വോളിബാൾ കമന്ററിയിൽ താരമായി നിഷാദ് ജമാൽ
text_fieldsകായംകുളം: അച്ചടി ഭാഷയുടെ ഓണാട്ടുകര ശൈലിയുമായി വോളിബാൾ കളി വിവരണത്തിൽ തിളങ്ങുന്ന താരമായി കായംകുളത്തുകാരൻ. കമന്ററി ബോക്സിലൂടെ പെരിങ്ങാലക്കാരൻ നിഷാദ് ജമാലിന്റെ (40) ശബ്ദം മുഴങ്ങാൻ തുടങ്ങിയിട്ട് ദശാബ്ദം പിന്നിടുകയാണ്. ചെന്നൈയിൽ നടക്കുന്ന പ്രഫഷനൽ വോളി ലീഗിൽ സോണി സ്പോർട്സ് നെറ്റ് വർക്കിന്റെ മലയാളി കമന്ററി ബോക്സിലും ഇദ്ദേഹമുണ്ട്. വേറിട്ട കളിവിവരണ ശൈലിയിലൂടെ ആസ്വാദകർക്ക് പ്രിയങ്കരനായി മാറാൻ ഇതിനോടകം നിഷാദിന് കഴിഞ്ഞു. ഹൈദരാബാദ്, ബാംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി അരങ്ങേറിയ രണ്ടാം സീസൺ മുതലാണ് ചാനൽ കമന്ററി രംഗത്തേക്ക് കടക്കുന്നത്. അതിന് മുമ്പായിനൂറുകണക്കിന് ടൂർണമെന്റുകളിലൂടെ തന്റെ കളിവിവരണ പാടവം തെളിയിക്കാനുമായി. 2013ൽ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ടൂർണമെന്റിൽ കളിവിവരിക്കാൻ യാദൃച്ഛികമായി ലഭിച്ച അവസരമാണ് നിഷാദിനെ ഈ രംഗത്തെ സാനിധ്യമാക്കിയത്. വിവരണം ഏറ്റിരുന്നയാൾ വൈകിയപ്പോൾ പകരക്കാരനായാണ് കളം പിടിക്കുന്നത്. 2018, 19 വർഷങ്ങളിൽ കുവൈത്തിൽ അരങ്ങേറിയ ജിമ്മി ജോർജ് ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിലും വിവരണം നടത്തി. പാലാ സ്വദേശിയും മുൻ ദേശീയ വോളിബാൾ താരവുമായ ടിനു ആന്റണിയാണ് സഹ കമന്റേറ്റർ. വിദേശരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി അന്തർദേശീയ താരങ്ങൾ പ്രൈംവോളിയിൽ അണിനിരക്കുന്നുണ്ട്. ഇതിലെ ഓരോ കളിക്കാരെയും അവരുടെ കരിയറിനെയും പരിചയപ്പെടുത്തിയുള്ള വിവരണ രീതി ഏവരെയും ആകർഷിക്കുന്നു. കേരളത്തിൽനിന്നും കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമടക്കം ഒമ്പത് ടീമുകളും മത്സരിക്കുന്നു. മാർച്ച് 21 വരെയുള്ള ഫൈനൽ അടക്കം 48 മത്സരങ്ങളിലും കളിയാവേശം മലയാളികളുമായി പങ്കുവെക്കാൻ നിഷാദുണ്ടാകും. പെരിങ്ങാല പാക്കുതറയിൽ ജമാലുദ്ദീന്റെയും റഷീദബീവിയുടെയും മകനാണ്. ഭാര്യ തസ്നിയുടെയും മക്കളായ നൗറിൻ ഫാത്തിമ, മുഹമ്മദ് അബാൻ, മുഹമ്മദ് അയ്ദിൻ എന്നിവരുടെ പിന്തുണയാണ് നിഷാദിന്റെ വിവരണ ജീവിതത്തിലെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.