ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി കവർച്ച; പ്രതികൾ അറസ്റ്റിൽ
text_fieldsകായംകുളം: ദേശീയപാതയിൽ പട്ടാപ്പകൽ കാർ യാത്രികരെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. വയലിൽ കുഴിച്ചിട്ടിരുന്ന പണവും കണ്ടെടുത്തു. ഒന്നാം പ്രതി പത്തിയൂർ വടക്ക് കൃഷ്ണനിവാസിൽ അഖിൽ കൃഷ്ണ (26), എരുവ ചെറുകാവിൽ തറയിൽ ശ്യാം (30), എരുവ മാവിലേത്ത് ശ്രീരംഗത്തിൽ അശ്വിൻ (26) എന്നിവരാണ് പിടിയിലായത്.
മൂന്നാം പ്രതി ചിറക്കടവം വിജയഭവനത്തിൽ മിഥുൻ (26) സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റിലായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊറ്റുകുളങ്ങര കിഴക്കയ്യത്ത് ഷാജഹാൻ (55), ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരൻ പൊന്നാറയിൽ മുഹമ്മദ് റാഫി (41), ഒറകാറശ്ശേരിൽ സലീമിെൻറ ഭാര്യ മൈമൂനത്ത് (48) എന്നിവരെയാണ് ആക്രമിച്ച് 9,85,000 തട്ടിയെടുത്തത്. കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്ഷനിൽ 27ന് വൈകിട്ട് 3.30 ഒാടെയായിരുന്നു സംഭവം.
വടിവാളും കമ്പിവടിയും കൊണ്ടുള്ള അക്രമത്തിൽ ഷാജഹാനും റാഫിക്കും സാരമായി പരിക്കേറ്റിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിയെടുത്ത പണത്തിൽനിന്ന് എട്ട് ലക്ഷം പത്തിയൂർ പുഞ്ചയിൽ കുഴിച്ചിട്ടതായി അറിഞ്ഞത്. പൊലീസ് സ്ഥലം പരിശോധിച്ച് പണം കണ്ടെടുക്കുകയായിരുന്നു. ബാക്കി തുക പിടിയിലാകാനുള്ള പ്രതി റിജൂസിെൻറ കൈവശമാണെന്നാണ് പ്രതികളുടെ മൊഴി.
ഇയാൾ അടക്കമുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മുഹമദ് റാഫിയുടെ ബന്ധു അഹമ്മദ്ഖാൻ പ്രതികളായ ശ്യാം, അശ്വിൻ, റിജൂസ് എന്നിവരെ ഗൾഫിൽ കൊണ്ടുപോയി ബിസിനസ് പങ്കാളികളാക്കിയിരുന്നു. ഇവിടെ വച്ച് ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് എല്ലാവരും നാട്ടിലേക്ക് മടങ്ങിയെങ്കിലും അഹമ്മദ്ഖാന് ബിസിനസിൽ നിന്നുള്ള ലാഭവിഹിതം ലഭിക്കുന്നതായി മനസ്സിലായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. വസ്തു വാങ്ങാൻ അഹമ്മദ്ഖാൻ പണവുമായി എത്തുമെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് കാറിൽ പിന്തുടർന്ന് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.