സിവിൽ സർവിസ് റാങ്ക് തിളക്കത്തിൽ ഒാണാട്ടുകര
text_fieldsകായംകുളം: കഠിന പരിശ്രമത്തിെൻറ മികവിൽ സിവിൽ സർവിസ് റാങ്ക് നേട്ടവുമായി ഒാണാട്ടുകര സ്വദേശികൾ. കണ്ടല്ലൂർ തെക്ക് കടയിൽ തറയിൽവീണ എസ്. സുതൻ, കീരിക്കാട് പത്തിയൂർക്കാല വടക്കേ അരിവന്നൂരിൽ അനന്ദ് ചന്ദ്രശേഖർ എന്നിവരാണ് റാങ്ക് പട്ടികയിൽ ഇടംനേടിയത്. െഎ.എഫ്.എസ് സ്വപ്നംകണ്ട് കഴിഞ്ഞ മൂന്നുതവണയായി നടത്തുന്ന പരിശ്രമത്തിലാണ് വീണ 57ാം റാങ്കുകാരിയായി പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞവർഷം 124ാം റാങ്കുകാരിയായി െഎ.പി.എസ് സെലക്ഷൻ ലഭിച്ചെങ്കിലും സ്വപ്നപദവിയിൽ വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. മൂന്നുവർഷം മുമ്പ് 299ാം റാങ്കും ലഭിച്ചിരുന്നു. ഇതിലൂടെ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ തുടർച്ചയായി മൂന്നുതവണ ഉൾപ്പെടുന്ന അപൂർവ നേട്ടവും കൈവരിക്കാനായി. മുന്നുതവണയും ഐ.എഫ്.എസായിരുന്നു ആദ്യ ഓപ്ഷൻ. ഭൂമിശാസ്ത്രമായിരുന്നു മുഖ്യവിഷയം. കഴിഞ്ഞ തവണ െഎ.പി.എസിൽ രാജസ്ഥാൻ കേഡറിൽ ജോയിൻ ചെയ്തശേഷം അവധിയെടുത്താണ് മൂന്നാംവട്ടം പരീക്ഷയെഴുതിയത്.
കൊല്ലം ടി.കെ.എം.എം എൻജിനീയറിങ് കോളജിൽനിന്ന് സിവിൽ എൻജീനിയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നത്. ഡൽഹി, നാഗാലൻഡ്, ജലന്തർ, അഹമ്മദാബാദ്, ഷില്ലോങ് എന്നിവിടങ്ങളിലെ ആർമി സ്കൂളുകളിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് ജന്മനാട്ടിൽ എൻജീനിയറിങ് പഠനത്തിന് ചേർന്നത്. പിതാവ് ശ്രീസുതന് ഇന്ത്യൻ സേനയിലെ ലഫ്റ്റനൻറ് കേണലായതാണ് സ്കൂൾ വിദ്യാഭ്യാസം സംസ്ഥാനത്തിന് പുറത്താകാൻ കാരണം. മാതാവ്: ശ്രീലത. സഹോദരി: ശ്രുതി.
കഴിഞ്ഞവർഷത്തെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ടുള്ള പരിശ്രമത്തിലാണ് അനന്ദ് 145ാം റാങ്കുകാരനായി പട്ടികയിൽ ഇടംപിടിച്ചത്. പിതാവ് ഉണ്ണികൃഷ്ണൻ നായർ പ്രവാസിയായിരുന്നതിനാൽ ഏഴാംക്ലാസ് വരെ കുവൈത്തിലും അബൂദബിയിലും ഖത്തറിലുമാണ് പഠിച്ചത്. തുടർന്ന് തിരുവല്ല അമൃത വിദ്യാലയത്തിലും ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യ വിഹാറിലുമായി പ്ലസ്ടു വരെ പഠിച്ചു.
പിന്നീട് ഗോവ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിടെക് ബിരുദം നേടിയശേഷമാണ് സിവിൽ സർവിസ് മോഹവുമായി രംഗത്തിറങ്ങിയത്. നിലവിൽ ഡൽഹിയിൽ സാമൂഹിക നീതിശാക്തീകരണ മന്ത്രാലയത്തിൽ തമിഴ്നാട് സ്റ്റേറ്റ് കോഓഡിനേറ്ററാണ്. കാലടി മാണിക്യമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനുവാണ് മാതാവ്. സഹോദരൻ: മിഥുൻ ചന്ദ്രശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.