ദുരിതം പെയ്തിറങ്ങുന്ന ദേശീയപാത
text_fieldsകായംകുളം: നിർമാണം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടെ മഴയും ശക്തമായതോടെ ദേശീയപാതയിലെ യാത്ര ഇരട്ടി ദുരിതമായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സാഹസിക യാത്രയാണ് വേണ്ടി വരുന്നത്. വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്ത വിധം കെട്ടിയടച്ചുള്ള നിർമാണമാണ് പ്രധാന പ്രശ്നം.
നീരൊഴുക്കിനെ സുഗമമാക്കിയിരുന്ന കാനകളും കലുങ്കുകളും അടച്ചതും ദുരിതം ഇരട്ടിപ്പിക്കുന്നു. ഇതോടൊപ്പം ഇരുവശത്തുമുള്ള ഓടകൾ ഉയർത്തി നിർമിച്ചതിലൂടെ റോഡിലെ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാതെ തോടായി മാറിയതും പ്രശ്നമായി. കൃഷ്ണപുരം മുതൽ രാമപുരം വരെയുള്ള ഭാഗം താണ്ടണമെങ്കിൽ മണിക്കൂറുകൾ വേണമെന്നതാണ് സ്ഥിതി. നിർമാണം പുരോഗമിക്കുന്ന ദേശിയ പാതയിലെ പലസ്ഥലങ്ങളും കുഴിപ്പാതയും ജലപാതയുമായി മാറുന്ന അവസ്ഥയിലാണ്. സമാന്തര പാതകളും വെള്ളംനിറഞ്ഞത് യാത്രയെ ബാധിക്കുന്നു. മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംഭവിച്ച വീഴ്ചകളും പ്രശ്നമാണ്. ഗ്രാവലും ക്വാറി വേസ്റ്റും ടാർ പൊടിയും നിറഞ്ഞ പാത ചെളിക്കുളമായി മാറി. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് മൂലം ഗതാഗത കുരുക്ക് രൂക്ഷമാണ്.
കുഴികൾ ദേശീയപാതയിലൂടെയുള്ള യാത്ര നടുവൊടിക്കുന്ന സ്ഥിതിയിലാക്കുന്നു. മഴയുടെ തുടക്കം തന്നെ ഇതാണ് സ്ഥിതിയെങ്കിൽ കാലവര്‍ഷം ശക്തമാകുമ്പോള്‍ എന്തായിരിക്കും ഇവിടത്തെ ദുരിതമെന്ന് യാത്രക്കാർ ചോദിക്കുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചാൽ അടുത്ത കുഴിയിൽ വീഴുന്ന അവസ്ഥയാണ്. ഇരുചക്രവാഹനക്കാർ കുഴിയിൽ വീഴാതെ ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്. തുടർച്ചയായി കുഴിയുള്ളതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നത് ദീർഘദൂര യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രധാന പാതയുടെ നിർമാണം നടക്കുന്നിടങ്ങളിൽ ഉപറോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഉപറോഡുകൾ വാഹനങ്ങൾ സുഗമമായി കടന്നുപോകുംവിധം തയാറാക്കാതെ തട്ടിക്കൂട്ടി ഒരുക്കിയതിനാലാണ് മഴ വന്നതോടെ യാത്ര ദുരിതത്തിലാക്കിയത്. ദേശീയ പാത അതോറിറ്റിയും നിർമാണം കരാറെടുത്ത കമ്പനികളും പുലർത്തുന്ന അലംഭാവമാണ് വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥ സംജാതമാക്കിയത്.
ഇതിനെതിരെ പ്രതിഷേധിച്ചാൽ വികസനത്തിന് തടസം സൃഷ്ടിക്കുന്നു എന്ന് മുദ്രയടിച്ച് പ്രതിഷേധക്കാരെ തുരത്തുകയാണ്. രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ വഴിയൊരുക്കണമെന്ന് ദേശീയ പാത അതോറിട്ടിയോട് ആവശ്യപ്പെടുന്നുമില്ല. എം.പിയും പാത കടന്നുപോകുന്ന ഇടങ്ങളിലെ എം.എൽ.എമാരും യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ യാതൊരു ഇടപെടലും നടത്തുന്നില്ല. പാത നിർമാണം പൂർത്തിയാകാൻ ഇനിയും കാലങ്ങൾ എടുക്കുമെന്നതിനാൽ വാഹനങ്ങൾ തിരിച്ച് വിടുന്നത് സഞ്ചാരയോഗ്യമായ പാത ഒരുക്കിയിട്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.