സുഷമകുമാരിയുടെ അധ്വാനം പൂവിട്ടു; കണ്ണും മനസ്സും നിറച്ച് ബന്ദി
text_fieldsകായംകുളം: കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് സുഷമകുമാരി. ഓണക്കാലത്ത് കൃഷ്ണപുരം ഗ്രാമത്തിലാണ് ചുവപ്പും മഞ്ഞയും നിറമുള്ള ആയിരക്കണക്കിന് ബന്ദിപ്പൂക്കൾ വിരിഞ്ഞത്. മുൻ പഞ്ചായത്ത് മെംബർ കൂടിയാണ് ഈ വനിത കർഷക. ഭർത്താവ് ജയധരൻപിള്ളയുടെ പൂർണ പിന്തുണയോടെയാണ് പൂകൃഷി.
വീട്ടിൽനിന്ന് ഏറെ അകലെ കൃഷ്ണപുരം നാലാംവാർഡിൽ വിശ്വഭാരതി സ്കൂളിന് വടക്ക് ഭാഗത്തായി കാടുപിടിച്ച് കിടന്ന ഒരേക്കർ സ്ഥലത്ത് കൃഷിചെയ്യാൻ തീരുമാനിച്ചു. സഹായത്തിനായി സഹോദരൻ അജികുമാറിനെയും കൂടെ കൂട്ടി. കനത്ത മഴയിൽ വെള്ളം കെട്ടാതിരിക്കാൻ വാരം ഉയർത്തി നിർമിച്ച് ഷീറ്റ് പൊതിഞ്ഞാണ് ഹൈബ്രിഡ് ബന്ദി തൈകൾ നട്ടത്.
കൃഷ്ണപുരം കൃഷി ഓഫിസർ രേഷ്മ രമേശും മറ്റ് ജീവനക്കാരും പൂർണ പിന്തുണ നൽകിയതായി സുഷമകുമാരി പറഞ്ഞു. പഞ്ചായത്തിൽ ഇത്തരത്തിലൊരു തോട്ടം ആദ്യമാണ്. തൈകൾ എല്ലാംതന്നെ പൂവിട്ടതോടെ കൃഷ്ണപുരം ഗ്രാമത്തിനിത് പുതുമനിറഞ്ഞ മനോഹര കാഴ്ചയായി. വാർഡ് മെംബർ പാറയിൽ രാധാകൃഷ്ണൻ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിരവധിപേരാണ് തോട്ടം സന്ദർശിക്കാനും പൂക്കൾ വാങ്ങാനും ദിനംപ്രതി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.