മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളെ അക്രമിക്കുന്ന സംഘം പിടിയിൽ
text_fieldsകായംകുളം: മോഷ്ടിച്ച വില കൂടിയ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ അക്രമിച്ച് സ്വർണമാല കവരുന്ന സംഘം അറസ്റ്റിൽ. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം ദീപാ മന്ദിരത്തിൽ അഖിൽ (23), റ്റി.കെ.എം കോളജിന് സമീപം വശം കുമ്പളത്ത് വീട്ടിൽ അഭിലാഷ് (23) വർക്കല ഇടവ കാപ്പിൽ കൊച്ചാലത്തൊടി വീട്ടിൽ ഷാഹുൽ ഹമീദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കായംകുളം കോടതി റിമാൻഡ് ചെയ്തത്.
കൃഷ്ണപുരം കാപ്പിൽ കിഴക്ക് മോഹനാലയത്തിൽ രാകേഷ് രാജുവിന്‍റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 11 ന് പുലർച്ചെയാണ് രണ്ട് ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിനിടെ ബൈക്ക് അറ്റകുറ്റ പണികൾക്കായി കൊല്ലത്തുള്ള ഷോറൂമിൽ എത്തിച്ചതാണ് മോഷണ സംഘത്തെ കുടുക്കിയത്. ലോക്കും നമ്പർപ്ലെയ്റ്റ് ഇല്ലാതിരുന്നത് സംശയത്തിനിടയാക്കി.
ചോദ്യം ചെയ്തതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ച് വ്യക്തത വന്നത്. നിരവധി കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പിന്തുടർന്ന പൊലിസ് വർക്കല കാപ്പിൽ ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും പുനലൂരിൽ നിന്നും രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മറ്റൊരു ഡ്യുക്ക് ബൈക്ക് മോഷ്ടിച്ചതായും കണ്ടെത്തി.മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നു സ്ത്രീകളുടെ മാല പൊട്ടിക്കലും നടത്താറുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു. സി ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ അനന്തകൃഷ്ണൻ, യോഗീദാസ്, എ.എസ്.ഐമാരായ നവീൻ, ഉദകുമാർ, സിവിൽ പൊലീസ് ഒാഫീസർമാരായ ദീപക്, വിഷ്ണു, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം.. ബൈക്ക് മോഷണ കേസിൽ കായംകുളം പൊലിസ് അറസ്റ്റ് ചെയ്ത പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.