സജി ചെറിയാന്റെ ഉറപ്പ് പാഴ്വാക്കായി; എൽ.സിയിൽ വിഭാഗീയത രൂക്ഷം
text_fieldsകായംകുളം: സി.പി.എം പുള്ളികണക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. വിമർശകരെ അച്ചടക്ക നടപടിയിലൂടെ നേരിടാനുള്ള നേതൃനീക്കം പരസ്യപ്രതിഷേധത്തിന് കാരണമായത് നേതൃത്വത്തെ ഞെട്ടിച്ചു.
ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗവുമായ വിപിൻദാസ്, ആലുമൂട് ബ്രാഞ്ച് സെക്രട്ടറിയും തണ്ടാർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ രാജേന്ദ്രൻ, മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയും പ്രവാസി സംഘം മേഖല പ്രസിഡന്റുമായ എം. ഷാം, അംഗം മോഹനൻ എന്നിവർക്കെതിരായ നടപടിയാണ് പാർട്ടിക്ക് വെല്ലുവിളിയാകുന്നത്.
മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാം, മോഹനൻ എന്നിവരെ പുറത്താക്കിയത് റിപ്പോർട്ട് ചെയ്യാൻ ചൊവ്വാഴ്ച ഏരിയ സെന്റർ അംഗത്തിന്റെ വീട്ടിൽ കൂടിയ യോഗത്തിൽനിന്ന് 14ൽ 10 പേർ മുദ്രവാക്യങ്ങളുയർത്തി ഇറങ്ങിപ്പോയത് നേതൃത്വത്തിന് തിരിച്ചടിയായി. നടപടി അജണ്ടയാക്കി ചർച്ച ചെയ്യാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഏരിയ സെന്റർ അംഗമായ എസ്. നസീമിന് എതിരെ പരസ്യനിലപാട് സ്വീകരിച്ചതാണ് നടപടിക്ക് കാരണമെന്നാണ് ആക്ഷേപം.
കൃഷ്ണപുരം പഞ്ചായത്ത് അംഗം കൂടിയായ നസീം ഗ്രാമസഭ നടത്താതെ കൃത്രിമം കാട്ടിയെന്ന പരാതി പഞ്ചായത്തിൽ എത്തിയതാണ് പ്രശ്നമായത്. നടപടിക്ക് വിധേയരായവരാണ് ഇതിന് പിന്നിലെന്നാണ് ഔദ്യോഗിക നേതൃത്വം പറയുന്നത്.
ഇതിന്റെ പേരിൽ നേരത്തേ സ്വീകരിച്ച നടപടി ലോക്സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മരവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൂടിയ ഗ്രാമസഭയിൽ നടപടിക്ക് വിധേയരായവർ വാർഡിലെ വിഷയങ്ങൾ ഉന്നയിച്ചത് വീണ്ടും നീരസത്തിന് കാരണമായി. ഇതേതുടർന്ന് രണ്ടാഴ്ച മുമ്പ് കൂടിയ ലോക്കൽ കമ്മിറ്റി ഇവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിലാണ് ഇതിന് അംഗീകാരം നൽകിയത്.
നേതാക്കളെല്ലാം പോയതിന് ശേഷം ജില്ല സെക്രട്ടറി മാത്രം അവശേഷിച്ചപ്പോൾ അവസാന അജണ്ടയായി നടപടി തിരുകിക്കയറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം. സെപ്റ്റംബറിൽ സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ അഭിപ്രായങ്ങൾ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് പുറത്തായവർ പറയുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഒഴിവാക്കാൻ നിർദേശിച്ച നടപടി ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടപ്പാക്കിയതിലൂടെ ഗ്രൂപ്പ് സമവാക്യം സംബന്ധിച്ച ചർച്ചയും ഉയരുകയാണ്. ഇതോടൊപ്പം ആലുംമൂട് ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്രനെതിരെയുള്ള അച്ചടക്ക നടപടിയും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ യോഗത്തിൽനിന്ന് രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇറങ്ങി പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.