ദേശീയപാത നിർമാണം; കായംകുളത്ത് കുടിവെള്ളം മുടങ്ങുന്നു
text_fieldsകായംകുളം: വേനൽ കനത്തതോടെ ഓണാട്ടുകര കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. പരമ്പരാഗത ജലസ്രോതസുകളും വറ്റി തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന തീരഗ്രാമങ്ങളായ ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. 12 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള അച്ചൻകോവിലാർ പദ്ധതിയെ ആശ്രയിക്കുന്ന നഗരത്തിലും ആറാട്ടുപുഴ പഞ്ചായത്തിലും കുടിവെള്ളത്തിന് ക്ഷാമമില്ലെങ്കിലും സാങ്കേതിക തടസങ്ങൾ ജനങ്ങളെ ബാധിക്കുന്നു.
ദേശീയപാത നിർമാണ ഭാഗമായി പൈപ്പുകൾ ദിവസവും പൊട്ടുന്നത് നഗരത്തിലെ കുടിവെള്ള വിതരണത്തെ കാര്യമായി ബാധിക്കുന്നു. പൈപ്പുലൈൻ മാത്രം ആശ്രയമായ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് പ്രധാനമായും വിതരണം തടസപ്പെടുന്നത്. കഴിഞ്ഞ ദിവസം ചിറക്കടവം ഭാഗത്ത് പൈപ്പ് പൊട്ടിയത് വലിയ തോതിലുള്ള ജലചോർച്ചക്കാണ് കാരണമായത്.
ഇതുകാരണം പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ജലവിതരണം രണ്ട് ദിവസമായി മുടങ്ങിയിരിക്കുകയാണ്. പൈപ്പുകൾ പൊട്ടുന്നതോടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്. നഗരത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസുകളായ കിണറുകൾ വറ്റിവരണ്ട് തുടങ്ങിയത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. ഇവിടങ്ങളിൽ കുളങ്ങളും വറ്റി തുടങ്ങിയിട്ടുണ്ട്.
ദേവികുളങ്ങരയിൽ ജലക്ഷാമം രൂക്ഷം: പരിഹാര നടപടികൾ ഊർജിതം
കായംകുളം: കുടിവെള്ള ക്ഷാമം രൂക്ഷമായ ദേവികുളങ്ങരയിൽ പരിഹാര നടപടികൾക്ക് യുദ്ധകാല വേഗത. വടക്കേ ആഞ്ഞിലിമൂടിന് സമീപത്തെ പമ്പ് ഹൗസിലെ കുഴൽക്കിണർ കാലപ്പഴക്കത്താൽ ഇടിഞ്ഞ് താണതാണ് മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് കാരണമായത്. ഇതിന് പരിഹാരമായി പുതിയ കുഴൽ കിണർ, പമ്പ്, മോട്ടോർ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. യു. പ്രതിഭ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഇതിനായി 14 ലക്ഷം രൂപ നൽകി.
പാലം നിർമാണത്തിനായി കൂട്ടുംവാതുക്കലിൽ സ്ഥാപിച്ച കുഴൽക്കിണർ പ്രവർത്തിപ്പിക്കാനുള്ള നടപടികളും തുടങ്ങി. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന അനുകൂലമായാൽ പമ്പിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ജില്ല പഞ്ചായത്തിന്റെ ഇടപെടലിൽ മൂന്ന് ചെറുകിട ജലവിതരണ പദ്ധതികൾക്കും തുടക്കമായിട്ടുണ്ട്.
കുടിവെള്ള ക്ഷാമം നേരിടുന്നവർക്ക് ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ പറഞ്ഞു. ആറ് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.