‘ക്വട്ടേഷൻ സംഘങ്ങൾ അരങ്ങുവാഴുന്ന കായംകുളം’; കാരിക്കാമുറി ഷണ്മുഖനും ഡെവിൻ കാർലോസ് പടവീടൻ വക്കീലും പുനരവതരിക്കുന്നു
text_fieldsകായംകുളം: അധോലോകം പ്രമേയമാക്കി 2004 ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ സിനിമയെ വെല്ലുന്ന തരത്തിലുള്ള ക്വട്ടേഷൻ-ഗുണ്ട പ്രവർത്തനമാണ് നഗരത്തിൽ അരങ്ങേറുന്നത്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്മുഖനും ലാലിന്റെ ഡെവിൻ കാർലോസ് പടവീടൻ വക്കീലും ഇവിടെ പുനരവതരിക്കുകയാണ്. നഗരത്തിലെ കുപ്രസിദ്ധരായ കുറ്റവാളികളെ പിടികൂടുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ ദീപക്കിന് (37) ഇടുക്കിയിൽ വെച്ച് കുത്തേറ്റതാണ് സിനിമ കഥയുടെ താരതമ്യ ചർച്ചക്ക് കാരണം. കൃഷ്ണപുരത്ത് ഹോട്ടൽ ഉടമയെ അക്രമിച്ചശേഷം മുങ്ങിയ പ്രതികളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് പൊലീസുകാരെ ക്വട്ടേഷൻ സംഘം ആക്രമിച്ച് രക്ഷപ്പെട്ടത്. സംഭവത്തിൽ എരുവ കോട്ടായിൽ ഷിനു (ഫിറോസ്ഖാൻ - 33), എരുവ പടിഞ്ഞാറ് പുളിവേലിൽ പടീറ്റതിൽ സമീർബാബു (30), ചെങ്കിലാത്ത് ഹാഷിം (34), വാണിയന്റയ്യത്ത് മുനീർ (30) എന്നിവർ ഇടുക്കി പൊലീസിന്റെ പിടിയിലായി. നഗരത്തിലെ മീറ്റർ പലിശ സംഘത്തിന്റെ തലവനാണ് ഷിനു. ചില പരാതികൾ അടിസ്ഥാനമാക്കി ഇയാളെ ലക്ഷ്യമിട്ട് ഒരുമാസം മുമ്പ് പൊലീസ് മീറ്റർ പലിശ ഇടപാടുകാരുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയെങ്കിലും കുരുക്കാൻ കഴിയുന്നതൊന്നും കണ്ടെത്താനായിരുന്നില്ല.
പൊലീസിൽ നിന്നുള്ള വിവര ചോർച്ചകൾ സഹായകമായെന്നായിരുന്നു സംസാരം. ഈ റെയ്ഡാണ് കൃഷ്ണപുരത്തെ ഹോട്ടലുടമയെ ആക്രമിക്കുന്നതിലേക്ക് നയിക്കുന്നതത്രെ. ഇതിൽ പൊലീസിന് നേരെ അക്രമം ഉണ്ടായതോടെ ഷിനുവിനെ പൂട്ടാൻ കൂടുതൽ പരാതികൾ തേടി പൊലീസ് പരക്കം പായുകയാണ്. എന്നാൽ, ഇവരെ വിശ്വാസമില്ലാത്തതിനാൽ മിക്കവരും ഒഴിഞ്ഞുമാറുകയായിരുന്നു.
പൊലീസിലും ഭരണത്തിലുമുള്ള ഷിനുവിന്റെ പരോക്ഷസ്വാധീനമാണ് മീറ്റർ പലിശയുടെ ക്രൂരതകൾക്ക് വിധേയരായിട്ടും പരാതി കൊടുക്കുന്നതിൽനിന്ന് മിക്കവരെയും പിന്തിരിപ്പിക്കുന്നത്. അതേസമയം നേരിട്ട് ഇടപാടുകൾ നടത്താതെ ഇടനിലക്കാർ മുഖാന്തരം നടപ്പാക്കുന്നതും പ്രശ്നമാണ്. അതോടൊപ്പം ഏത് തരത്തിലുള്ള പ്രലോഭനങ്ങളിലൂടെയും പൊലീസിനെ മയക്കി കിടത്താൻ കഴിയുന്ന പടവീടൻ വക്കീലൻമാരുടെ മിടുക്കും ക്വട്ടേഷൻ സംഘങ്ങൾക്ക് സഹായകമാകുന്നു.
പിളർന്ന് ഗുണ്ടാസാമ്രാജ്യം: നേരിട്ടിറങ്ങിയപ്പോൾ കളി കാര്യമായി
കൃഷ്ണപുരത്തെ ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും തട്ടിക്കൊണ്ടുപോയി മർദിക്കുന്നതിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും. നേരത്തേ ഒപ്പമുണ്ടായിരുന്ന കൊലക്കേസ് പ്രതി ഷിനുവുമായി തെറ്റി പുതിയ ചില നീക്കങ്ങൾക്ക് തുടക്കമിട്ടു. ഇയാൾ പുതിയ സാമ്രാജ്യത്തിനുള്ള ചരടുവലികൾക്ക് കൃഷ്ണപുരമാണ് സങ്കേതമാക്കിയത്. ഇതിനിടെയാണ് മീറ്റർ പലിശസംഘത്തിനെതിരെ ഹോട്ടലുടമ പരാതി നൽകുന്നത്. തുടർന്ന് മൂന്ന് സി.ഐമാരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് ഷിനുവിന്റെ സംഘത്തിനുണ്ടാക്കിയ കോട്ടം വളരെ വലുതായിരുന്നു. 100ഓളം പേരുടെ വിപുല ശൃംഖല വിരലിൽ എണ്ണാവുന്നവരിലേക്ക് ചുരുങ്ങി. ഇതോടെയാണ് സംഘത്തിന്റെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കാൻ നേതാവുതന്നെ കളത്തിലിറങ്ങുന്നത്. 24നാണ് ഹോട്ടൽ ഉടമ റിഹാസിനെയും ജീവനക്കാരൻ അമീനനെയും തട്ടിക്കൊണ്ടുപോകുന്നത്. കരിയിലക്കുളങ്ങരയിൽ എത്തിയ സംഘം പ്രതിഷ് എന്ന യുവാവിനെയും അക്രമിച്ചു. ഈ സംഭവത്തിലാണ് രണ്ട് സ്റ്റേഷനുകളിലെയും പൊലീസുകാരെ ഉൾപ്പെടുത്തിയ അന്വേഷണസംഘം ഇവരെ പിന്തുടർന്നത്. പൊലീസിനുനേരെ അക്രമണം ഉണ്ടായതോടെ കേസിന്റെ ഗതി തിരിഞ്ഞെങ്കിലും നേതാക്കളുമായുള്ള ബന്ധം പ്രതികൾക്ക് സഹായകമാകുമെന്ന ആശങ്കയാണ് ജനം പ്രകടിപ്പിക്കുന്നത്.
ഗുണ്ടനേതാവിന്റെ പട്ടികയിൽ ഞെട്ടി പൊലീസ്
മീറ്റർ പലിശ വ്യാപാരത്തിന്റെ സംഘത്തലവനായ ഷിനുവിന്റെ (ഫിറോസ്ഖാൻ) പൂർവകാല കഥകൾ തിരയുമ്പോഴാണ് ‘ബ്ലാക്ക്’ സിനിമയും അതിലെ കഥയും മിന്നിമറയുന്നത്. ഇടുക്കിയിൽ സംഘം പിടിയിലാകുന്നതിന് മുമ്പുതന്നെ കാര്യങ്ങൾ ഒരുവഴിക്കാക്കാൻ പടവീടൻ വക്കീലന്മാർ നാട്ടിൽനിന്ന് അവിടേക്ക് തിരിച്ചിരുന്നു. ഇവരുടെ ഇടനിലയിൽ ‘പൊലീസ്’ മുമ്പ് വേണ്ടെന്നുവെച്ച സംഭവങ്ങൾ നിരവധിയാണ്.
2020ൽ സി.പി.എം പ്രവർത്തകനായ സിയാദ് ഗുണ്ട സംഘത്താൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ നഗരത്തിലെ ക്വട്ടേഷൻകാരെ ഒതുക്കുമെന്ന പ്രഖ്യാപനവുമായി അന്നത്തെ ജില്ല പൊലീസ് മേധാവി ചില നീക്കങ്ങൾ നടത്തിയിരുന്നു. ഓരോ ഗ്യാങ്ങുകളുടെയും തലവന്മാരെ വിളിച്ചുവരുത്തി കാര്യമായി ചോദ്യം ചെയ്തു. രണ്ടാംദിനം എത്തിയ ഷിനു തന്നെ സഹായിക്കുന്ന 44 പേരുടെ ലിസ്റ്റ് ഗത്യന്തരമില്ലാതെ കൈമാറി. കുറ്റവാളി സംഘങ്ങളുടെ അടിവേരറുക്കാൻ കളത്തിലിറങ്ങിയ പൊലീസ് ഗുണ്ടനേതാവിന്റെ സഹായികളുടെ പട്ടിക കണ്ട് ഞെട്ടി.
പ്രതിപക്ഷ പാർട്ടിയുടെ സംസ്ഥാനത്തെ നേതാവ്, ഭരണപാർട്ടിയിലെ ജില്ലയിൽ ഇടമുള്ള പ്രമുഖൻ, പ്രമുഖ അഭിഭാഷകർ, പ്രതിപക്ഷ വിദ്യാർഥി സംഘടനയുടെ ജില്ല നേതാവ്, യുവ നേതാവ്, ഭരണകക്ഷി യുവജന സംഘടനയുടെ മേഖല നേതാവ്, ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങിയവരാണ് അതിലുണ്ടായിരുന്നത്. ആ ലിസ്റ്റുമായി പോയ ജില്ല പൊലീസ് മേധാവി പിന്നെ കായംകുളത്തേക്ക് വന്നിട്ടില്ല. വിരമിച്ച് തലയൂരുകയായിരുന്നു. അന്നത്തെ മൊഴിയുടെ നേരിയ അവശിഷ്ടംപോലും ഇന്ന് സ്റ്റേഷനിൽ ഇല്ലെന്നറിയുമ്പോഴാണ് ക്വട്ടേഷൻ സംഘങ്ങളുടെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനം വ്യക്തമാകുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലയിൽ ക്വേട്ടഷൻ സംഘങ്ങൾക്കുള്ള സ്വാധീനം ഇരട്ടിയാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളെന്ന് ആക്ഷേപമുള്ളവർ ചോദ്യം ചെയ്യലിന് വിധേയരായതോടെ മാഫിയ പ്രവർത്തനം നിലക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വർധിതവീര്യത്തോടെ തിരികെ വരുന്ന കാഴ്ചയാണുണ്ടായത്. നേതാക്കളുടെ പണമാണ് മീറ്റർ പലിശ വ്യാപാരമായി മാറുന്നതെന്ന ആക്ഷേപത്തിനാണ് ഇതിലൂടെ അടിവരയിട്ടത്. പലരുടെയും കള്ളപ്പണം തുണി, തടി, പോത്ത് തുടങ്ങിയവയുടെ കച്ചവടത്തിലൂടെ വെളുപ്പിക്കുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
പ്രതിയെ തട്ടിക്കൊണ്ടുപോയി ഹീറോയിസം; സഹായത്തിന് സി.പി.എം നേതാവ്
കോളിളക്കം സൃഷ്ടിച്ച റേഡിയോജോക്കി വധക്കേസിലെ പ്രതിയായ ദേശത്തിനകം സ്വദേശി അപ്പുണ്ണിയെ (34) 2019 ൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിൽ ഷിനു അടക്കമുള്ളവർ പിടിക്കപ്പെട്ടിരുന്നു. കസ്റ്റഡിയിലായ പ്രതികളെ പുറത്തിറക്കാൻ പ്രമുഖ സി.പി.എം നേതാവ് അന്ന് പൊലീസിൽ നടത്തിയ സമ്മർദം പാർട്ടിക്കുള്ളിൽ വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു.
ഷിനുവിനെ കൂടാതെ നിരവധി കേസുകളിൽ പ്രതിയായ പള്ളിക്കല് മഞ്ഞാടിത്തറ ബിസ്മിനാ മന്സിലില് ബുനാഷ്ഖാന്, പോത്ത് രാജീവ്, ഭരണിക്കാവ് കൊട്ടക്കാട്ട് കിഴക്കതില് അഖിലേഷ്, ഭരണിക്കാവ് കുഴിക്കാല തെക്കതില് വിവേക് എന്നിവരാണ് അപ്പുണ്ണിക്ക് സഹായമൊരുക്കിയതിന് പിടിയിലായത്. സമ്മർദം ശക്തമായതോടെ പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കളോട് പൊലീസ് തന്നെ കാര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു.
കൊലക്കേസിൽപ്പെട്ട് ജയിലിൽ കിടന്നിരുന്ന അപ്പുണ്ണിയെ കോടതിയിൽ ഹാജരാക്കാനായി വിലങ്ങുവെച്ച് കൊണ്ടുവരുന്ന വഴിയാണ് മറ്റൊരാളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് രക്ഷപ്പെടുത്തുന്നത്.
മാവേലിക്കര സ്വദേശിയായ ക്വേേട്ടഷൻ തലവനെ കൊലപ്പെടുത്താനായിട്ടാണ് കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടതെന്ന് അപ്പുണ്ണി പിടിക്കപ്പെട്ടപ്പോൾ പൊലീസിനോട് സമ്മതിച്ചിരുന്നു. കായംകുളം കേന്ദ്രീകരിച്ചുള്ള മാഫിയ തർക്കങ്ങളാണ് ഇവരുടെ കുടിപ്പകക്ക് കാരണമായത്. കേസിലെ ഗൗരവം അവഗണിച്ചും ഷിനുവിനായി അന്ന് പെട്ടവരാണ് ഇപ്പോഴും സംരക്ഷണം ഒരുക്കുന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.