ഓച്ചിറ കെട്ടുത്സവം: കാലഭൈരവൻ മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsകായംകുളം: ഒന്നര മാസത്തെ കഠിനാധ്വാനത്താൽ കെട്ടി ഉയർത്തിയ കാലഭൈരവൻ ഓച്ചിറ പടനിലത്ത് എത്താതെ നിലംപതിച്ചത് വിശ്വാസികൾക്ക് വേദനയായി.
എഴുന്നള്ളത്തിന് ക്രെയിനുകളുടെ സഹായത്താൽ റോഡിലേക്ക് ഇറക്കി നിമിഷങ്ങൾക്കകമാണ് വൈദ്യുതി തൂണുകളും തകർത്ത് മറിഞ്ഞത്. മുൻകരുതലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഓച്ചിറ വടക്കേ പള്ളിക്ക് സമീപം ശനിയാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. ദേശീയപാത നവീകരണം നടക്കുന്നതിനാൽ ഞക്കനാൽ കരക്കുവേണ്ടി കൃഷ്ണപുരത്തിന് സമീപമാണ് ഏറ്റവും വലിയ കെട്ടുകാളയായ കാലഭൈരവൻ തയാറാക്കിയത്. 70 അടി പൊക്കവും 17 അടിയുള്ള ശിരസ്സുമായിരുന്നു ഇതിന്റെ തലയെടുപ്പ്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. ശനിയാഴ്ച ഉച്ചയോടെ കൂറ്റൻ ക്രെയിനുകളുടെ സഹായത്താൽ പന്തലിൽനിന്ന് പുറത്തേക്ക് ഇറക്കുമ്പോൾ തന്നെ ചെറിയ ചരിവ് തോന്നിയിരുന്നു.
ഇതോടെ കാളയുടെ പുറത്ത് നിന്നവർ താഴേക്ക് ഇറങ്ങിയത് ഭാഗ്യമായി. പുതിയ ഹൈവേയിൽനിന്ന് പഴയ ഹൈവേയിലേക്ക് ഇറക്കുമ്പോഴുള്ള ചരിവാണ് മറിയുന്നതിന് കാരണമായത്. ഈ ഭാഗത്ത് നിന്നവർ മുൻകൂട്ടി മാറിയതും ദുരന്തം ഒഴിവാകാൻ സഹായിച്ചു. വൈദ്യുതി തൂണുകളും തകർത്താണ് നിലംപൊത്തിയത്. കെട്ടുകാള ചരിയുന്നതുകണ്ട് പരിസരത്ത് നിന്നവർ ഓടി മാറിയതും ആശ്വാസമായി.
വേഗം ക്ഷേത്രത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ട് 300 മീറ്റർ ദൂരത്താണ് കാളയെ കെട്ടി ഒരുക്കിയത്. ഉച്ച സമയമായതിനാൽ ജനക്കൂട്ടം ഇല്ലാതിരുന്നതു ദുരന്തം ഒഴിവായതിന്റെ പ്രധാന കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.