ദേശീയപാത വികസനം; തൂണുകളിലെ ഉയരപ്പാത: പ്രതീക്ഷകളുമായി കേന്ദ്രമന്ത്രിയുടെ ഉറപ്പ്
text_fieldsകായംകുളം: തൂണുകളിലെ ഉയരപ്പാത വിഷയത്തിൽ സാധ്യത പരിശോധിക്കണമെന്നുള്ള കേന്ദ്രമന്ത്രിയുടെ നിർദേശം ജനങ്ങൾക്ക് പ്രതീക്ഷക്ക് വകനൽകുന്നു.
കെ.സി. വേണുഗോപാൽ എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് പൊതുജനത്തിന് പ്രയാസമുണ്ടാക്കുന്ന നിർമാണ രീതി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയത്. നിലവിലുള്ള നിർമാണ രീതിയിലൂടെ ജനങ്ങൾ നേരിടുന്ന പ്രായോഗിക പ്രതിസന്ധികൾ മന്ത്രിക്ക് മുന്നിൽ വിശദമായി വേണുഗോപാൽ അവതരിപ്പിച്ചതോടെയാണ് ഇടപെടലിെൻറ സാധ്യത തെളിഞ്ഞത്. തുടർന്ന് ദേശീയപാത അതോറിറ്റിയിലെ ഉന്നത അധികൃതരോട് വിഷയത്തിൽ ഇടപെടാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. ജില്ലയിലെ ജനസാന്ദ്രത കൂടിയ നഗരം, പ്രധാന റെയിൽവേ ജങ്ഷൻ, ജലപാത കടന്നുപോകുന്ന കായൽ പ്രദേശം, തീരദേശത്തെ ദേശീയപാതയിലേക്ക് ബന്ധിപ്പിക്കുന്ന പ്രദേശം തുടങ്ങി നാടിെൻറ പ്രാധാന്യം മന്ത്രിയെ ബോധ്യപ്പെടുത്താനായി.
നിലവിലെ രൂപരേഖയിലെ പാത വികസനം നഗരത്തെ ഗതാഗതക്കുരുക്കുകളിലൂടെ ശ്വാസംമുട്ടിക്കുന്നതായതോടെ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രാദേശികമായി ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങുംവിലങ്ങും പായുന്ന നഗരത്തിെൻറ പ്രാധാന്യം വിലയിരുത്താതെയാണ് രൂപരേഖ തയാറാക്കിയതെന്ന ആക്ഷേപം ശക്തമായിരുന്നു. വേണ്ടത്ര അടിപ്പാതകൾക്ക് പോലും നിർദേശമില്ലാതെ നഗരത്തെ കോട്ട കെട്ടി രണ്ടായി തിരിക്കുന്ന തരത്തിലാണ് റോഡ് നിർമാണം രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിലൂടെ നഗരത്തിെൻറ പടിഞ്ഞാറെ കരയിലുള്ള 15ഓളം വാർഡുകാരും ദേവികുളങ്ങര, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ നഗരത്തിലേക്കുള്ള സുഗമമായ യാത്രയാണ് തടയപ്പെടുന്നത്. കൂടാതെ ബസുകളും ലോറികളും ഓട്ടോകളിലുമായി നഗരം ചുറ്റിത്തിരിയുന്ന അനവധിയായ വാഹനങ്ങൾ നഗരത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിയും വരും.
ഈ സാഹചര്യങ്ങളാണ് ഷഹീദാർ മസ്ജിദ് ഭാഗം മുതൽ ചിറക്കടവം വരെ തൂണുകളിലെ ഉയരപ്പാത എന്ന ആവശ്യം ഉയരാൻ കാരണമായത്. കൂടാതെ തീരത്തോട് ചേർന്നുള്ള നഗരമെന്ന നിലയിലുള്ള പാരിസ്ഥിതിക ഘടനയും ഉയരപ്പാതയാണ് ശാസ്ത്രീയ പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നടന്നുവരുന്നത്. ഇവർ നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടൽ. ഇതേ ആവശ്യമുന്നയിച്ച് എ.എം. ആരിഫ് എം.പിയും കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.