നമ്പർ മറച്ച സ്കൂട്ടറിൽ വന്ന്മാല കവർന്നയാളെ പൊലീസ് കുടുക്കി
text_fieldsകായംകുളം: കോട്ടയത്തുനിന്ന് കായംകുളത്ത് എത്തി സ്വർണ മാല പൊട്ടിച്ച് മുങ്ങിയയാളെ വിദഗ്ധ അന്വേഷണത്തിലൂടെ പൊലീസ് കുടുക്കി. കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്പ് വീട്ടിൽ തോമസ് കുര്യാക്കോസാണ് (പപ്പൻ -45) പിടിയിലായത്. മേയ് ഏഴിന് കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിൽ വന്ന സ്ത്രീയുടെ മൂന്നര പവന്‍റെ മാല അപഹരിച്ച കേസിലാണ് പിടിയിലായത്. നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ വന്ന് മാല പൊട്ടിച്ചത് തുടക്കത്തിൽ മോഷ്ടാവിനെ തിരിച്ചറിയാൻ തടസ്സമായി.
ഇതോടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചു. കായംകുളം മുതൽ എറണാകുളം വരെയും കായംകുളത്തുനിന്ന് ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിച്ചത്. സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളവരെ കേന്ദ്രീകരിച്ചപ്പോൾ നിർണായക വിവരം ലഭ്യമായി.
കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് വിൽപന അടക്കം 22ഓളം കേസുകളിൽ പ്രതിയാണ് തോമസ് കുര്യാക്കോസ്. ഇതോടെ മോഷ്ടാവിന്‍റെ വീടിന് സമീപം നിരീക്ഷണം കർശനമാക്കി. പൊലീസുകാർ വീടിന് സമീപം രണ്ടുദിവസം കാത്തിരുന്നാണ് ആക്രമണകാരിയായ പ്രതിയെ തന്ത്രപരമായി കുടുക്കിയത്.
ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഉദയകുമാർ, പൊലീസുകാരായ ബിനുമോൻ, ലിമു മാത്യു, സബീഷ്, ജയലക്ഷ്മി, വിഷ്ണു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.