കായംകുളത്തൊരു നവകേരള അറവുശാല വിവാദം
text_fieldsകായംകുളം: നഗരമധ്യത്തിൽ ഏറെ നാളായി പ്രവർത്തിക്കുന്ന അറവുശാലക്ക് അടച്ചുറപ്പില്ലെന്ന് നഗരസഭ ഉദ്യോഗസ്ഥർക്ക് മനസ്സിലായത് ‘നവകേരള സദസ്സിന്റെ’ പശ്ചാത്തലത്തിൽ മാത്രം. ഇപ്പോൾ പുലിവാൽ പിടിച്ച സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
നവകേരള സദസ്സ് വേദിയുടെ നൂറ് മീറ്റർ ദൂരത്താണ് ആധുനികമെന്ന് വിശേഷിപ്പിക്കുന്ന അറവുശാല. മൃഗങ്ങളുടെ തലയും മറ്റും ഇവിടെ പ്രദർശിപ്പിക്കുന്നത് കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ കാണുന്നത്. ഇറച്ചി മറവില്ലാതെ റോഡരികിൽ തൂക്കിയിട്ടിരിക്കുന്നു.
അറവുമാലിന്യങ്ങൾ കരിപ്പുഴ തോട്ടിലേക്കാണ് ഒഴുകി എത്തുന്നത്. ഇത് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെട്ടാലുള്ള സ്ഥിതിയാണ് നഗരത്തിലെ ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയത്. അറവുശാലക്ക് വിളിപ്പാട് വേദി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. കരിപ്പുഴ കനാലിൽ നിന്നുള്ള കാറ്റിൽ ദുർഗന്ധം മുഖ്യമന്ത്രിയുടെയും ആരോഗ്യ - തദ്ദേശ മന്ത്രിമാരുടെയും നേരെ തന്നെ അടിച്ചു വീശിയാലുള്ള അവസ്ഥ ഓർത്തിട്ട് ഉറക്കവും പോയിരിക്കുകയാണ്.
ഇതോടെ ഇറച്ചി മൂടിയിടണമെന്ന് കച്ചവടക്കാരെ രഹസ്യമായി അറിയിച്ചു. എന്നാൽ വാർത്ത നഗരമാകെ വ്യാപിച്ചതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. അറവുശാലയും അനുബന്ധ സ്റ്റാളുകളും അടച്ചിടണമെന്ന് ആരോഗ്യവിഭാഗം ഉത്തരവ് നൽകിയതായ വാർത്തകൾ വാസ്തവവിരുദ്ധമാണെന്നാണ് ചെയർപേഴ്സൺ പി. ശശികല പറയുന്നത്. നിലവിലെ അറവുശാല കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതിനാൽ മുന്നിൽ പ്രത്യേക തട്ട് നിർമിച്ച് മാംസം പ്രദർശിപ്പിക്കുന്ന രീതിയാണ് വ്യാപാരികൾ ചെയ്തുവരുന്നത്.
മാടുകളുടെ തലയുൾപ്പെടെ പ്രദർശിപ്പിക്കുന്നത് നിയമപരമല്ലാത്തതിനാൽ അത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്ന് ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനക്കിടെ ഉദ്യോഗസ്ഥർ നിർദേശിക്കുകയാണ് ചെയ്തതെന്നാണ് ചെയർപേഴ്സൺ പറയുന്നത്. നവകേരള സദസ്സിന്റെ പേരിൽ ഇറച്ചി കടകൾ അടപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് യു.ഡി.എഫ് കൺവീനർ എ.എം. കബീർ ആവശ്യപ്പെടുന്നത്. മുൻവശം പൂർണമായും മൂടണമെന്നും അല്ലാത്തപക്ഷം അന്നേദിവസം കച്ചവടം പാടില്ലെന്നുമാണ് പൊലീസ് നിർദേശിച്ചതെന്നാണ് യു.ഡി.എഫ് പറയുന്നത്. ഒരുപടികൂടി കടന്ന് ഹോട്ടലുകളും തട്ടുകടകളും അടക്കാൻ നിർദേശിച്ചതായും കുറ്റപ്പെടുത്തുന്നു. തങ്ങൾ ആ വഴിക്ക് പോയിട്ടുപോലുമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.