കുട്ടിയുടെ ദേഹത്ത് സൂചി കയറിയ സംഭവം; കായംകുളത്ത് ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsകായംകുളം: താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയ കുട്ടിയുടെ ദേഹത്ത് സൂചി കുത്തി കയറിയ സംഭവത്തിൽ ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. ഒമ്പത് പേരെയാണ് വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയത്. ഏഴ് സ്റ്റാഫ് നഴ്സുമാരിൽ ഒരാളെ ജില്ല ജനറൽ ആശുപത്രിയിലേക്കും നാല് പേരെ മാവേലിക്കര ജില്ല ആശുപത്രിയിലേക്കും രണ്ട് പേരെ ഹരിപ്പാട് ജില്ല ആശുപത്രിയിലേക്കും മാറ്റി.
ഒരു നഴ്സിങ് അസിസ്റ്റന്റിനെ ജനറൽ ആശുപത്രിയിലേക്കും ഒരാളെ ആലപ്പുഴ വനിത ശിശു വിഭാഗത്തിലേക്കും മാറ്റിയിട്ടുണ്ട്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ജില്ല മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലുള്ള നടപടിയാണ് നടപ്പാക്കിയത്. മറ്റ് ചിലർക്ക് എതിരെയുള്ള നടപടിക്ക് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ശിപാർശ ചെയ്തതായും സൂചനയുണ്ട്.
കൂടാതെ മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച ജീവനക്കാർക്കെതിരെയും നടപടി ഉണ്ടായേക്കും. ജില്ല മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാർക്ക് വീഴ്ചവന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാസമാണ് ഏഴ് വയസ്സുകാരന്റെ ദേഹത്ത് ജീവനക്കാരുടെ അശ്രദ്ധയിൽ സൂചി തുളച്ചുകയറിയത്.
തൊണ്ടി മുതലായ സൂചി നശിപ്പിച്ചത് മുതൽ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ വരെ ആശുപത്രി സൂപ്രണ്ടിനും ഡ്യൂട്ടി ഡോക്ടർക്കും വീഴ്ച സംഭവിച്ചതായ ആക്ഷേപം നിലനിൽക്കുന്നുണ്ട്. സംഭവ ദിവസം ജോലിയിൽ ഇല്ലാതിരുന്നവരെ ബലിയാടാക്കിയെന്ന ആക്ഷേപവും ഉയരുകയാണ്. ചികിത്സ തേടി എത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോളാണ് ഉപയോഗിച്ച സൂചി ശരീരത്ത് തുളച്ച് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.