സമൂഹമാധ്യമങ്ങളിൽ സി.പി.എം നേതൃത്വത്തിനെതിരെ രോഷം
text_fieldsകായംകുളം: ‘പാർട്ടിയുടെ പേര് പറഞ്ഞു, പാർട്ടി ചിലവിൽ തിന്നു മദിച്ചു നടക്കുന്ന അഴിമതിക്കാരായ, അഹങ്കാരികളായ കായംകുളത്തെ നേതാക്കളെ നടപടി എടുത്ത് പുറത്താക്കണം. അതല്ലാതെ എന്ത് ന്യായം കണ്ടെത്തിയാലും അത് അണികൾ അംഗീകരിക്കില്ല. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു ജനങ്ങളോടൊപ്പം നിൽക്കാൻ അത്തരം നടപടികൾ അനിവാര്യമാണ്’. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ അണികളുടെ രോഷം അണപൊട്ടുന്നു. ഇടക്കാലത്ത് നിർജീവമായിരുന്ന ‘കായംകുളം വിപ്ലവം’ അടക്കമുള്ള എഫ്.ബി പേജുകളും വിമർശനങ്ങളുമായി സജീവമായതോടെ ചർച്ചയും കൊഴുക്കുകയാണ്.
പാർട്ടിയിൽ ഏറെനാളായി നിലനിൽക്കുന്ന സംഘടന പ്രശ്നങ്ങൾക്ക് നേരിയ തോതിലെങ്കിലും പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ തിരിച്ചടികൾക്ക് കാരണമെന്നും വിമർശനമുണ്ട്. എം.എൽ.എക്ക് എതിരെ നേതൃത്വത്തിൽ ചിലരുടെ പിന്തുണയോടെ തുടങ്ങിയ ഉൾപ്പൊര് മണ്ഡലത്തിൽ ബാധിച്ചതായി ‘വിപ്ലവം പേജിൽ’ പറയുന്നു.
പ്രാദേശിക വികസന നിർദേശങ്ങൾ ഏരിയ കമ്മിറ്റി തയ്യാറാക്കി എം.എൽ.എയുമായി കൂടിയാലോചിച്ച് നടപ്പാക്കുന്ന രീതി ഇല്ലാതായിട്ട് ഏഴ് വർഷം പിന്നിട്ടു. എം.എൽ.എയോടുള്ള വ്യക്തിവിരോധം തീർക്കുന്നതിന് നേതാക്കൾ തുടങ്ങിവച്ച കുരുക്ക് അവരെ തന്നെ മുറുക്കുന്ന സ്ഥിതിയായി.
സഹകരണ ബാങ്ക് ക്രമക്കേടുകൾ, മദ്യകച്ചവടക്കാരിൽ നിന്നും പണം വാങ്ങൽ, തൊഴിൽ തട്ടിപ്പ്, നഗരഭരണത്തിലെ അഴിമതി എന്നിവ വോട്ടിങിനെ ബാധിച്ചു. കൂടാതെ അഴിമതി, വ്യഭിചാരം, ആഭിചാരം, ക്വട്ടേഷൻ-ലഹരി മാഫിയ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഏരിയ കമ്മിറ്റി അംഗങ്ങളെ കേന്ദ്രീകരിച്ചുണ്ടായ നിരവധി വിഷയങ്ങളാണ് പോസ്റ്റുകളിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. കരീലക്കുളങ്ങരയിലെ സത്യൻ കൊലപാതകം പാർട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് തെരഞ്ഞെടുപ്പിന്റെ മൂർധന്യ ഘട്ടത്തിൽ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ വെളിപ്പെടുത്തലും മുതിർന്ന ഏരിയ കമ്മിറ്റി അംഗം ബി.ഡി.ജെ.എസ് നേതാവിനെ വീട്ടിൽ സ്വീകരിച്ചതും പാർട്ടിയോടുള്ള വിശ്വാസം പാടെ തകർക്കുന്നതായതായും സൂചിപ്പിക്കുന്നു. നവകേരള സദസിന്റെ മറവിൽ കൊറ്റുകുളങ്ങരയിൽ ക്വട്ടേഷൻ ആക്രമണം നടത്തിയതാണ് വടക്കൻ മേഖലയിലെ വോട്ട് നഷ്ടത്തിന് കാരണമായതെന്ന ചർച്ചയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.