പായരുതേ... കുഴിയുണ്ട്
text_fieldsകായംകുളം: ശക്തമായ മഴയും തകർന്ന റോഡുകളും ഓണക്കാലത്തെ സുഗമ യാത്രക്ക് തടസ്സമാകുന്നു. ദേശീയപാത മുതൽ പഞ്ചായത്ത് റോഡ് വരെ യാത്ര പ്രയാസകരമാക്കുന്ന വിധത്തിൽ തകർന്നുകിടക്കുകയാണ്. മഴയിൽ ചില റോഡുകൾ തോടുകളായും മാറിയിട്ടുണ്ട്. കനത്ത മഴയിൽ റോഡിലെ കുഴികൾ വെള്ളക്കെട്ടായത് അപകടസാധ്യതയും വർധിപ്പിക്കുന്നു.
ഭരണിക്കാവ് പഞ്ചായത്തിലെ കറ്റാനം-നാമ്പുകുളങ്ങര റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മൂന്നര കിലോമീറ്റർ വരുന്ന റോഡ് കുണ്ടും കുഴിയുമായതോടെ യാത്ര പ്രയാസകരമായി. ഏറെ സമ്മർദങ്ങൾക്കൊടുവിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ നിർമാണത്തിന് അനുവദിച്ചതോടെ നാട്ടുകാർ സന്തോഷത്താൽ മതിമറന്നു.
ആറുമാസം മുമ്പ് ആഘോഷപൂർവം നിർമാണ ഉദ്ഘാടനവും നടത്തി. മോക്ഷം നൽകിയവർക്ക് അഭിവാദ്യമർപ്പിച്ച് മൂന്നര കിലോമീറ്ററിൽ ഇടവിട്ട ഭാഗങ്ങളിൽ ബോർഡുകൾ ഉയർന്നു. സമൂഹ മാധ്യമങ്ങളിലും അഭിവാദ്യങ്ങൾ നിറഞ്ഞാടി. ഒരു മാസത്തിനുള്ളിൽ പണിക്ക് മുന്നോടിയായി എക്സ്കവേറ്റർ ഉപയോഗിച്ച് റോഡ് ഇളക്കി മറിച്ചു.
ഇതിനുശേഷം മുങ്ങിയ കരാറുകാരൻ പിന്നീട് ഈ വഴി വന്നിട്ടേയില്ല. ഇപ്പോൾ ഇതുവഴി സാഹസിക യാത്ര മാത്രമെ സാധ്യമാകൂ. കാൽനടപോലും പ്രയാസകരമാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുകാരണം പ്രയാസപ്പെടുന്നത്. ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം ജുമാമസ്ജിദ് റോഡും മറ്റ് റോഡുകൾ വെള്ളക്കെട്ടായതും യാത്രക്കാരെ വലക്കുന്നു.
12ാം വാർഡിൽ ജുമാമസ്ജിദിന് മുൻവശത്തെ റോഡിൽ വെള്ളം നിൽക്കുന്നത് വിശ്വാസികളെ പ്രയാസപ്പെടുത്തുന്നു. 300 മീറ്റർ ഭാഗം വരുന്ന റോഡിൽ മൂന്നിടത്താണ് വെള്ളക്കെട്ടുള്ളത്. 13ാം വാർഡിൽ തോപ്പിൽമുക്ക്-മഠത്തിൽ മുക്ക് റോഡിൽ ഇടപ്പുര ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടു. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതെ കെട്ടിക്കിടക്കുന്നതാണ് ഇവിടുത്തെ പ്രശ്നം.
ഇല്ലത്ത് ചെറുകാവിൽ റോഡ് തോടായി
കായംകുളം നഗരസഭയിലെ നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന ഇല്ലത്ത് -ചെറുകാവിൽ റോഡ് തോടായി മാറി. രണ്ടുവർഷം മുമ്പ് 1.10 കോടി രൂപ റോഡിനായി അനുവദിച്ചിരുന്നു. ഇതിെൻറ നിർമാണം ഇഴഞ്ഞുനീങ്ങുന്നതാണ് പ്രശ്നം. ഓടനിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമായത്.
നാല്, ആറ്, ഏഴ്, എട്ട്, 10 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിനെ നൂറുകണക്കിന് യാത്രികരാണ് ആശ്രയിക്കുന്നത്. ഓട പൊട്ടിപ്പൊളിഞ്ഞതിനാൽ വെള്ളം റോഡിലൂടെ ഒഴുകുന്നതാണ് ഇവിടുത്തെ തകർച്ചക്ക് കാരണം. ഓട ശരിയാക്കിയാൽ റോഡും നന്നാകും. എന്നാൽ രണ്ട്, മൂന്ന് വാർഡുകളുടെ അതിർത്തിയായതിനാൽ ഉത്തരവാദിത്തം ആർക്കാണെന്നതാണ് പ്രശ്നം.
രണ്ടാം വാർഡിൽനിന്നും തുടങ്ങുന്ന ഓട മൂന്നിലേക്ക് കടക്കുന്ന ഭാഗത്താണ് തകർന്നുകിടക്കുന്നത്. രണ്ടാം വാർഡിലെ കൗൺസിലർ എത്തിയെങ്കിലും ഇടപെടാൻ കഴിയാത്തതിനാൽ മടങ്ങുകയായിരുന്നു. ഒ.എൻ.കെ ജങ്ഷനിൽനിന്ന് തുടങ്ങുന്ന ചാലാപ്പള്ളി-ചെമ്മക്കാട് റോഡ് തകർന്നിട്ട് വർഷങ്ങളായി. കുഴികൾ രൂപപ്പെട്ടും മെറ്റലുകൾ ഇളകിയും കിടക്കുന്ന റോഡിലൂടെ കാൽനടപോലും ദുസ്സഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.