നവകേരള സദസ്സിന്റെ മറവിൽ ക്വട്ടേഷൻ ആക്രമണം: സി.പി.എം പ്രതിരോധത്തിൽ
text_fieldsകായംകുളം: നവകേരള ബസ്സിന് സുരക്ഷ ഒരുക്കാൻ ഇറങ്ങിയ പാർട്ടി സംഘം വ്യാപാരിയെ മർദിച്ചത് ക്വട്ടേഷൻ കുടിപ്പകയുടെ ഭാഗമാണെന്ന് കണ്ടെത്തിയതോടെ സി.പി.എം പ്രതിരോധത്തിൽ. കൊറ്റുകുളങ്ങര ഇടശേരി ജങ്ഷനിലെ മൊബൈൽ കട ഉടമ ഒറകാറശേരിൽ വഹാബിന് (ബാബുകുട്ടൻ 36) മർദ്ദനമേറ്റ സംഭവമാണ് പാർട്ടിയെ വെട്ടിലാക്കിയത്. ഗവ. ആശുപത്രി അക്രമണ കേസിൽ സി.പി.എമ്മിൽ നടപടിക്ക് വിധേയനായ ശേഷം അടുത്തിടെ തിരിച്ചെടുത്ത അരുൺ അന്തപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമണം നടത്തിയത്. ഇവർക്ക് ബാബുകുട്ടനോടുള്ള മുൻവൈരാഗ്യമാണ് നവകേരള സദസ്സിന്റെ സുരക്ഷയുടെ മറവിൽ തീർത്തതെന്നാണ് പറയുന്നത്. കഥയറിയാത്ത ഡി.വൈ.എഫ്.ഐക്കാരും മർദനത്തിൽ പങ്കാളികളായി.
2021 ൽ കൊറ്റുകുളങ്ങരയിൽ പട്ടാപകൽ ബാബുകുട്ടന്റെ ബന്ധുക്കളായ കാർ യാത്രികരെ തടഞ്ഞുനിർത്തി അക്രമിച്ച് 10 ലക്ഷത്തോളം കവർന്നിരുന്നു. സി.പി.എം ബന്ധമുള്ള സംഘമാണ് ഇതിൽ പിടിയിലായത്. പിന്നീട് ഇവരിൽ ചിലർക്ക് വീണ്ടും മർദനമേറ്റു. ഇത് പാർട്ടിക്കുള്ളിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു. ഇതേചൊല്ലിയുള്ള പ്രശ്നങ്ങൾ പാർട്ടി ഓഫീസിലെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ അരുണിന്റെ സുഹൃത്തുക്കൾക്ക് എതിരെ കേസ് കൊടുത്തതിലുള്ള ശത്രുത തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് ഇപ്പോഴത്തെ അക്രമണത്തിന് കാരണമെന്ന് എഫ്.ഐ.ആറിലും ചൂണ്ടികാട്ടുന്നു.
ബസ് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത് അവസരമാക്കിയാണ് കടയിൽ നിൽക്കുകയായിരുന്ന ബാബുകുട്ടനെ അക്രമിച്ചത്. അരുണിനെ കൂടാതെ സി.പി.എം പ്രവർത്തകരായ ഉണ്ണി, തൈമ്പു എന്നിവരും കണ്ടാൽ അറിയാവുന്ന മൂന്നുപേരുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
കായംകുളം, കരീലക്കുളങ്ങര സ്റ്റേഷനുകളിലായി വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി പത്തോളം കേസുകൾ അരുണിന് എതിരെ നിലവിലുണ്ട്. അബ്കാരി കേസുകളിലും പ്രതിയാണ്.
അതേസമയം മുഖ്യമന്ത്രിയുെട ചിത്രം പതിപ്പിച്ച ടീഷർട്ടുധാരികളായി സുരക്ഷക്ക് ഇറങ്ങിയ ഡി.വൈ.എഫ്.ഐ സംഘത്തിന്റെ മറവിൽ ക്വട്ടേഷൻ പ്രവൃത്തി നടന്നത് പാർട്ടിക്കുള്ളിലും ചർച്ചയാകുകയാണ്.
ഇവരുടെ സംഘത്തിൽപ്പെട്ടവരും കൂട്ടുപ്രതികളായവരുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച കേസിലും പ്രതികളായിരിക്കുന്നത്. കാർ തടഞ്ഞ് നിർത്തി പണം കവർന്ന കേസിലെ മുഖ്യപ്രതിയും ഇപ്പോഴത്തെ സംഭവത്തിൽ പ്രതിയാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ക്രിമിനൽ സംഘങ്ങളെ ഇറക്കിയിട്ടുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് ബലം പകരുന്ന തരത്തിലെ സംഭവം പാർട്ടിക്കുള്ളിൽ ഗൗരവ ചർച്ചക്ക് കാരണമായിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുന്നതിന്റെ മറവിൽ വ്യാപാരിയോടുള്ള മുൻവൈരാഗ്യം തീർത്ത സംഭവം പാർട്ടിയുടെ മുഖം നഷ്ടപ്പെുന്നതിന് കാരണമായെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ പറയുന്നത്. പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ആരോപണ വിധേയരായവർ സംഘത്തിലുണ്ടാകരുതെന്നുമുള്ള നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ച നടപടി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചക്ക് കാരണമാകുമെന്നും ചൂണ്ടികാണിക്കുന്നു.
ചെങ്ങന്നുരിൽ പലയിടങ്ങളിലും പ്രതിഷേധം
ചെങ്ങന്നുർ: നവകേരള സദസ്സിന്റെ വാഹന വ്യൂഹത്തിന്റെ എം.കെ. റോഡിലുടെ ചെങ്ങന്നൂരിലേക്കുള്ള യാത്രയിൽ വിവിധ ഇടങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയും മറ്റും മടങ്ങിയ ശേഷം ഏഴുമണിയോടെയാണ് വിട്ടയച്ചത്. ആലായിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷെമീം റാവുത്തർ, കെ.എസ്.യു സംസ്ഥാന സമിതി അംഗം അൻസിൽ അസ്സീസ്, കൊല്ലകടവിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജന. സെക്രട്ടറി ഹമീഷ് അലി, യൂത്ത് ലീഗ് ജില്ല ട്രഷറർ സാബു ഇലവും മൂട്ടിൽ, ഡി. സി. സി അംഗം ഷാജി ചിറയിൽ, ഐ.എൻ. ടി. യു. സി മണ്ഡലം പ്രസിഡന്റ് ടോജി ഡാനിയേൽ, മണ്ഡലം സെക്രട്ടറി ബൈജു കല്ലുംപുറത്ത്, അബി ആലുംമൂട്ടിൽ തുടങ്ങിയവരെയാണ് വെണ്മണി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലായിലെ കനാൽ ജങ്ഷനിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ. ശോഭയും മഹിള കോൺഗ്രസ്സ് നേതാക്കളായ സീമാ ശ്രീകുമാറും സിന്ധു ജയിംസും കരിങ്കൊടികാട്ടി പ്രതിഷേധിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കു മുഖ്യമന്ത്രിയും സംഘവും മടങ്ങിയ ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ക്വട്ടേഷൻ സംഘം: സി.പി.എം മറുപടി പറയണം -കോൺഗ്രസ്
കായംകുളം: നവകേരള സദസ്സിന് സുരക്ഷയൊരുക്കാൻ ക്വട്ടേഷൻ സംഘങ്ങൾ രംഗത്തുവന്നതിനെ സംബന്ധിച്ച് സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ ആവശ്യപ്പെട്ടു. പാർട്ടി വളർത്തുന്ന ക്രിമനൽ സംഘങ്ങളുടെ അഴിഞ്ഞാട്ട വേദിയായി നാട് മാറി. ആശുപത്രി അക്രമണത്തിലും മീറ്റർ പലിശ കേസിലും ഉൾപ്പെട്ട ക്വട്ടേഷൻ സംഘത്തലവന്റെ നേതൃത്വത്തിലുള്ളവരാണ് കായംകുളത്ത് നവകേരള യാത്രയെ നയിച്ചത്. നവകേരള യാത്രക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മർദിച്ചത് ഇവരാണ്. സന്ദർഭം മുതലെടുത്ത് കൊറ്റുകുളങ്ങരയിൽ വ്യാപാരിയെ കടയിൽ കയറി അക്രമിച്ചതിന് പിന്നിലെ രാഷ്ട്രീയവും ഇവർ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ടുകളണിഞ്ഞവരുടെ അഴിഞ്ഞാട്ടം അംഗീകരിക്കരിക്കാനാവില്ല. നടപടിക്ക് വിധേയരായി പുറത്താക്കിയവരെ ഒരു മാസം മുമ്പ് തിരിച്ചെടുത്തത് നവകേരള യാത്രയുടെ മുന്നൊരുക്ക ഭാഗമാണോയെന്നും സി.പി.എം വ്യക്തമാക്കണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.