിപതിയെന്നും ജില്ല നേതാവിനെ കൂടെനിന്ന് പള്ളക്ക് കുത്തുന്നവനെന്നും വിശേഷിപ്പിച്ചാണ് ജില്ല കമ്മിറ്റി അംഗമായിരുന്ന തമ്പി മേട്ടുതറ സി.പി.ഐയിൽനിന്നു രണ്ട് വർഷം മുമ്പ് രാജിവെക്കുന്നത്. ഇതോടെയാണ് അനുസ്മരണവും രണ്ടായി സംഘടിപ്പിച്ച് തുടങ്ങിയത്. കഴിഞ്ഞവർഷം വീട്ടിൽ നടത്തിയ അനുസ്മരണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. അന്ന് സി.പി.ഐ-സി.പി.എം നേതാക്കൾ പങ്കെടുത്തിരുന്നില്ല. സംഘ്പരിവാറിന്റെ പരോക്ഷ പിന്തുണയാലാണ് സി.പി.ഐക്ക് ബദലായി അനുസ്മരണം സംഘടിപ്പിക്കുന്നതെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. ഗോവ ഗവർണറെ ഉദ്ഘാടകനാക്കിയതിലൂടെ ഇതിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുധാകരനും ദിവകാരനും ചടങ്ങിന് എത്തുമോയെന്ന് ജനം ഉറ്റുനോക്കുന്നത്.
സി.പി.ഐ വിട്ടതോടെ ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹിയായി മാറിയ തമ്പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടെ എൻ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഈ സന്ദർഭത്തിൽ സി.പി.ഐക്കും നേതാക്കൾക്കുമെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. ഇതോടെ തമ്പിയും പാർട്ടിയും തമ്മിലെ അഭിപ്രായവ്യത്യാസം രൂക്ഷമായി മാറിയിരുന്നു.
പ്രാദേശിക സി.പി.ഐ നേതൃത്വവുമായി കടുത്ത അകൽച്ചയിലാകുന്നതിനും ഇതുകാരണമായി. ഇതോടെ മേട്ടുതറയിൽ സ്ഥിതിചെയ്യുന്ന സ്മൃതിമണ്ഡപത്തിലേക്ക് സി.പി.ഐക്കാർക്ക് കയറാൻ കഴിയാത്ത സാഹചര്യമായി. ഓണാട്ടുകരയിലെ പാർട്ടിയെ സംഘടിപ്പിച്ച നേതാവിന്റെ അനുസ്മരണം സ്മൃതി മണ്ഡപത്തിന് പുറത്ത് നടത്തേണ്ടി വരുന്നത് സി.പി.ഐക്കും ഇടതുപക്ഷത്തിനും രാഷ്ട്രീയമായ തിരിച്ചടിയാണ് നൽകിയത്. ഈ സാഹചര്യത്തിലാണ് ബദൽ അനുസ്മരണത്തിലെ ഇടത് നേതാക്കളുടെ പങ്കാളിത്തം ചർച്ചയായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.