പടിപ്പുരക്കൽ ഷഹാന മഹൽ നഗരമധ്യത്തിലെ വനം
text_fieldsകായംകുളം: വീട്ടുവളപ്പിനെ ഹരിത വനമാക്കിയതിലൂടെ അബ്ദുൽ ലത്തീഫ് നാടിന് നൽകിയത് കരുതലിന്റെ കാവൽ. നഗരമധ്യത്തിലെ വീടിന് ചുറ്റും കിളികളും ചിത്രശലഭങ്ങളും പാറിപ്പറന്ന് നടക്കുന്നത് മനോഹര കാഴ്ചയാണ്. വാണിജ്യ നികുതി വകുപ്പിൽ ഡെപ്യൂട്ടി കമീഷണറായി വിരമിച്ച എം.എസ്.എം സ്കൂളിന് സമീപം പടിപ്പുരക്കൽ ഷഹാന മഹലിൽ അബ്ദുൽ ലത്തീഫാണ് (66) വീട്ടുവളപ്പിനെ കാടാക്കി മാറ്റിയത്.
സൂര്യൻ കത്തുന്ന നട്ടുച്ചക്കുപോലും തണലിടുന്ന പച്ചപ്പാണ് ഇവിടത്തെ പ്രത്യേകത. നഗരത്തിന്റെ ചൂടിൽനിന്ന് മനസ്സും ശരീരവും ഒരുപോലെ കുളിരണിയുന്ന അനുഭൂതിയാണ് വീട്ടുവളപ്പിലേക്ക് കടന്നാൽ ലഭിക്കുന്നത്. ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഇവിടെ ഇടതൂർന്ന് വളരുന്നു. പ്രകൃതിയോടും മണ്ണിനോടും ചേർന്നുനിൽക്കാനുള്ള ലത്തീഫിന്റെ മോഹമാണ് വീട്ടുവളപ്പിനെ വനമാക്കി മാറ്റിയത്.
വിദേശ ഫലവൃക്ഷങ്ങളായ കെപ്പൽ, കോളാനെട്ട് തുടങ്ങിയവയും വംശനാശം നേരിടുന്ന ഓടപ്പഴം, പൂച്ചപ്പഴം, കൊരണ്ടിപ്പഴം അടക്കമുള്ളവയും ഇവിടെ തഴച്ചുവളരുന്നു. കമ്പില്ലക, അണലിവേഗം, നാഗലിംഗവൃക്ഷം, അമൃത്, കായാമ്പു, കർപ്പൂരം, കടുക്ക, രുദ്രാക്ഷം, കാട്ടുകറിവേപ്പ്, കാട്ടുകുരുമുളക്, കാട്ടുചെമ്പകം, മരവുരി, കമണ്ഡലു, ചെമ്മാരം തുടങ്ങി അപൂർവമായവയടക്കം ഔഷധസസ്യ ഇനങ്ങളും ഉണ്ട്. ഇരുൾ, വേങ്ങ്, പൈൻ, ചെറുപുന്ന തുടങ്ങിയ വൃക്ഷങ്ങളും 50 സെന്റിലുണ്ട്. കൂടാതെ കൃഷ്ണപുരം കാപ്പിൽകിഴക്ക് ഭാഗത്തെ 50 സെന്റ് സ്ഥലത്തും വനവൃക്ഷങ്ങളുടെ തോട്ടം ഒരുക്കിയിട്ടുണ്ട്. കാഴ്ചയിൽനിന്നേ മറഞ്ഞ ഇലിപ്പ മരമാണ് ഇവിടത്തെ പ്രത്യേകത. നക്ഷത്ര സസ്യങ്ങളും പൂച്ചെടികളും ഇതിനിടയിൽ തഴച്ചുവളരുന്നത് ശലഭോദ്യോനാത്തിനും കാരണമായി. അപൂർവ ഇനം ശഭലങ്ങളെ ഇവിടെ കാണാനാകും. അമൃത്, അമ്പഴം, അയ്യമ്പന, അരുണ, അരുത, അശോകം, ആടലോടകം, ഇടമ്പിരി വലമ്പിരി, ഇത്തി, ഇശങ്ക് തുടങ്ങി ഒരോ ഇനങ്ങൾക്കും മികച്ച പരിചരണമാണ് നൽകുന്നത്.
30 സെന്റിൽ സമ്മിശ്ര കൃഷിയും ഇറക്കിയിട്ടുണ്ട്. വീട്ടുവളപ്പിനെ വനമാക്കി മാറ്റാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നതായി അബ്ദുൽ ലത്തീഫ് പറഞ്ഞു. ജോലിസംബന്ധമായ യാത്രകൾക്കിടയിലാണ് അപൂർവ സസ്യങ്ങളുടെ ശേഖരം സ്വന്തമാക്കി തുടങ്ങിയത്. 2011ൽ ജോലിയിൽനിന്നും വിരമിച്ച ശേഷം അഭിഭാഷകനായി എൻറോൾ ചെയ്തു. വനവത്കരണത്തിനാണ് അപ്പോഴും പരിഗണന നൽകിയത്. ചാലക്കുടി ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ഭാര്യ ഐഷാബീവിയുടെ പിന്തുണയും വീട്ടുവളപ്പിനെ ഹരിതാഭമാക്കുന്നതിൽ സഹായകമായി. മക്കളായ അനീസ്, അസീർ, ഷഹനാസ്, ഷെഹാൻ എന്നിവരുടെ പിന്തുണയും ലത്തീഫിന്റെ പ്രകൃതിസ്നേഹ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.