പരിമിതികൾ മറികടന്ന് ഗീതു റെക്കോഡിലേക്ക്
text_fieldsകായംകുളം: അസൗകര്യങ്ങളെയും പരിമിതികളെയും ഇച്ഛാശക്തിയിൽ മറികടന്ന ഗീതു ചിത്രരചനയിൽ ലോക റെക്കോഡ് പട്ടികയിൽ ഇടം നേടി. 90 ഇഞ്ച് ഉയരത്തിലും 57 ഇഞ്ച് വീതിയിലും 32 മണിക്കൂറിനുള്ളിൽ ചിത്രം വരച്ചാണ് കീരിക്കാട് തെക്ക് പുളിമുക്ക് വേലിത്തറയിൽ ഗീതു (28) റെക്കോഡ് സൃഷ്ടിച്ചത്. തിരുക്കടവ് ശിവരാജ് എന്ന ആനയുടെ ചിത്രമാണ് നേട്ടത്തിന് കാൻവാസിലാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോഡുകളാണ് ഒറ്റ ചിത്രത്തിലൂടെ നേടിയത്.
ടിൻ ഷീറ്റ് ഉപയോഗിച്ച് നിർമിച്ച വീടിെൻറ നിരപ്പില്ലാത്ത ചുവരിൽ വലിയ കാൻവാസ് ഷീറ്റ് ചേർത്തുവെച്ചാണ് സ്വപ്നം സഫലീകരിച്ചത്. കുട്ടിക്കാലം മുതലേ ചിത്രകലയിൽ പ്രാവീണ്യം കാട്ടിയ ഗീതുവിന് മാതാപിതാക്കളായ രവിയും ഗീതയും മികച്ച പ്രോത്സാഹനമാണ് നൽകിയിരുന്നത്. വിവാഹശേഷം ഭർത്താവ് സുരേഷ് നൽകിയ പിന്തുണയും റെേക്കാഡ് നേട്ടത്തിന് കാരണമായി. മ്യുറൽ, അക്രിലിക്, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ എന്നിങ്ങനെ ചിത്രരചനകളിലും പ്രാഗല്ഭ്യമുണ്ട്.
ബ്രഷ് കൂടാതെ വിരലുകളാൽ നേരിട്ട് ചിത്രങ്ങൾ വരക്കും. ഛായാചിത്രങ്ങൾ വരച്ചു നൽകുന്നതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ ആശ്വാസമാണ്. 30 മണിക്കൂറിനുള്ളിൽ ഏറ്റവും വലുപ്പമേറിയ ചിത്രം വരച്ച് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കണമെന്നാണ് ആഗ്രഹം. ഇതിന് ഹാൾ വാടകക്ക് എടുക്കണം. എന്നാൽ, സാമ്പത്തിക പ്രയാസം തടസ്സമായി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.