നന്മ വിതറുന്ന പ്രവർത്തനങ്ങളുമായി 'സൻമ'
text_fieldsകായംകുളം: ലോക്ഡൗണിൻെറ വിരസതയിലെ ചർച്ചകളിൽനിന്ന് രൂപംകൊണ്ട സൻമയുടെ നന്മ വിതറുന്ന പ്രവർത്തനങ്ങൾ വേറിട്ടതാകുന്നു. മാലിന്യ കേന്ദ്രങ്ങൾ സുഗന്ധപൂരിതമാക്കുന്ന പദ്ധതികൾ നടപ്പാക്കിയാണ് കോവിഡ് കാലത്തെ ഒരുപറ്റം നന്മ മനസുകൾ നേരിടുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പൊതു ഇടങ്ങളും പൊതുകിണറുകളും പരിസരങ്ങളുമാണ് പൂന്തോട്ടവും കലാശിൽപവുമാക്കി മാറ്റുന്നത്. കരീലക്കുളങ്ങരയിലെ കിണറും പരിസരവുമാണ് രണ്ടാമത്തെ പദ്ധതിയിൽ മനോഹരമാക്കിയത്. എൻ.ആർ.പി.എം സ്കൂളിെൻറ പരിസരത്തുനിന്നാണ് ഇവരുടെ പ്രവർത്തനം തുടങ്ങിയത്.
മാലിന്യം നിറഞ്ഞ സ്ഥലങ്ങളിൽ റോസയും ജമന്തിയും വളർത്തി സുഗന്ധം പരത്തുകയാണ് ഇവർ. പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് പ്രവർത്തന വിജയത്തിന് കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു. കരീലക്കുളങ്ങരയിലെ അവഗണനയിലായ കിണർ പെയിൻറ് ചെയ്ത് ചുറ്റും വിദ്യാഭ്യാസ മഹത്വം വിളിച്ചോതുന്ന ചിത്രങ്ങൾ വരച്ച് കലാശിൽപമായും മാറ്റി. പത്തിയൂർ പഞ്ചായത്തിെൻറ സഹകരണത്തോടെയുള്ള പദ്ധതി യു. പ്രതിഭ എം.എൽ.എയാണ് നാടിന് സമർപ്പിച്ചത്. ഏപ്രിലിലാണ് കീരിക്കാട് തെക്ക് കേന്ദ്രമാക്കി സൻമ രൂപംകൊണ്ടത്.
നിർധനർക്കായി വീട് നിർമാണം, അറ്റകുറ്റപ്പണി എന്നിവ ഏറ്റെടുത്ത് നടത്താൻ സേവന തൽപരരായ പ്രഫഷനലുകളുടെ സംഘവും ഇവർക്കുണ്ട്. ചികിത്സ സഹായ വിതരണം, വിത്ത് പേന നിർമാണം, പേപ്പർ കവർ നിർമാണം, കിണർ റീച്ചാർജ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. തരിശുസ്ഥലത്തെ കൃഷിയോടെയായിരുന്നു തുടക്കം.
എറണാകുളം മഹാരാജാസ് കോളജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ. എം.എച്ച്. രമേശ്കുമാർ ആരംഭിച്ച സൻമയുടെ പ്രവർത്തനങ്ങൾക്ക് മഹാരാജാസ് കോളജ് ചരിത്ര വിഭാഗം അസി. പ്രഫ. ഡോ. എം.എച്ച്. രമേശ്കുമാർ പ്രസിഡൻറും പി.എസ്. ലാജി സെക്രട്ടറിയുമായ സമിതിയാണ് നേതൃത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.