വിജയ സാധ്യതയില്ല; എന്നിട്ടും പി.പി.ഇ കിറ്റ് ധരിച്ച് അൻസാരി വോട്ട് ചെയ്യാനെത്തി
text_fieldsകായംകുളം: നഗരസഭയിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് പകരാൻ പി.പി.ഇ കിറ്റ് ധരിച്ച് അൻസാരിയുടെ വോട്ട്. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിലാണ് പി.പി.ഇ കിറ്റ് ധരിെച്ചത്തി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൂടിയായ അൻസാരി കോയിക്കലേത്ത് കോൺഗ്രസ് സ്ഥാനാർഥി ലേഖ സോമരാജന് വോട്ട് രേഖപ്പെടുത്തിയത്. മാതാവിന് കോവിഡ് ബാധിച്ചതോടെയാണ് അൻസാരി ക്വാറൻറീനിലായത്.
വിജയസാധ്യതയില്ലെങ്കിലും യു.ഡി.എഫിെൻറ കരുത്ത് ചോരരുതെന്ന ദൃഢനിശ്ചയമാണ് നഗരസഭയിൽ എത്താൻ കാരണമായതെന്ന് അൻസാരി പറഞ്ഞു. അതേസമയം ഉച്ചക്കുശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പെങ്കടുക്കാനായില്ല.
യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ച നീക്കവുമായി കോൺഗ്രസ് വിമതൻ ഇടതുപക്ഷത്തെ പിന്തുണച്ചതോടെയാണ് കായംകുളം നഗരസഭയിൽ സി.പി.എമ്മിലെ പി. ശശികല ചെയർപേഴ്സനായും സി.പി.െഎയിലെ ജെ. ആദർശ് വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടത്. 44 അംഗ കൗൺസിലിൽ ഇരുവർക്കും 23 വോട്ട് വീതം ലഭിച്ചു. കോൺഗ്രസ് വിമതനായിരുന്ന പി.സി. റോയിയാണ് ഇടതിനെ പിന്തുണച്ചത്.
സ്വതന്ത്ര അംഗം അൻഷാദ് വാഹിദ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ശശികലെക്കതിരെ മത്സരിച്ച യു.ഡി.എഫിലെ ലേഖ സോമരാജന് 17ഉം ബി.ജെ.പിയുടെ ലേഖ മുരളീധരന് മൂന്നും വോട്ടുകൾ ലഭിച്ചു. ഇടതുപക്ഷത്ത് സി.പി.എം 16, സി.പി.െഎ മൂന്ന്, ലോക്താന്ത്രിക് ജനതാദൾ ഒന്ന്, സി.പി.എം സ്വതന്ത്രർ രണ്ട് എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസിന് 14 ഉം ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. രണ്ട് സ്വതന്ത്ര അംഗങ്ങളും കൗൺസിലിലുണ്ട്.
സി.പി.എം ഏരിയ കമ്മിറ്റി അംഗമായ ശശികല മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി കൂടിയാണ്. രണ്ടാം തവണയാണ് കൗൺസിലറാകുന്നത്. എ.െഎ.വൈ.എഫ് മണ്ഡലം സെക്രട്ടറിയായ ആദർശ് സി.പി.െഎ ടൗൺ സൗത്ത് എൽ.സി അസി. സെക്രട്ടറിയാണ്. 2010ൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച യു.ഡി.എഫിലെ നവാസ് മുണ്ടകത്തിലിന് 16 ഉം ബി.ജെ.പിയിലെ ഡി. അശ്വനിദേവിന് മൂന്നും വോട്ടുകൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.