പെട്ടി പെട്ടി ബാലറ്റ് പെട്ടി,പെട്ടി പൊട്ടിച്ചപ്പോൾ... പുലിവാൽ പിടിച്ച് പോസ്റ്റൽ വോട്ടർമാർ
text_fieldsകായംകുളം: ഇടവഴികളിൽ ഇടിമുഴക്കം പോലെ മുഴങ്ങിയ മുദ്രാവാക്യങ്ങൾക്ക് കാരണമായ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങൾ ഒാർമകളിലേക്ക് മറഞ്ഞിരിക്കുന്ന കാലത്തും 'ബാലറ്റിൽ കുത്താനും പെട്ടിയിലിടാനും കഴിയാതെ' ഒരു വിഭാഗം മാനസിക സമ്മർദത്തിലാണ്. 'പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോൾ...' എന്ന മാസ്റ്റർ പീസ് മുദ്രാവാക്യത്തിലെ പെട്ടി ഒാർമകളാണ് പോസ്റ്റൽ ബാലറ്റിൽ വോട്ട് കുത്താൻ വിധിക്കപ്പെട്ടവരുടെ മനസ്സുകളിൽ നിറയുന്നത്.
വോട്ടുയന്ത്രങ്ങളുടെ വരവോടെ ബാലറ്റും പെട്ടികളും അപ്രത്യക്ഷമാകുകയായിരുന്നു. ഒറ്റ ഞെക്കലിനു വോട്ട് വീഴുന്ന ആധുനിക സാങ്കേതികവിദ്യയോട് ന്യൂജൻ തലമുറക്ക് പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല. പഴയ തലമുറ കഴിഞ്ഞ കുറേനാളായി ഇതിനോട് പൊരുത്തപ്പെട്ട് വരുകയാണ്. പേക്ഷ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ബാലറ്റിൽ തന്നെ കുത്തേണ്ടിവരുന്ന സർക്കാർ ഓഫിസിലെ കാര്യനിർവഹണക്കാർക്ക് ഇതിലൊക്കെ അസൂയപ്പെടാനേ കഴിയുന്നുള്ളൂ. ആറ്റുനോറ്റ് പോസ്റ്റൽ ബാലറ്റ് സംഘടിപ്പിെച്ചങ്കിലും അതിലൊട്ട് കുത്താനും കഴിഞ്ഞില്ലെന്ന് മാത്രമല്ല രാഷ്ട്രീയക്കാരെൻറ വിരോധം പിടിച്ചുവാങ്ങേണ്ടിവരുകയും ചെയ്യുമെന്നതാണ് ഇവരുടെ ദുർഗതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ നാട്ടിൻപുറത്തെ ചായക്കട ചർച്ചയിൽനിന്നാണ് ഇതിെൻറ ഗുട്ടൻസ് നാട്ടുകാർക്ക് പിടികിട്ടിയത്. ഫലം അറിയാൻ ഒരുദിവസം ബാക്കിനിൽക്കെ പോസ്റ്റൽ വോട്ടിൽ ലീഡ് മുന്നണികൾ പ്രഖ്യാപിച്ച് കഴിഞ്ഞു. കിട്ടിയ വോട്ടുകളുടെ 'പോരിഷകളും' കിട്ടാത്തവയുടെ രോഷവും ഇവർ മറച്ചുവെച്ചില്ല. രഹസ്യമായ സമ്മതിദാനാവകാശമെന്ന് വിവക്ഷയുള്ള 'വോട്ട് നടത്താൻ പോയ സാറ്' ആർക്കാണ് കുത്തിയതെന്ന് അങ്ങനെ നാട്ടിലെല്ലാം പാട്ടായി. വോട്ട് കുത്താതെ മിക്കവരും ബാലറ്റ് അതുപോലങ്ങ് സ്വന്തം സ്ഥാനാർഥിയെ ഏൽപിക്കുകയായിരുന്നു. ചർച്ച പുറത്തറിഞ്ഞതോടെ നിഷ്പക്ഷത നടിച്ചുനിന്ന 'സാറൻമാർ' കൂടുതൽ വെട്ടിലായി. നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങളും ഒൗദ്യോഗിക ജീവിതത്തിലെ യൂനിയൻ ബന്ധങ്ങളും ഇവരുടെ മുന്നിൽ ഒരുപോലെ സമ്മർദവുമായി എത്തിയതോടെ പലരും പുലിവാൽ പിടിച്ചെന്ന് പറഞ്ഞാൽ മതി. ബാലറ്റ് സ്വന്തമായി അയച്ചോളാമെന്ന് പറഞ്ഞാൽ ഇരുകൂട്ടർക്കും സംശയമാകും. ഒരാളുടെ കൈയിൽ കൊടുത്താൽ മറ്റേയാൾ പിണങ്ങും. ത്രിതലമല്ലേ, മൂന്നായി വീതിക്കാമെന്ന് പറഞ്ഞാൽ അതൊട്ട് സമ്മതിക്കുന്നുമില്ല. കൊടുക്കാമെന്ന് പറഞ്ഞയാൾ ബാലറ്റ് വാങ്ങാൻ എത്തിയപ്പോൾ മറ്റേയാൾ കൊണ്ടുപോയെന്ന് വരുമെന്ന് പറയുന്നതിലെ ജാള്യമോർത്ത് വീട് പൂട്ടി മുങ്ങിയവരും നിരവധി. ഒരു വോട്ടിന് എങ്ങാനും മറ്റേ സ്ഥാനാർഥി ജയിച്ചാലത്തെ സ്ഥിതി പറയുകയും വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.