ദേശീയപാത വികസനം; വെട്ടിലായി ഭരണനേതൃത്വം
text_fieldsകായംകുളം: നഗരത്തെ കോട്ടകെട്ടി വേർതിരിക്കുന്ന ദേശീയപാത വികസനത്തിൽ യഥാസമയം ഇടപെടുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപം. രൂപരേഖയിൽ വ്യക്തത വരുത്താൻ നഗരസഭ കൗൺസിൽ ഹാളിൽ നിർമാണ കമ്പനി നടത്തിയ വിശദീകരണത്തിലാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വെളിപ്പെട്ടത്.
തങ്ങളുടെ ഓഫിസിലുള്ള രൂപരേഖ ജനപ്രതിനിധികളെ ബോധ്യപ്പെടുത്തുന്നതിൽ തടസ്സമില്ലായിരുന്നുവെന്ന് ഇവർ വിശദീകരിച്ചിരുന്നു.
എന്നാൽ, നിർമാണ രൂപരേഖ യഥാസമയം കിട്ടാതിരുന്നതാണ് വിഷയത്തിൽ ഇടപെടാൻ തടസ്സമെന്നായിരുന്നു യു. പ്രതിഭ എം.എൽ.എയുടെ വാദം. ശനിയാഴ്ച നടന്ന ജനകീയ സംഗമത്തിലും ഈ വാദത്തിൽ എം.എൽ.എ ഉറച്ചുനിൽക്കുകയായിരുന്നു. രൂപരേഖ സ്വന്തമാക്കി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നതിൽ എ.എം. ആരിഫ് എം.പിക്കും വീഴ്ച സംഭവിച്ചെന്ന ആക്ഷേപവും ശക്തമാണ്. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയതോടെയാണ് രൂപരേഖ ജനപ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കരാർ കമ്പനി നിർബന്ധിതരായത്.
ഇതോടെയാണ് കോളജ് ജങ്ഷനിലും കെ.എസ്.ആർ.ടി.സിക്ക് സമീപത്തും അടിപ്പാതകൾ സംബന്ധിച്ച വ്യക്തത വന്നത്. ഏഴര മുതൽ ആറ് വരെ മീറ്റർ ഉയരത്തിലാണ് ദേശീയപാത കോട്ടകെട്ടി തിരിക്കുന്നതെന്നതും വ്യക്തമായിട്ടുണ്ട്. യഥാസമയം ഇടപെടൽ നടത്തി രൂപരേഖ മുൻകൂട്ടി വാങ്ങിയിരുന്നെങ്കിൽ തിരുത്തലുകൾ വരുത്താൻ ശക്തമായ സമ്മർദം ചെലുത്തി മാറ്റങ്ങൾ വരുത്താൻ കഴിയുമായിരുന്നു എന്നാണ് പറയുന്നത്.
നഗരം കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി ജനങ്ങളെ സാരമായി ബാധിക്കും. കോളജ് ജങ്ഷനിലെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന അടിപ്പാത പ്രയോജനമല്ലെന്നാണ് ആക്ഷേപം. ഇത് ഗതാഗതത്തെ സാരമായി ബാധിക്കും.
ഇതിനിടെ നിലവിലെ രൂപരേഖയിലുള്ള കെ.എസ്.ആർ.ടി.സി ഭാഗത്തെ നിർമാണം തിങ്കളാഴ്ച തുടങ്ങാനുള്ള നീക്കത്തിലാണ് കമ്പനി. ജനകീയ പ്രക്ഷോഭത്തിന് സാഹചര്യം ഒരുങ്ങുന്നതിന് മുമ്പ് നിർമാണം എന്നതാണ് കമ്പനിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.