സസ്യമാർക്കറ്റ് കെട്ടിട നിർമാണം: വിജിലൻസ് റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി
text_fieldsകായംകുളം: സസ്യമാർക്കറ്റിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച സംഘം സസ്യമാർക്കറ്റിൽ എത്തി നിർമാണരീതികളും വിലയിരുത്തി. പ്രാഥമിക പരിശോധനയിൽതന്നെ നിർമാണത്തിൽ അപാകതകൾ കണ്ടെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇതാണ് മുകൾനിലയിലെ ചോർച്ചക്ക് കാരണം. സാധനങ്ങളുടെ ഗുണനിലാവരം വിദഗ്ധ സംഘത്തിെൻറ പരിശോധനക്ക് വിധേയമാക്കണമെന്നാണ് അന്വേഷണ ഉദ്യാഗസ്ഥരുടെ ശിപാർശ. പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് അറുതിയായി രണ്ട് വർഷം മുമ്പാണ് ഷോപ്പിങ് കോംപ്ലക്സ് പൂർത്തീകരിച്ചത്.
വൈദ്യുതീകരണവും ജലസേചന സൗകര്യവും ഒരുക്കുന്നത് ഇതുവരെ പൂർത്തിയായിട്ടില്ല. കടമുറികളുടെ കൈമാറ്റം സംബന്ധിച്ച നിരവധി കേസുകൾ ഹൈകോടതിയിലുണ്ട്. പഴയ കെട്ടിടം 2009ലാണ് പൊളിച്ചത്. കെ.യു.ആര്.ഡി.എഫ്.സിയില്‍നിന്ന് ഏഴ് കോടി വായ്പ എടുത്ത് 2016ലാണ് നിർമാണം ആരംഭിച്ചത്. നിർമാണ രീതികളുടെ ഗുണനിലവാരം സംബന്ധിച്ച് തുടക്കം മുതലെ ആരോപണവും സജീവമായിരുന്നു. കെട്ടിടത്തിലെ കടമുറി കൈമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൂടിയ കൗൺസിലും കൈയാങ്കളിയിലാണ് കലാശിച്ചത്. ഇതിനിടയിലെ വിജിലൻസ് പരിശോധന ഭരണപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.