മഴയും കുഴിയും ഇരുട്ടും: ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു
text_fieldsകായംകുളം: ദേശീയപാതയിലെ കുഴികൾ വെള്ളക്കെട്ടുകളായതോടെ അപകടങ്ങൾ പെരുകുന്നു. പഴയ കുഴികൾ അടച്ചെങ്കിലും കനത്ത മഴയിൽ പുതിയവ രൂപപ്പെട്ടതാണ് പ്രശ്നമായത്. കായംകുളം മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുഴികളിൽ വീണ് 25 ഓളം അപകടങ്ങളാണ് സംഭവിച്ചത്.
വിഷം കഴിച്ചയാളുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് വലിയ അപകടം. തിങ്കളാഴ് രാത്രിയിലെ സംഭവത്തിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. പുതിയിടം ഭാഗത്താണ് അപകടം പതിയിരിക്കുന്ന വലിയ ഗർത്തമുള്ളത്. ഇവിടെ തിങ്കളാഴ്ച മാത്രം പത്തോളം അപകടങ്ങളുണ്ടായി.
കെ.പി.എ.സി ജഗ്ഷൻ, കെ.എസ്.ആർ.ടി.സി, ഷഹീദാർ മസ്ജിദ്, കരീലക്കുളങ്ങര, തുടങ്ങിയ ഭാഗങ്ങളിലും അപകടം സൃഷ്ടിക്കുന്ന കുഴികൾ ധാരാളമാണ്. വഴിവിളക്കുകൾ തെളിയാത്തതാണ് രാത്രികാലങ്ങളിൽ കുഴികളിൽ വീഴാൻ കാരണമാകുന്നത്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപറ്റുന്നതും വ്യാപകമാണ്.
ചേപ്പാട് മുതൽ കൃഷ്ണപുരം വരെ ചെറുതും വലുതുമായ നൂറോളം കുഴികളാണ് അപകട ഭീഷണി ഉയർത്തുന്നത്. നേരത്തെ പരാതി വ്യാപകമായതോടെ ഏറെ കുഴികൾ അടച്ചിരുന്നു. അന്ന് ചെറിയ കുഴികളായിരുന്നവ മഴ ശക്തമായതോടെ ഗർത്തങ്ങളായി രൂപപ്പെട്ടിരിക്കുന്നതാണ് പ്രശ്നം. വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴികൾ കാണാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമാണ്.
അടുത്ത് എത്തുമ്പോഴാണ് കുഴികൾ ശ്രദ്ധയിൽപ്പെടുന്നത്. ഇതുകാരണം ഇരുചക്രവാഹനങ്ങൾ വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടം വർധിപ്പിക്കുന്നു. സ്ത്രീകളും രാത്രികാല യാത്രികരുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കനത്ത മഴയും വഴിവിളക്കുകൾ കത്താതിരിക്കുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.