നഗരത്തിൽ തെരുവുനായകളുടെ വിളയാട്ടം: ഒമ്പത് പേർക്ക് കടിയേറ്റു
text_fieldsകായംകുളം : തെരുവുനായകൾ വിഹരിക്കുന്ന നഗരത്തിലെ പൊലീസ് സ്റ്റേഷന് മുന്നിൽ ജോലിയിലായിരുന്ന ഹോംഗാർഡ് അടക്കം നാല് പേർക്ക് നേരെ പേപ്പട്ടിയുടെ അക്രമണം. മറ്റ് ഭാഗങ്ങളിലായി നാല് പേർക്കും കടിയേറ്റു. സാരമായി പരിക്കേറ്റ കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റിലെ ഹോം ഗാർഡായ എസ്. രഘുവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ശ്രീകുമാർ (38), സ്മിത കുമാരി (56), കുഞ്ഞു മോൻ (51), സമീഷ് (28), അനന്തൻ (27), സജി തോമസ് (54), സമി (3) , രഘു (56) എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. കായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘുവിനെ ഇതുവഴി വന്ന നായ ആക്രമിക്കുകയായിരുന്നു. ഇടതു തുടയിലാണ് കടിയേറ്റത്. നിരവധി നായകൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
നഗര റോഡുകൾ സന്ധ്യ കഴിഞ്ഞാൽ നായകൾ കൈയ്യടക്കും. സംഘടിത നായക്കൂട്ടങ്ങൾ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് കടുത്ത ഭീഷണിയാണ്. പാതയോരങ്ങളിൽ ഭക്ഷണ മാലിന്യങ്ങൾ കുന്നു കൂടുന്നതാണ് നായകളെ ആകർഷിക്കുന്ന ഘടകം. നിയന്ത്രണത്തിനായി നടപടി സ്വീകരിക്കുന്നതിൽ അധികൃതരും വീഴ്ച വരുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.