മധുരനൊമ്പരങ്ങളുടെ ഗസൽ ഈണവുമായി സാദിഖ് ഓണാട്ടുകരയിൽ
text_fieldsകായംകുളം: ജീവിതവഴിയിൽ കാലം കോറിയിട്ട മധുരനൊമ്പരങ്ങളെ ഗസൽ ഈണങ്ങളുടെ നിലാത്തൂവൽകൊണ്ട് തൊട്ടുണർത്താനായി ഗായകൻ സി.കെ. സാദിഖ് ഓണാട്ടുകരയിലെത്തുന്നു. ബാല്യകൗമാരങ്ങളും പ്രണയവും ആർദ്രതയും നന്മയും ചിരിയും നാട്ടിടവഴികളും മാമ്പൂക്കാലവും തുടങ്ങി ജീവിതത്തിൽ നഷ്ടപ്പെട്ടെന്നു കരുതിയവയെല്ലാം ഓർമകളായി മടക്കിത്തരുന്ന ഗസൽ സായാഹ്നം ഞായറാഴ്ച വൈകീട്ട് ഏഴിന് രണ്ടാംകുറ്റി മികാസ് കൺവൻഷൻ സെന്ററിലാണ് അരങ്ങേറുന്നത്. കെ.പി.എ.സി കൾച്ചറൽ ഫോറമാണ് പരിപാടി സംഘിപ്പിച്ചിക്കുന്നത്.
പ്രകൃതിയുടെ നിറവും പ്രണയത്തിന്റെ ആർദ്രതയും നിലാവിന്റെ പരിശുദ്ധിയും തുടങ്ങി വറ്റിയുണങ്ങിയ കണ്ണീർച്ചാലിലെ നോവിന്റെ നനവുമുള്ള മധുരനൊമ്പരങ്ങളെയെല്ലാം ഗസൽ ഈണങ്ങളാൽ തൊട്ടുണർത്തുന്ന ഗായകനാണ് ഉമ്പായിയുടെ സഹോദരി പുത്രൻകൂടിയായ സാദിഖ്.
ബാല്യത്തിലെ ഉമ്പായിയുടെ പാട്ടിന് താളം പടിച്ചാണ് സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. സംഗീത സാമ്രാട്ട് ദേവരാജൻ മാസ്റ്ററിൽനിന്നാണ് ബാലപാഠങ്ങൾ സായത്തമാക്കുന്നത്. സി. രാജാമണി, വിജരാജൻ മാസ്റ്റർ എന്നിവർക്ക് കീഴിലും അഭ്യസിച്ചു. ഫോർട്ട്കൊച്ചി സെൻട്രൽ കൽവത്തി ഗവ. സ്കൂളിൽ പഠിക്കവെ ലളിത സംഗീതത്തിൽ സമ്മാനം നേടിയതോടെയാണ് സംഗീതമാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചത്.
എട്ടുവർഷത്തോളം തബല പഠിച്ചു. കർണാടിക് സംഗീതത്തിലും പ്രാവിണ്യംനേടി. ഒന്നരപ്പതിറ്റാണ്ട് ദേവരാജൻ മാസ്റ്റർക്ക് ഒപ്പം നിഴലുപോലെ കൂടെയുണ്ടായിരുന്നു.
സംഗീത സംവിധായകരായ രാജാമണിയുടെയും കെ.ജെ. ജോയിയുടെയും ഒപ്പവും പ്രവർത്തിച്ച അനുഭവ പാരമ്പര്യവുമുണ്ട്. ദേവരാജൻ മാസ്റ്ററുടെ ഓർമകൾ നിലനിർത്താനായി രൂപപ്പെടുത്തിയ ദേവദാരു ഫൗണ്ടേഷന്റെ സ്ഥാപകനായ ഇദ്ദേഹം നാട്ടിലും മറുനാടുകളിലുമായി നൂറുകണക്കിന് വേദികളിൽ ഗസലിന്റെ നാദവിസ്മയം തീർത്തിരുന്നു.
സിനിമകളിലും ശ്രദ്ധേയ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചു. മമ്മൂട്ടിയുടെ മംഗ്ലീഷ് സിനിമയിൽ ‘സായിപ്പേ സലാം’ എന്ന ഗാനം പാടാനായത് പ്രധാന നേട്ടമാണ്. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ നിരവധി തമിഴ്, തെലുങ്ക് സിനിമകളിലും പാടിയിട്ടുണ്ട്. ഉമ്പായിയുടെ എല്ലാ പാട്ടുകളും സാദിഖിന്റെ മനസ്സിൽ പതിഞ്ഞവയാണ്.
ഫോര്ട്ട് കൊച്ചി നെല്ലുകടവിലെ കാളിദാസ നാടക സമിതിക്കായി ഒ.എൻ.വി രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നിർവഹിച്ച 'എന്തമ്മേ കൊച്ചു തുമ്പി, .... എന്ന പാട്ടിലൂടെയാണ് സംഗീത വഴിയിൽ അരങ്ങേറ്റം കുറിക്കുന്നത്.
മകൻ തൻവീർ ഖുറൈഷിയും മകൾ പർവീൻ സുൽത്താനും പാട്ടിന്റെ വഴിയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.