കായംകുളത്തെ ഇരുട്ടിലാക്കിയ ഒരുകോടിയുടെ പദ്ധതി വിവാദത്തിൽ; മെഴുകുതിരി കത്തിച്ച് പ്രതിഷേധം
text_fieldsകായംകുളം: നഗരസഭ പരിധിയിൽ വെളിച്ചം വിതറാൻ നടപ്പാക്കിയ പദ്ധതി ഇരുട്ടിൽ തപ്പുന്നു. ഒരുകോടിയോളം ചെലവഴിച്ച പദ്ധതിയാണ് നഗരവാസികൾക്ക് പ്രയോജനമില്ലാതായത്. ഗുണനിലവാരമില്ലാത്ത ലൈറ്റുകൾ അണഞ്ഞതായാണ് ആക്ഷേപം. പദ്ധതിയിൽ അഴിമതി മറഞ്ഞിരിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചതോടെ വിഷയം വിവാദത്തിനും വഴിമാറി.
2019 -2020-2021 കാലഘട്ടങ്ങളിലായി അരക്കോടി രൂപയാണ് പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ ചെലവിട്ടത്. 2019-20ൽ 30 ലക്ഷവും 21-22ൽ 25 ലക്ഷം രൂപയും അറ്റകുറ്റപ്പണിക്കായും വിനിയോഗിച്ചങ്കിലും ഭൂരിഭാഗവും പിന്നെയും മിഴിതുറന്നിട്ടില്ല. മൂന്നു വർഷത്തെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തത്തോടെ കരാർ ഏറ്റെടുത്ത കമ്പനിയും പിന്നീട് ഈ വഴി വന്നിട്ടില്ലെന്നാണ് പരാതി ലൈറ്റുകൾ തെളിയാതായതോടെ ജനങ്ങളുടെ പരാതിയിൽ കൗൺസിലർമാരാണ് വലയുന്നത്.
ഇരുൾമൂടിയ വഴികളിലൂടെയുള്ള രാത്രികാല യാത്ര ദുരിതമായതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധച്ചൂടറിഞ്ഞ കൗൺസിലർമാർ വിഷയം പലതവണ കൗൺസിൽ യോഗത്തിനുള്ളിൽ ഉന്നയിച്ചെങ്കിലും പരിഹരിക്കുന്നതിൽ അധികൃതർ ഗുരുതര വീഴ്ച വരുത്തുകയായിരുന്നു.
ഒരു വാർഡിൽതന്നെ 40 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച കരാർ കമ്പനി നിരുത്തരവാദ സമീപനമാണ് പിന്നീട് കാട്ടിയത്. മൂന്നു വർഷത്തെ കാലാവധിയിൽ കരാർ എടുത്ത കമ്പനിയെ വിളിച്ചുവരുത്തുന്നതിൽ വീഴ്ചകാട്ടുന്നതിൽ ദുരൂഹതയും ഉയരുന്നു. ഇതിനിടെ ഉപയോഗിക്കാത്ത വഴിവിളക്കുകൾക്കും പ്രതിമാസം നാലേമുക്കാൽ ലക്ഷം രൂപയാണ് അടക്കേണ്ടി വരുന്നത്. ഭരണക്കാരുടെ കെടുകാര്യസ്ഥതയാണ് നഗരത്തെ ഇരുട്ടിലാക്കാൻ കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.
വിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗര കവാടത്തിൽ മെഴുകുതിരി പ്രകാശിപ്പിച്ച് നിൽപ് സമരം നടത്തി. വിജിലൻസിനും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ സമരം ഉദ്ഘാടനം ചെയ്തു. യു.ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, പി.സി. റോയ്, അൻസാരി കോയിക്കലേത്ത്, സുമിത്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.